തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിയായ അമ്മുവിന്റെ മരണത്തിന് പിന്നിൽ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണെന്ന് കുടുംബം. സഹപാഠികളായ മൂന്ന് പേർ അകാരണമായി അമ്മുവിനെ ശല്ല്യപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറയുന്നു.
ആലപ്പുഴ മെഡിക്കൽ കോളജിൽ ഗൈനക് പ്രാക്ടിസിനു പോയ സമയത്ത് സാഹപാഠികളായ മൂന്ന് പെൺകുട്ടികളും അമ്മുവുമായി നിസാര പ്രശ്നങ്ങളുടെ പേരിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പിന്നീട് മകളെ അവർ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു.
ടൂർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവർ ഭീഷണിയുമായെത്തി. കാണാതായ ലോഗ് ബുക്കിനായി അനുവാദമില്ലാതെ ബാഗ് പരിശോധിച്ചതും മകളെ ഏറെ തളർത്തി.
ശല്യം സഹിക്കാതെ ഒടുവിൽ ഹോസ്റ്റലിലെ മറ്റൊരു മുറിയിലേക്ക് മാറി. പ്രശ്നങ്ങൾ തുടർന്നതോടെ കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നതായും കുടുംബം പറഞ്ഞു.