പത്തനംതിട്ട: ശബരിമലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തിലും തീര്‍ഥാടകരുടെ എണ്ണത്തിലും വന്‍ വര്‍ധന. മണ്ഡലകാലം ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് കോടിയോളം രൂപയുടെ അധിക വരുമാനം ലഭിച്ചുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അനൗദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്.
തീര്‍ഥാടകരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ് ഈ സീസണില്‍ ശബരിമലയില്‍ എത്തിയത്.
വൃശ്ചികം ഒന്ന് മുതല്‍ അഞ്ച് ദിവസത്തില്‍ 3,17,923 പേര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം ഇത് രണ്ട് ലക്ഷത്തോളമായിരുന്നു.
ദിവസം 18 മണിക്കൂറാണ് ദര്‍ശന സമയം. പതിനെട്ടാം പടിയില്‍ ഒരു മിനിറ്റില്‍ 80 തീര്‍ഥാടകരെയാണ് കയറ്റി വിടുന്നത്. ഒരേ സമയം 15 ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്.
15 മിനിറ്റ് ജോലി അര മണിക്കൂര്‍ വിശ്രമം എന്ന തരത്തിലാണ് പതിനെട്ടാം പടിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്.