ചേലക്കര: 'ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വേണം, ചേലക്കരയില്‍ പ്രൊഫണല്‍ കോഴ്‌സ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ തന്നെ തൊഴില്‍ചെയ്യാന്‍ സാധിക്കണം, ജനിച്ച് വളര്‍ന്ന നാട്ടില്‍ മാന്യമായ ശമ്പളത്തില്‍ ജോലിയെടുക്കാന്‍ അവസരങ്ങളൊരുക്കണം' ചേലക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനോട് വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ച സ്വപ്‌നങ്ങളും ആശങ്കകളുമാണ് ഇവ.
ചേലക്കര ഐ.എച്ച.ആര്‍.ഡി പാമ്പാടി നെഹ്‌റുകോളേജ് എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തിയത്. അല്പസമയം വിദ്യാര്‍ത്ഥികളുമായി സംവേദിച്ച സ്ഥാനാര്‍ത്ഥിയോട് നിരവധി പ്രശ്‌നങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചത്. ആശങ്കയും പരാതികളും സസൂക്ഷ്മം കേട്ട സ്ഥാനാര്‍ത്ഥി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നറിയിച്ചാണ് മടങ്ങിയത്.
പിണറായി സര്‍ക്കാറും മോദിസര്‍ക്കാരും വിദ്യാര്‍ത്ഥികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ വലിയ പരാജയമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും ജോലിയും തേടി യുവതി-യുവാക്കള്‍ നാട് വിടുന്ന സാഹചര്യം ഏറെ വേദനാജനകമാണെന്ന് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ് പറഞ്ഞു.
രാവിലെ കൊണ്ടാഴി തേക്കിന്‍കാട് കോളനി, ഒലിച്ചി കോളനി,മേലേകുളമ്പ് കോളനി, ഒന്നാം കല്ല്,പ്ലാപ്പടം കോളനി, മേലേകുളമ്പ് കോളനി, വീട്ടിക്കുന്ന് കോളനി എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ഇതിനിടെ പ്രശസ്ത സിനിമാ സംവിധായകനായ ലാല്‍ജോസുമായി സൗഹൃദം പുതുക്കി. ഇതിന് ശേഷം പഴയന്നൂര്‍ പഞ്ചായത്തിലെ ഐ.എച്ച്.ആര്‍.ഡി. കോളേജിലും തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി നെഹ്‌റു കോളേജിലും സന്ദര്‍ശനം നടത്തി. തിരുവില്വമല ആക്കപ്പറമ്പ് മാരിയമ്മന്‍ കോവിലിലും സമീപ പ്രദേശങ്ങളിലും വോട്ടഭ്യര്‍ത്ഥനയുമായി രമ്യഹരിദാസ് എത്തി.
കേരളത്തിന്റെ കസവ് നെയ്ത്ത് കേന്ദ്രത്തിന്റെ ഈറ്റില്ലമായ കുത്താമ്പുള്ളിയിലെത്തി തൊഴിലാളികളോടും പ്രദേശവാസികളുമായും ചര്‍ച്ചകള്‍ നടത്തി. വോട്ടഭ്യര്‍ത്ഥനക്ക് മുമ്പ് തന്നെ അവരുടെ വോട്ടുകള്‍ രമ്യഹരിദാസിനായി ഉറപ്പിച്ചതായി അവര്‍ പറഞ്ഞു.
യു.ഡി.എഫ്. ഇത്തവണ ജയിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശവാസികള്‍ മുന്‍കൈയ്യെടുക്കുമെന്ന് അവര്‍ സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെ അറിയിച്ചു.
സ്ഥാനാര്‍ത്ഥിയുമായി സൗഹൃദം പുതുക്കിയ പ്രദേശവാസികള്‍ക്ക് നാടിന്റെ വ്യവസായ മുഖമായ കുത്താമ്പുള്ളിയെ അന്തരാഷ്ട്രതലത്തില്‍ ടൂറിസം സര്‍ക്യൂട്ടായി ഉയര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യവും പങ്കുവെച്ചു.