പെരുമ്പാവൂർ: കേരളത്തിൽ ഹോക്കിയുടെ പ്രചരണത്തിനായി ജനശ്രദ്ധയാകർഷിച്ചുകൊണ്ട് വ്യത്യസ്തമായൊരു പരിപാടി സംഘടിപ്പിയ്ക്കാനൊരുങ്ങുകയാണ് ബാർബർ തൊഴിലാളിയും കായികതാരവുമായ വെങ്ങോല സ്വദേശി ശ്രീരാജ്.
വർഷങ്ങളായി പെരുമ്പാവൂർ അല്ലപ്രയിൽ കെ. എൽ. ഫോർട്ടി അരോമ ജെന്റ്സ് ബ്യൂട്ടി പാർലർ എന്ന സ്ഥാപനം നടത്തുകയാണിദ്ദേഹം. ഇന്ത്യൻ ഹോക്കിയുടെ അഭിമാനമായ ഒളിമ്പ്യൻ പി. ആർ. ശ്രീജേഷിന്റെ പേരിലൂടെ അത് സാധിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ശ്രീരാജ്.
കേരളത്തിലെവിടെയുമുള്ള ശ്രീജേഷ് എന്നു പേരുള്ളവർക്ക് ശ്രീരാജിന്റെ അരോമ ജെന്റ്സ് ബ്യൂട്ടി പാർലറിലേയ്ക്ക് കടന്നുവരാം. തികച്ചും സൗജന്യമായി ശ്രീരാജ് അവർക്ക് മുടിവെട്ടി നൽകാൻ തയ്യാറായിരിക്കുകയാണ്.
പാരിസ് ഒളിമ്പിക്സിലൂടെ ഹോക്കിയിൽ രണ്ടാം തവണയും വെങ്കലം നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ഒളിമ്പ്യൻ പി. ആർ. ശ്രീജേഷിനോടുള്ള കടുത്ത ആരാധന പ്രകടിപ്പിച്ചുകൊണ്ടാണ് ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 12 വരെ ശ്രീരാജിന്റെ സൗജന്യ മുടിവെട്ടൽ.
അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിച്ചവേളയിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ പതിനാറാം നമ്പർ ജേഴ്‌സി തന്റെ സ്വന്തമാക്കി മാറ്റിയ കായികപ്രതിഭയോടുള്ള സ്നേഹമറിയിച്ചുകൊണ്ടാണ് 16 ദിവസങ്ങൾ ഇതിനായി തിരഞ്ഞെടുത്തത്.
സ്ഥാപനം പ്രവർത്തിയ്ക്കുന്ന രാവിലെ 9 മുതൽ രാത്രി 9 വരെയുള്ള സമയത്ത് എത്ര ശ്രീജേഷുമാർ വന്നാലും മുടിവെട്ടാൻ ശ്രീരാജ് തയ്യാർ. വരുന്നവർ പേരു തെളിയിക്കുന്ന ഏതെങ്കിലും ഒരു ഔദ്യോഗിക രേഖ കയ്യിൽ കരുതണമെന്നുമാത്രം.
2020-ലെ ടോക്കിയോ ഒളിമ്പിക്സിൽ ശ്രീജേഷിന് വെങ്കലമെഡൽ ലഭിച്ചവേളയിലും ശ്രീരാജ് ശ്രീജേഷുമാർക്കായി സൗജന്യ മുടിവെട്ടൽ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു. മാധ്യമവാർത്തകളിലൂടെ അന്ന് എട്ടുപേരാണെത്തിയത്.
കേരളത്തിന്റെ പലയിടങ്ങളിൽ നിന്നും അന്ന് നിരവധി ശ്രീജേഷുമാർ സന്തോഷം പങ്കിടാനായി വിളിച്ചു. വാർത്തയെത്തുടർന്ന് ശ്രീരാജുമായി സൗഹൃദത്തിലായ ഒളിമ്പ്യൻ രണ്ടു പ്രാവശ്യമാണ് ശ്രീരാജിന്റെ കടയിലേയ്ക്കെത്തിയത്.
ദേശീയ, അന്തർദ്ദേശീയ വെറ്ററൻ അത്‌ലറ്റിക് മീറ്റുകളിലൂടെ കേരളത്തിനുവേണ്ടി മെഡൽ നേടിയ താരം കൂടിയായ ശ്രീരാജിന്റെ കായികമേഖലയ്ക്കുവേണ്ടിയുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചും എല്ലാവിധ പിന്തുണയുമേകിയായിരുന്നു മടക്കം.
ശ്രീജേഷ് എന്ന കായികപ്രതിഭയെ മാതൃകയാക്കി കൂടുതൽ ചെറുപ്പക്കാരെ ഹോക്കിയിലേയ്ക്ക് ആകർഷിയ്ക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് ഇത്തരമൊരു പ്രചരണപരിപാടി വീണ്ടും സംഘടിപ്പിയ്ക്കുന്നതെന്ന് ശ്രീരാജ് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വ്യക്തിപരമായി ശ്രീജേഷിനെ അല്ലപ്രയിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിലാണ് വെങ്ങോല ബഥനിപ്പടി മാലിക്കാലയിൽ രാജപ്പന്റെയും ചന്ദ്രികയുടെയും മകനായ ശ്രീരാജ്. ബി. ഫാമിനു പഠിക്കുന്ന ശ്രീജയാണ് ഭാര്യ. ഏകമകൻ ശ്രീപാർത്ഥ്.