Advertisment

കേസുകള്‍ അട്ടിമറിക്കപ്പെടുന്നു, മയക്കുമരുന്ന് കച്ചവടത്തിന്റെ പേരില്‍ നിരപരാധികളായ ആളുകളെ ജയിലിലടയ്ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്, നാട്ടിലുള്ളത് ജനത്തിന് നീതി കിട്ടാത്ത സാഹചര്യം; വീണ്ടും ആരോപണങ്ങളും വിമര്‍ശനങ്ങളുമായി പി.വി. അന്‍വര്‍, ഞായറാഴ്ച നിലമ്പൂരില്‍ നയവിശദീകരണയോഗം നടത്തുമെന്നും അന്‍വറിന്റെ പ്രഖ്യാപനം

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തന്റെ നിലപാടും നിലമ്പൂരിലെ ജനങ്ങളൊട്‌ വിശദീകരിക്കാൻ വേണ്ടിയുള്ള നയവിശദീകരണയോഗം നാളെ വൈകിട്ടു 6:30 മണിക്ക്‌ നിലമ്പൂരിൽ വിളിച്ച്‌ ചേര്‍ക്കുമെന്ന് പി.വി. അന്‍വര്‍

New Update
pv anvar

നിലമ്പൂര്‍: നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തന്റെ നിലപാടും നിലമ്പൂരിലെ ജനങ്ങളൊട്‌ വിശദീകരിക്കാൻ വേണ്ടിയുള്ള നയവിശദീകരണയോഗം നാളെ വൈകിട്ടു 6:30 മണിക്ക്‌ നിലമ്പൂരിൽ വിളിച്ച്‌ ചേര്‍ക്കുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ.  ഒരു സമൂഹത്തിനാകെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ ഒരു വിഭാഗം പൊലീസ് നടത്തിക്കൊണ്ടിരിക്കുന്ന ക്രിമിനല്‍ സ്വഭാവം നാട് ചര്‍ച്ച ചെയ്യുകയാണെന്ന് അന്‍വര്‍ പറഞ്ഞു.

Advertisment

മാമി തിരോധാനവും റിദാന്‍ വധക്കേസുമടക്കമുള്ള കേസുകള്‍ അട്ടിമറിക്കപ്പെടുകയും, പ്രതികളെ കണ്ടെത്താത്തിരിക്കുകയും, കണ്ടെത്തിയ പ്രതികളെ ഒളിച്ച് വയ്ക്കുകയും യഥാര്‍ത്ഥ കൊലയാളികള്‍ക്ക് പകരം മറ്റാളുകളെ കേസില്‍ ബുക്ക് ചെയ്യുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. മയക്കുമരുന്ന് കച്ചവടത്തിന്റെ പേരില്‍ നിരപരാധികളായ ആളുകളെ ജയിലിലടയ്ക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും അന്‍വര്‍ ആരോപിച്ചു.

പ്രതികരണശേഷി നമുക്കെല്ലാവര്‍ക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള അനീതികള്‍ ചര്‍ച്ച ചെയ്യാതെ പോവുകയാണെന്ന് അന്‍വര്‍ വിമര്‍ശിച്ചു.

 ഒരു സംസ്ഥാനത്തും കാണാത്ത വിധം സംസ്ഥാനതലം മുതല്‍ ജില്ലാതലം വരെയുള്ള എല്ലാ പാര്‍ട്ടികളിലെയും ചില നേതാക്കന്മാര്‍ ഒന്നായി നിന്നുകൊണ്ട്, അവര്‍ തമ്മില്‍ വ്യക്തിപരമായ പല കടപ്പാടുകളും അങ്ങോട്ടും ഇങ്ങോട്ടും സൂക്ഷിക്കുന്നു. ഇതൊരു നെക്‌സസായി പ്രവര്‍ത്തിക്കുന്നു. സമൂഹത്തിലെ ഏത് രാഷ്ട്രീയപാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും നീതി കിട്ടാത്ത ഒരു സാഹചര്യം നമ്മുടെ നാട്ടിലുണ്ടായിരിക്കുകയാണ്.

''ഇത് വലിയൊരു വിപത്തിലേക്ക് നമ്മുടെ നാടിനെ കൊണ്ടുപോവുകയാണ്. ശാന്തസുന്ദരമായ കേരളം, വര്‍ഗീയത കടന്നുവരാത്ത കേരളം, ജാതി-മത വ്യത്യാസമില്ലാതെ മനുഷ്യര്‍ ഒന്നായി നില്‍ക്കുന്ന നമ്മുടെ കേരളം. ആ നമ്മുടെ കേരളത്തിലെ മനുഷ്യസ്‌നേഹത്തിന്റെ, മനുഷ്യര്‍ തമ്മിലുള്ള പരസ്പര സഹായത്തിന്റെ എല്ലാ വേരുകളും അറുത്തുകൊണ്ട് ഇവിടെ വര്‍ഗീയത പരത്താന്‍ നടത്തുന്ന ചില വിഭാഗം. ഇതെല്ലാം ഈ സമൂഹം ചര്‍ച്ച ചെയ്യുകയാണ്.

എന്നെ എംഎല്‍എയാക്കിയ നിലമ്പൂരില്‍ നാളെ വൈകുന്നേരം 6.30ന് ചന്തക്കുന്നില്‍ വച്ച് ഒരു വിശദീകരണ യോഗം നടക്കുകയാണ്. ആ യോഗത്തില്‍ നിങ്ങളോട് സംസാരിക്കുന്നുണ്ട്. നമ്മുടെ മക്കള്‍ക്ക് സന്തോഷത്തോട് കൂടി ഇവിടെ ഒന്നായി ജീവിക്കാനുള്ള ഒരു സാഹചര്യം ഒരുക്കാനുള്ള ഈ പോരാട്ടത്തിന്റെ വിശദീകരണം നാളെ നിലമ്പൂരില്‍ നടക്കുമ്പോള്‍ നാടിന്റെ നന്മ ആഗ്രഹിക്കുന്ന സകല മനുഷ്യരും എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു''-അന്‍വറിന്റെ വാക്കുകള്‍.

Advertisment