Advertisment

'തള്ളിപ്പറഞ്ഞിട്ട് മാത്രം കാര്യമില്ല, നടപടി വേണം' ! ഉമര്‍ ഫൈസിയോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ മുസ്ലിം ലീഗ്; ഫൈസിയെ 'ചേര്‍ത്തുപിടിച്ച്' സമസ്ത മുശാവറ അംഗങ്ങള്‍; ലീഗ്-സമസ്ത ഏറ്റുമുട്ടല്‍ പൊട്ടിത്തെറിയിലേക്ക്; പാണക്കാട് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തില്‍ സമസ്തയിലും ഭിന്നത

മുസ്ലിം ലീഗ് - സമസ്ത പോര് പുതിയ തലത്തിലേക്ക്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച നേതാവിനെ തളളിപ്പറഞ്ഞാൽ പോരാ നടപടി വേണമെന്ന ആവശ്യം കടുപ്പിച്ച ലീഗ് നേതൃത്വം വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ്

New Update
sayyid muhammad al jifri muthukoya thangal umar faizy mukkam panakkad sadikali shihab thangal

കോഴിക്കോട് : മുസ്ലിം ലീഗ് - സമസ്ത പോര് പുതിയ തലത്തിലേക്ക്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച നേതാവിനെ തളളിപ്പറഞ്ഞാൽ പോരാ നടപടി വേണമെന്ന ആവശ്യം കടുപ്പിച്ച ലീഗ് നേതൃത്വം വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ്.

Advertisment

എന്നാൽ  പാണക്കാട് തങ്ങളെ വിമർ‍ശിച്ച നേതാവ് ഉമർ ഫൈസി മുക്കത്തിനെ പിന്തുണച്ച് സമസ്ത  മുശാവറ അംഗങ്ങൾ രംഗത്ത് വന്നു. ഇതോടെ ലീഗും സമസ്തയും തമ്മിലുളള ഏറ്റുമുട്ടൽ പൊട്ടിത്തെറിയിലേക്ക് കടന്നിരിക്കുകയാണ്.


ലീഗ് അധ്യക്ഷനും ആത്മീയ നേതാവുമായ  പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ചത് ഗൗരവമായാണ് കാണുന്നതെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ഉമർ ഫൈസിയുടെ പരാമര്‍ശം സമസ്തയുടേതല്ലെന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഇക്കാര്യത്തിൽ കാര്യമായ ചർച്ചകൾ തുടരുന്നുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് നേതാവ് ഡോ. എം.കെ. മുനീറും രംഗത്തെത്തി. പാണക്കാട് തങ്ങളെ അപഹസിച്ച് സമസ്തയെ അപകീര്‍ത്തിപ്പെടുത്തിയ ഉമർ ഫൈസി മുക്കത്തിനെതിരെ  നടപടിവേണമെന്നാണ്  എം.കെ മുനീറിൻെറ നിലപാട്.

സര്‍വ്വരാലും ആദരിക്കപ്പെടുന്ന മൈത്രിയുടെ അംബാസിഡറായ പാണക്കാട്  സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിഹത്യ ചെയ്ത ഉമര്‍ ഫൈസി മുക്കം  സമസ്തയുടെ വേദി ദുരുപയോഗം ചെയ്തിരിക്കുകയാണ്. മുസ്ലിം  ലീഗിനോട് വിയോജിക്കുന്നതിനോ നേതാക്കളെ വിമര്‍ശിക്കുന്നതിനോ ആരും എതിരല്ല. എന്നാല്‍, സമസ്തയെന്ന മഹത്തായ സംഘടനയുടെ നയനിലപാടുകളെയും മാന്യതയെയും ചവറ്റുകൊട്ടിയിലെറിഞ്ഞ് പരസ്യമായി വെല്ലുവിളിച്ചതോടെ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന്  ഉമർ ഫൈസി മുക്കം സ്വയം തെളിയിച്ചിരിക്കുകയാണെന്നും മുനീർ വിമർശിച്ചു.


പാണക്കാട് തങ്ങൾക്കെതിരായ വിമർശനത്തെ തളളിപ്പറഞ്ഞെങ്കിലും ഉന്നയിച്ച കാര്യങ്ങൾ സംഘടനയുടെ അഭിപ്രായമാണെന്നതാണ് സമസ്ത മുശാവറ അംഗങ്ങളുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്.


 മത വിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തിൽ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്നാണ് മുശാവറ അംഗങ്ങളുടെ പ്രസ്താവനയിൽ പറയുന്നത്.

മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തി കൊടുക്കുക എന്നത് പണ്ഡിത ധർമമാണ്. സമസ്‌ത സെക്രെട്ടറി ഉമർ ഫൈസി മുക്കത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ദുഷ് പ്രചാരണങ്ങളും അദ്ദേഹത്തിനെതിരെ പൊലീസ് കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ലെന്നാണ് സമസ്താ മുശാവറ അംഗങ്ങളുടെ നിലപാട്.


സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെയും പ്രൊഫസർ ആലിക്കുട്ടി മുസലിയാരുടെയും അറിവോടെയാണോ മുശാവറ അംഗങ്ങളുടെ ഈ നിലപാടെന്നാണ് ലീഗ് നേതാക്കളുടെ ചോദ്യം.


സമസ്ത നേതൃത്വത്തിൻെറ അറിവോടെയാണെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഖാസിമാരുടെ കൂട്ടായ്മയായ ഖാസി ഫൗണ്ടേഷൻ രൂപീകരിച്ചതും എതിർപ്പ് അവഗണിച്ച് കോ-ഓർഡിനേഷൻ ഓഫ് ഇസ്ളാമിക് കോളേജസ് ( സി.ഐ.സി) ജനറൽ സെക്രട്ടറിയായി അബ്ദുൾ ഹക്കീം ആദൃശേരിയെ വീണ്ടും തിരഞ്ഞെടുത്തതുമാണ് പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെ തിരിയാൻ സമസ്ത നേതൃത്വത്തെ പ്രേരിപ്പിച്ചത്.

എന്നാൽ വിമർശനത്തിന് തിരഞ്ഞെടുത്ത സമയത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ലീഗ് നേതൃത്വം സംശയിക്കുന്നത്. മുശാവറ അംഗങ്ങളുടെ പ്രസ്താവനയിൽ സി.പി.എം ലീഗിനെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ കടന്നുകൂടിയത് യാദൃശ്ചികമല്ലെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.


കേരള മുസ്ലിങ്ങളിലെ സിംഹഭാഗത്തെ പ്രധിനിധികരിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശാക്തീകരണത്തെ തടയിടുന്നതിൽ സലഫി - ജമാഅത്ത് -തീവ്ര വാദ സംഘടനകൾ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നാണ് മുശാവറ അംഗങ്ങളുടെ പ്രസ്താവനയിലെ കുറ്റപ്പെടുത്തൽ.


ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ലീഗ് ബന്ധം സ്ഥാപിച്ചുവെന്ന സി.പി.എം ആരോപണത്തോട് മുശാവറ അംഗങ്ങളുടെ പ്രസ്താവന സമരസപ്പെടുന്നത് ഇതിൽ വ്യക്തമാണ്.

കഴിഞ്ഞ കാലങ്ങളിൽ സുന്നികളുമായുള്ള ആശയപരമായ  പോരാട്ടത്തിൽ  ദയനീയമായി പരാജയപ്പെട്ട ഇസ്ലാമിലെ പരിഷ്കരണ വാദികൾ എന്നറിയപ്പെടുന്ന ഈ വിഭാഗം സമസ്തയുടെ ഘടനാ പരമായ പ്രവർത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞു കയറുകയും ഇടപെടുകയും ചെയ്യുന്നതിൻ്റെ അനന്തര ഫലമാണ് സുന്നി പ്രാസ്ഥാനിക രംഗത്ത് ഇന്ന് നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് നിമിത്തമായിട്ടുള്ളത്.


പാണക്കാട് സാദിഖ് അലി തങ്ങൾക്ക് എതിരായ ഉമർ ഫൈസി മുക്കത്തിൻെറ  പരാമർശത്തിൽ സമസ്തക്ക് അകത്തും ഭിന്നത രൂക്ഷമായിട്ടുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻെറ നേതാവാണ് ഉമർ ഫൈസി മുക്കം.വിമർശനത്തിൽ തിരഞ്ഞെടുപ്പ് കാല രാഷ്ട്രീയം സംശയിക്കുന്ന സമസ്തയിലെ ലീഗ് അനുകൂലികൾ ഉമർ ഫൈസിക്കെതിരെ നിലപാട് എടുത്തുകഴിഞ്ഞു.


ഉമർ ഫൈസിക്ക് എതിരെ പരസ്യ നീക്കവുമായാണ് സമസ്തയിലെ ലീഗ് അനുകൂലികളുടെ പടപ്പുറപ്പാട്. ഇതിൻെറ ഭാഗമായി മലപ്പുറം എടവണ്ണപ്പാറയിലും കോഴിക്കോട്ടും വ്യാഴാഴ്ച പൊതു യോഗം വിളിച്ച് ഉമർ ഫൈസിക്ക്  മറുപടി പറയും.

അടുത്തുതന്നെ  പുനഃസംഘടിപ്പിക്കാൻ പോകുന്ന  സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ലക്ഷ്യം വെച്ചാണ് സി.പി.എം ലീഗിനെ രൂക്ഷമായി വിമർശിക്കുന്ന ഘട്ടത്തിൽ തന്നെ ഉമർ ഫൈസി പാണക്കാട് തങ്ങളെ വിമർശിച്ചതെന്നാണ് സമസ്തയിലെ ലീഗ് അനുകൂലികളുടെ ആക്ഷേപം.


ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്ന ലീഗ് നേതൃത്വത്തിൻെറ ആവശ്യത്തെ സമസ്തയിലെ ലീഗ് അനുകൂലികളും  പിന്തുണക്കുന്നുണ്ട്. ഉമർ ഫൈസി വിമർശനം ഉന്നയിച്ച എടവണ്ണപ്പാറയിൽ വെച്ച് തന്നെയാണ് ലീഗ് അനുകൂലികളുടെ നേതൃത്വത്തിൽ  സമസ്ത മേഖല കോഓർഡിനേഷൻ കമ്മിറ്റി ആദർശ സമ്മേളനം വിളിച്ചിരിക്കുന്നത്.


സമസ്ത നേതാക്കളായ അബ്ദു സമദ് പൂക്കോട്ടൂർ,  ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ സംസാരിക്കും. പാണക്കാട് തങ്ങളെ വിമർശിച്ച  ഉമർ ഫൈസിക്ക് നേതാക്കൾ അവിടെ വെച്ച്  മറുപടി പറയും. സുന്നി ആദർശ വേദിയുടെ പേരിൽ കോഴിക്കോട് സംഘടപ്പിക്കുന്ന  പ്രതിരോധ സംഗമത്തിന് പിന്നിലും സമസ്തയിലെ ലീഗ് അനുകൂലികളാണ്. ഉമർ ഫൈസിക്ക് മറുപടി നൽകുക തന്നെയാണ് ഈ യോഗത്തിൻെറ ലക്ഷ്യവും.

Advertisment