തിരുവനന്തപുരം: മലയാള സിനിമയെ തകർത്തത് മമ്മൂട്ടിയും മോഹൻലാലും ചേരുന്ന താരാധിപത്യമെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി. സിനിമ ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പർ താരങ്ങളാണ് തീരുമാനിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു.
രാജ്യത്തെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും എന്നാൽ അവരല്ല സിനിമ വ്യവസായം ഭരിക്കേണ്ടത്. ഇന്ന് മലയാളത്തിൽ നിരവധി നായകന്മാരുണ്ട്.
അവരെത്തിയതോടെ താര മേധാവിത്വം തകർന്നു തുടങ്ങിയെന്നും ഇനി പവർ ഗ്രൂപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ നായകസ്ഥാനത്തെത്തുന്നത്. പിന്നീട് അദ്ദേഹം തന്‍റെ സിനിമയ്ക്ക് ഡേറ്റ് തന്നിട്ടില്ല.
പ്രേംനസീർ, സത്യന്‍, മധു എന്നിവർ തിളങ്ങി നിൽക്കുമ്പോഴാണ് താൻ മലയാള സിനിമയിലേക്ക് വരുന്നത്. മെഗാ സ്റ്റാർ, സൂപ്പർ സ്റ്റാർ എന്നീ പേരുകൾ പണ്ടില്ലായിരുന്നു. മമ്മൂട്ടിയും മോഹൻലാലും വന്നതിന് ശേഷമാണ് താര പദവികൾ ഉണ്ടായത്. രണ്ടു പേരും താനുൾപ്പെടെയുള്ള പഴയകാല നിർമാതാക്കളെ ഒതുക്കി. നായകനായിരുന്ന രതീഷിനെ വില്ലൻ സ്ഥാനത്തേക്ക് മാറ്റിയിട്ടാണ് മുന്നേറ്റത്തിൽ മമ്മൂട്ടിയെ നായകനാക്കിയത്. അതുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല. ഒരു സിനിമയിൽ പാട്ടെഴുതുന്നതിൽ നിന്ന് പോലും തന്നെ വിലക്കാൻ അദ്ദേഹം ശ്രമിച്ചു. കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.