Advertisment

ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന തള്ളി സമസ്ത; ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും സംയുക്ത പ്രസ്താവനയിറക്കിയത് ലീഗിന്റെ പ്രതിഷേധത്തിന് പിന്നാലെ, ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ വിവാദ പ്രസ്താവനകളില്‍ നിന്ന് അകലം പാലിക്കണമെന്നും നേതാക്കളുടെ അഭ്യര്‍ത്ഥന; ഉമര്‍ ഫൈസിക്ക് വിനയായത്‌ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം

സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനയെ തള്ളി സമസ്ത

New Update
sayyid muhammad al jifri muthukoya thangal umar faizy mukkam panakkad sadikali shihab thangal

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനയെ തള്ളി സമസ്ത.

Advertisment

 ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.


 പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ച് ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിന് എതിരെ ലീഗ് നേതൃത്വം കടുത്ത പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് സമസ്ത നേതൃത്വം നിലപാട് വ്യക്തമാക്കിയത്. 


മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾക്ക് ഖാസിയാവാൻ യോഗ്യതയില്ലെന്നായിരുന്നു സമസ്ത മുശവാറ അംഗമായ ഉമർ ഫൈസി മുക്കത്തിന്റെ വിമർശനം.

ഇസ്‍ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാസിയായത് എന്നും പാണക്കാട് തങ്ങൾക്ക് പാണ്ഡിത്യമില്ലെന്നും രാഷ്ട്രീയ പിൻബലത്തിലാണ് എല്ലാം നടക്കുന്നത് എന്നുമായിരുന്നു വിമർശനം.


 ഇതിനെതിരെ ലീഗ് നേതൃത്വം ഒന്നടങ്കം പ്രതിഷേധിച്ച് പ്രതികരിക്കുകയും ചെയ്തു. ഈ ഒരു പശ്ചാത്തലത്തിലാണ്  ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത്.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരിക്കുന്നവരും പ്രവര്‍ത്തകരും വിവാദ പ്രസ്താവനകളില്‍ നിന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അഭ്യർഥിച്ചു.

ലീഗ് നേതൃത്വവുമായി സമസ്തയിലെ ചില നേതാക്കൾ ഇടയുന്നത് ഇരു സംഘടനയിൽ പെട്ടവരിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഈ ആശയക്കുഴപ്പം ഇടതുപക്ഷം മുതലെടുക്കുകയാണ് എന്നാണ് യുഡിഎഫ്‌ ഉയർത്തുന്ന ആക്ഷേപം.

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് പലപ്പോഴും ലീഗ് സമസ്ത ഭിന്നിപ്പ് ഉടലെടുക്കുന്നത്. അത് മനപ്പൂർവ്വമാകാം എന്ന വിലയിരുത്തലിലാണ് യുഡിഎഫ്‌  നേതൃത്വം. അതുകൊണ്ടു തന്നെ
 ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്നവരെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

Advertisment