കണ്ണൂർ: പി. വി. അൻവർ എം.എൽ.എയുടെ ആരോപണത്തെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിട്ടും എ. ഡി. ജി. പി എം. ആർ. അജിത് കുമാറിനെ ചുമതലയിൽ നിന്ന് നീക്കാത്തതിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ പശ്ചത്താലത്തിൽ എം. ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലിയിൽ നിന്ന് മാറ്റിനിർത്തണമെന്നായിരുന്നു സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്ററുടെ അഭിപ്രായം.
ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടും അജിത് കുമാറിനെ ചുമതലയിൽ നിന്ന് നീക്കാൻ കൂട്ടാക്കിയിട്ടില്ല. ഇതാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി നയിക്കുന്ന പ്രത്യേക അന്വേഷണ സംഘം പ്രഖ്യാപിക്കുന്നതിനൊപ്പം അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുമെന്ന് പ്രതീക്ഷിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂരിൽ രാവിലെ പത്ര സമ്മേളനം നിശ്ചയിച്ചിരുന്നു.
എന്നാൽ രാത്രി വൈകിയിറങ്ങിയ തീരുമാനത്തിനൊപ്പം അജിത് കുമാറിനെ നീക്കുന്ന വിവര ഉണ്ടായില്ല. അതോടെ പത്ര സമ്മേളനം ഉച്ചയ്ക്ക് ശേഷമെന്ന് പുനർനിശ്ചയിച്ചു. എന്നാൽ ഉച്ചക്കും അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്ന തീരുമാനം വന്നില്ല.
ഇതോടെ പത്രസമ്മേളനം വേണ്ടെന്ന് വെച്ച എം. വി. ഗോവിന്ദൻ മാധ്യമ പ്രവർത്തകരെ കാണാൻ തയാറായില്ല. പത്രസമ്മേളനം പ്രതീക്ഷിച്ച് കാത്ത് നിന്ന ചാനൽ പ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ എല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു മറുപടി.
പാർട്ടി ഒളിച്ചുകളിക്കുകയാണോ എന്ന് ചാനൽ മാധ്യമപ്രവർത്തകൻ ചോദിച്ചതോടെ പ്രകോപിതനായ ഗോവിന്ദൻ മാസ്റ്റർ അപ്പോൾ തന്നെ സ്ഥലം വിടുകയും ചെയ്തു. അന്വേഷണം പ്രഖ്യാപിച്ചിട്ടും എം. ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്താത്തതാണ് എം. വി ഗോവിന്ദനെ പ്രകോപിതനാക്കിയതെന്നാണ് സൂചന.
രാത്രി തിരുവനന്തപുരത്തേക്ക് പോയ സി. പി. എം സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തിൽ ഇനി എന്ത് ഇടപെടൽ നടത്തുമെന്നാണ് ഇനി അറിയാനുളളത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പി.വി അൻവർ എം. എൽ. എ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണുന്നുണ്ട്.
പി.ശശിക്കെതിരെയുള്ള ആരോപണങ്ങളും പരാതികളും സി.പി.എം നേതൃത്വത്തെയും അറിയിക്കുക എന്ന ഉദ്ദേശത്തിലാണ് അൻവർ എം. വി. ഗോവിന്ദനെ കാണുന്നത്. അൻവറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെ സി.പി.എമ്മിൽ നിന്ന് പി ശശിക്കെതിരെ അന്വേഷണം ഉണ്ടായേക്കും.
പി.വി.അൻവറിൻെറ ആരോപണം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും അജിത് കുമാറിനെ ചുമതലയിൽ നിന്ന് നീക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.
അജിത് കുമാറിൻെറ പരാതിയും അൻവറിൻെറ ആരോപണങ്ങൾക്കൊപ്പം അന്വേഷിക്കുന്ന സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുന്നവെന്ന തോന്നലാണ് പൊതുസമൂഹത്തിന് കിട്ടുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് എത്തിയ പി. വി. അൻവർ ഇക്കാര്യത്തിലുളള ആശങ്ക അറിയിച്ചിട്ടുണ്ട്.എന്നാൽ നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുളളുവെന്നാണ് മുഖ്യമന്ത്രി അൻവറിന് നൽകിയ മറുപടി.
സേനയിലെ പുഴക്കുത്തുക്കളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ല എന്നാണ് പി വി അൻവറിനും, കെ ടി ജലീലിനും മുഖ്യമന്ത്രി നൽകിയിരിക്കുന്ന ഉറപ്പ്.
ഈ ഉറപ്പ് പാലിക്കാൻ അടിയന്തര നടപടികൾ മുഖ്യമന്ത്രി സ്വീകരിക്കുമോ എന്നതാണ് ഇനി അറിയാനുളളത്. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെയും എസ് പി സുജിത്ത് ദാസിനെയും സംരക്ഷിക്കുന്ന നിലപാട് തുടർന്നാൽ പി വി അൻവറും, കെ.ടി. ജലീലും കൂടുതൽ വെളിപ്പെടുത്തലിന് തയ്യാറാകുമോ എന്നതും നിർണായകമാണ്.