Advertisment

ഉമര്‍ ഫൈസിയുടെ വിമര്‍ശനത്തിന്‌ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിച്ച് ലീഗ്; സിപിഎമ്മിന്റെ കടന്നാക്രമണത്തിലെയും ഉമര്‍ ഫൈസിയുടെ വിമര്‍ശനത്തിലെയും 'ടൈമിംഗി'ലും ദുരൂഹത സംശയിച്ച് നേതൃത്വം; വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്നും വിലയിരുത്തല്‍, ഒടുവില്‍ ലീഗുമായുള്ള ബന്ധം വഷളാകാതിരിക്കാന്‍ സമസ്ത നേതൃത്വത്തിന്റെ ഇടപെടല്‍

പാണക്കാട് സാദിഖലി ശിഹാബ്  തങ്ങളെ പരസ്യമായി വിമർശിച്ച സംഘടന നേതാവ്  ഉമർ ഫൈസിയെ തള്ളി സമസ്ത നേതൃത്വം

New Update
Samastha muslim league

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ്  തങ്ങളെ പരസ്യമായി വിമർശിച്ച സംഘടന നേതാവ്  ഉമർ ഫൈസിയെ തള്ളി സമസ്ത നേതൃത്വം. ഉമർ ഫൈസി നടത്തിയ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ലെന്ന്  അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ അടക്കമുള്ള നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

Advertisment

സമസ്ത കേരള  ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്നവരും പ്രവർത്തകരും വിവാദ പ്രസ്താവനകളിൽ നിന്നും ആരോപണ പ്രത്യാരോപണങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.


ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈവിധ്യമാർന്ന പദ്ധതികളുമായി നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന സന്ദർഭത്തിൽ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാവരിൽ  നിന്നും ഉണ്ടാവേണ്ടത്.

 പരസ്പരം ഐക്യത്തിനും സൗഹാർദത്തിനും ഭംഗം വരുത്തുന്ന വിധം പൊതു വേദികളിലും സാമൂഹ്യ മാധ്യമങ്ങളിലും വിവാദ പരാമർശങ്ങൾ നടത്തുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്. പ്രശ്ന പരിഹാരങ്ങൾക്ക് വേണ്ടി ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ശ്രമങ്ങൾ നടത്തുന്നതിനിടയിൽ വിവാദ നിയമനങ്ങളോ പ്രസ്താവനകളോ ആരിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്തതാണെന്നും നേതാക്കൾ പറഞ്ഞു.


 അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവർ സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് സമസ്ത നിലപാട് വ്യക്തമാക്കിയത്.


 ഉമർ ഫൈസി മുക്കം പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ നടത്തിയ വിമർശനത്തോട് മുസ്ലിം ലീഗ് നേതൃത്വവും രൂക്ഷമായി പ്രതികരിച്ചിരുന്നു. ഖാസി ഫൗണ്ടേഷൻ രൂപീകരണം ചൂണ്ടിക്കാട്ടിയാണ് ഉമർ ഫൈസി മുക്കം പാണക്കാട് തങ്ങളെ വിമർശിച്ചതെങ്കിലും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് ലീഗ് നേതൃത്വത്തിന് സംശയമുണ്ട്

അതാണ് സമസ്താ വിഷയങ്ങളിൽ മൃദു സമീപനം സ്വീകരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ഉമർ ഫൈസിക്ക് മറുപടിയുമായി പൊടുന്നനെ
രംഗത്തിറങ്ങാൻ കാരണം.


 സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ നേതാവായാണ് മുശാവറ അംഗം ഉമർ ഫൈസി മുക്കം അറിയപ്പെടുന്നത്. ലീഗ് വിരോധത്തിന്റെ അടിസ്ഥാനത്തിലാണ് ആത്മീയ നേതൃത്വം കൂടിയായ പാണക്കാട് സാദിഖലി തങ്ങളെ വിമർശിക്കാൻ തയ്യാറായത് എന്നാണ് പാർട്ടി നേതാക്കളുടെ സംശയം.


 പാണക്കാട് തങ്ങളുടെ ആത്മീയ നേതൃസ്ഥാനത്തെ ചോദ്യംചെയ്യാൻ സമസ്താ നേതാവ് ഒരുമ്പെട്ടത് ലീഗ്  നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ലീഗ്   ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ  മറുപടിയിൽ അത് വ്യക്തമാണ്. 
 

"ഉമർ ഫൈസി മുക്കം നടത്തിയത് അപഹാസ്യമായ പ്രസ്താവനയാണ്. പാണക്കാട്
തങ്ങളെ വിമർശിക്കുക, പാണക്കാട് കുടുംബത്തെ അപമാനിക്കുക എന്നതിലൂടെ മുസ്ലിം ലീഗിനെ തകർക്കാനാണ് ചില രാഷ്ട്രീയക്കാരുടെ ശ്രമം.

ചിലരെ അധികാരത്തിന്റെ അപ്പകഷ്ണങ്ങൾ നൽകി അവരുടെ വരുതിയിലാക്കി.
ഇത്തരം ചില പരാമർശങ്ങൾ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തും നമ്മൾ കണ്ടതാണ്. സാദിഖ് അലി തങ്ങളെ ഖാസിയായി തെരഞ്ഞെടുത്തത് ജനങ്ങളാണ്.
ആരും തങ്ങളെ അത് അടിച്ചു ഏൽപ്പിച്ചതല്ല. ഇത്തരം ശ്രമങ്ങൾ കണ്ടില്ല, കേട്ടില്ല എന്ന് നടിക്കാൻ ആവില്ല. മുസ്ലിം ലീഗ് പ്രവർത്തകർ നോക്കി നിൽക്കും എന്ന് ആരും കരുതണ്ട. ഗ്രഹണ സമയത്ത് ഞാഞ്ഞൂലിനും വിഷം വെയ്ക്കും. ഉമർ ഫൈസി മുക്കം സമസ്തയിലെ കള്ള നാണയമാണ് " പി.എം.എ സലാം തുറന്നടിച്ചു.


സി.പി.എമ്മിൽ നിന്ന് പാർട്ടി രാഷ്ട്രീയമായി രൂക്ഷ വിമർശനം നേരിടുന്നതിനിടയിൽ  സമസ്ത നേതാവ് വിമർശനവുമായി വന്നതാണ് ലീഗും സമസ്തയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയത്.


 ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ ബന്ധം ആരോപിച്ച് സി.പി.എം ലീഗിനെ കടന്നാക്രമിക്കുമ്പോൾ സ്വന്തം പാളയത്തിലുള്ള സമസ്തയുമായും ആക്രമിക്കാൻ ഇറങ്ങിയതാണ് ബന്ധം ഉലയുന്നതിന് കാരണമായി മാറിയത്.

ലീഗിന് പിന്നിൽ  അണിനിരന്നിരിക്കുന്ന ജനസഞ്ചയത്തിൽ ഭൂരിപക്ഷത്തെയും സംഭാവന ചെയ്യുന്നത് സമസ്തയാണ്. പാർട്ടിയുടെ അടിസ്ഥാന വിഭാഗം എന്നനിലയിൽ സമസ്തയുമായുടെ  വിമർശനം  പാർട്ടിയെ രാഷ്ട്രീയമായി ദുർബലമാക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്ന് സംശയമുണ്ട്.


 പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരത്തിലും ഏക സിവിൽ കോഡ് വിഷയത്തിലും സമസ്തയെ ഒപ്പം കൂട്ടി സി.പി.എം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ലീഗ് സി.പി.എമ്മിൽ നിന്ന് വിമർശനം നേരിടുന്ന ഘട്ടത്തിൽ തന്നെ സമസ്ത നേതൃത്വം പാർട്ടിയെ വിമർശിച്ച് രംഗത്ത് എത്തുന്നത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണോ എന്ന് സംശയമുയർന്നിട്ടുണ്ട്.


 വഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിട്ടപ്പോൾ സമസ്തയുടെ ആവശ്യം പരിഗണിച്ച് സർക്കാർ, തീരുമാനം പിൻവലിച്ചിരുന്നു. ഇത്തരത്തിൽ സമസ്തയുമായി നല്ല ബന്ധമാണ് സി.പി.എമ്മിനുള്ളത്. സമസ്ത നേതൃത്വത്തിലെ ചിലർ സി.പി.എമ്മിനോട് ഏറെ അടുപ്പം പുലർത്തുന്നുമുണ്ട്.

ഇപ്പോൾ പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖ് അലി തങ്ങളെ തന്നെ വിമർശിക്കാൻ സമസ്താ നേതൃത്വം തയ്യാറായത് ഈ ബന്ധത്തിൻറെ ഭാഗമാണോയെന്ന് കരുതുന്നവരും  ലീഗ് നേതൃത്വത്തിലുണ്ട്.  

ലീഗ് അധ്യക്ഷൻ എന്നതിലുപരി ആത്മീയ നേതാവ് എന്ന പരിഗണനയും പാണക്കാട് കുടുംബത്തിൽ നിന്നുള്ളവർക്ക് സമസ്തയും സമുദായ അംഗങ്ങളും നൽകാറുണ്ട്. അതിന് വിരുദ്ധമായ വിമർശനമാണ് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം നടത്തിയത്.  


മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ്  മൗലീദ് കോൺഫറൻസിലാണ്  ഉമർ ഫൈസി മുക്കം ലീഗ് നേതൃത്വത്തെ വിമർശിച്ചത്. ലീഗ് അധ്യക്ഷൻ മുൻകൈയെടുത്ത്‌ ഖാസിമാരുടെ കൂട്ടായ്മ രൂപീകരിച്ചതാണ്  സമസ്തയെ പ്രകോപിപ്പിച്ചിരിക്കുന്നത്.


 സമസ്ത എതിർത്ത അബ്ദുൾ ഹക്കിം ആദൃശേരിയെ സി.ഐ.സി ജനറൽ സെക്രട്ടറിയായി വീണ്ടും നിയമിച്ചതും സമസ്തയെ ചൊടിപ്പിച്ചിട്ടുണ്ട്. സമസ്തയുടെ എതിർപിനെ തുടർന്ന് അബ്ദുൾ ഹക്കിം ആദൃശേരിയെ നേരത്തെ സി.ഐ.സി തലപ്പത്ത് നിന്ന് മാറ്റിയിരുന്നു.

എതിർപ്പ് അവഗണിച്ച് അബ്ദുൾ ഹക്കീമിനെ വീണ്ടും അവരോധിച്ചത് തങ്ങളോടുള്ള വെല്ലുവിളിയായാണ് സമസ്ത  കാണുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിമർശനം സമസ്ത - മുസ്‌ലിം ലീഗ് ബന്ധം വീണ്ടും  പൊട്ടിത്തെറിയിലേക്ക് പോകുന്നുവെന്നതിൻ്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Advertisment