തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ നിർദ്ദേശത്തിന് വഴങ്ങി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സ്വതന്ത്ര എം.എൽ.എ പി.വി.അൻവർ എം.എൽ.എ സർക്കാരിനും സി.പി.എമ്മിനും കൊടുത്തിരിക്കുന്നത് എട്ടിൻെറ പണി. പരസ്യ പ്രതികരണങ്ങളിൽ നിന്ന് താൽക്കാലിക പിന്മാറ്റം പ്രഖ്യാപിച്ച് കൊണ്ടുളള ഫേസ്ബുക്ക് പോസ്റ്റിലും സർക്കാരിനെ പെടുത്തുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തിയാണ് അൻവർ പണികൊടുക്കുന്നത്.
പൊലീസിലെ ഉന്നതർക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർക്കും എതിരെ ഉന്നയിച്ച പരാതികളിൽ സർക്കാർ പല അടിയന്തര നടപടികളും സ്വീകരിച്ചതിൽ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണെന്ന പോസ്റ്റിലെ പരാമർശത്തിൽ അത്തരമൊരു പണി ഒളിഞ്ഞിരിപ്പുണ്ട്.
തൊട്ട് പിന്നാലെയുളള വാചകത്തിൽ സർക്കാരിനോടുളള വിയോജിപ്പും ഒരിക്കൽ കൂടി പരസ്യമാക്കുകയും ചെയ്യുന്നു. സർക്കാർ സ്വീകരിച്ച അടിയന്തിര നടപടികൾ വിഷയത്തിൻെറ ഗ്രാവിറ്റി വ്യക്തമാക്കുമ്പോഴും കുറ്റാരോപിതർ തൽസ്ഥാനത്ത് തുടരുന്നതിനോട് അന്നും, ഇന്നും വിയോജിപ്പുണ്ട് എന്നാണ് അൻവർ പറയുന്നത്.
പൂരം കലക്കിയതിലും കലക്കലിനെ കുറിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിലും ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലും എല്ലാം ആരോപണവിധേയനായ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ നടപടി എടുക്കാൻ വൈകുന്നതിലുളള അതൃപ്തിയാണ് ഇതിലൂടെ അൻവർ വെളിവാക്കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ വെടിനിർത്തൽ പ്രഖ്യാപിച്ച് പിന്മാറിയെങ്കിലും നടപടി എടുക്കാൻ സർക്കാരിനെ നിർബന്ധിതമാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് അൻവർ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്. സർക്കാരിനെ മാത്രമല്ല പരസ്യ പ്രതികരണത്തിൽ നിന്ന് പിന്മാറാൻ താക്കീതിൻെറ സ്വരത്തിൽ നിർദേശം നൽകിയ സി.പി.എമ്മിനെയും അൻവറിൻെറ പുതിയ നീക്കം വെട്ടിലാക്കുന്നുണ്ട്.
ഉന്നയിച്ച പരാതികളിന്മേലുളള തുടർ നടപടികളിൽ സർക്കാരിനേക്കാൾ അൻവർ വിശ്വാസം അർപ്പിക്കുന്നത് പാർട്ടിയിലാണ്. പൊലീസിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും പ്രശ്നങ്ങൾ ഉയർത്തി പി.വി.അൻവർ മുന്നോട്ടുവന്ന ആദ്യ ദിവസങ്ങളിൽ പരാതികൾ ഗൗരവതരം എന്നും പരിശോധിക്കുമെന്നുമായിരുന്നു സി.പി.എം നേതൃത്വത്തിൻെറ പ്രതികരണം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ പരാതി രേഖാമൂലം തന്നിട്ടില്ലെന്നും നൽകിയാൽ പരിശോധിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരുന്നു. ആക്ഷേപങ്ങൾ ഉന്നയിച്ച രീതി വിമർശന വിധേയമാക്കിയപ്പോഴും പരാതിയിൽ പരാമർശിച്ച കാര്യങ്ങളുടെ ഗൗരവം കുറച്ചുകാണുന്ന രീതി നേതൃത്വം അവലംബിച്ചിരുന്നില്ല. ഇതെല്ലാം പൊതുമണ്ഡലത്തിൽ ഉണ്ടെന്ന് ഉറപ്പാക്കിയാണ് പാർട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിടവാങ്ങൽ പോസ്റ്റിലും അൻവർ ആവർത്തിക്കുന്നത്.
"വിഷയങ്ങൾ സംബന്ധിച്ച് വിശദമായി എഴുതി നൽകിയാൽ അവ പരിശോധിക്കും" എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചിരുന്നു. വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സമയബന്ധിതമായി വേണ്ട പരിശോധനകൾ ഉണ്ടാകുമെന്ന് അദ്ദേഹം "ഇന്നും" വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ പോലീസ് ഉദ്യോഗസ്ഥന്റെ ആർ.എസ്.എസ് സന്ദർശ്ശനത്തിൽ തുടങ്ങി, തൃശ്ശൂർപൂരം മുതൽ വർഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സിനെ സഹായിച്ചത് വരെയും, സ്വർണ്ണക്കള്ളക്കടത്ത് അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാൻ ഉയർത്തിയത്.ഇക്കാര്യത്തിൽ "ചാപ്പയടിക്കും, മുൻ വിധികൾക്കും" (എങ്ങനെ വേണമെങ്കില്ലും വ്യാഖ്യാനിക്കാം) അതീതമായി നീതിപൂർവ്വമായ പരിശോധനയും നടപടിയും ഈ പാർട്ടി സ്വീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്'' പി.വി.അൻവർ ഫേസ് പോസ്റ്റിൽ കുറിച്ചു.
പി.വി.അൻവറിൻെറ വെളിപ്പെടുത്തലോടെ പുറത്തുവന്ന എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുളള കൂടിക്കാഴ്ചയും പൂരംകലക്കൽ ആരോപണവും സർക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കുന്നുണ്ട്.
പൂരം കലക്കലിനെപ്പറ്റി അൻവർ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി എ.ഡി.പി.ജി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി ആദ്യം ആരോപണം ഉന്നയിക്കുന്നത്. ആരോപണം സ്ഥീരികരിക്കപ്പെടുകയും ദത്താത്രേയ ഹൊസബലയെ കൂടാതെ മറ്റൊരു ആർ.എസ്.എസ് നേതാവായ റാം മാധവുമായും എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നു.
മുന്നണിയുടെ രാഷ്ട്രീയ നയത്തിന് വിരുദ്ധമായ നടപടിയെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ ഉൾപ്പെടെയുളള ഘടകകക്ഷികൾ രംഗത്തുണ്ട്. അൻവർ തുടക്കം കുറിച്ച ആരോപണം മുന്നണിയിലെ തർക്ക വിഷയമായി വളർന്ന സാഹചര്യത്തിൽ ഉചിതമായ നടപടി എടുക്കാൻ സി.പി.എമ്മും നിർബന്ധിതമാകുകയാണ്.