കോട്ടയം: സംഭവബഹുലമാണ് പ്രിയങ്ക ഗാന്ധിയുടെ ജീവിതം. ഉറ്റവരുടെ മരണം തളര്‍ത്തിയ ചെറുപ്പം. രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്‍പര്യപ്പെടാതിരുന്ന അന്നത്തെ ആ 'പെണ്‍കുട്ടി' ഇന്ന് കോണ്‍ഗ്രസിന്റെ മുഖമാണ്.
എങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ച പ്രിയങ്കയ്ക്ക് കന്നിയങ്കത്തിന് കാലം കാത്തുവച്ചത് സഹോദരന്‍ വച്ചൊഴിഞ്ഞ വയനാട് മണ്ഡലവും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ആദ്യ മത്സരം എന്ന നിലയിൽ വീണ്ടും ദേശീയ ശ്രദ്ധ നേടുകയാണ് വയനാട്.
ആദ്യ കാലത്ത് അമ്മ സോണിയ ഗാന്ധിയുടെയും സഹോദരൻ രാഹുൽ ഗാന്ധിയുടെയും തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും പിന്നീട് കോൺഗ്രസിന്റെയും പ്രചാരണ പരിപാടികളിലും കണ്ടിരുന്ന പ്രിയങ്ക ഗാന്ധി ഇതാദ്യമായാണ് ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നത്.
എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനാ ഉത്തരവാദിത്വങ്ങൾ മാത്രം നിർവഹിച്ചു പോന്നിരുന്ന പ്രിയങ്ക, സഹോദരൻ ഒഴിഞ്ഞ മണ്ഡലത്തോടുള്ള വൈകാരിക അടുപ്പം കണക്കിലെടുത്താണ് മത്സരത്തിന് സന്നദ്ധയായത്.
അമേത്തിയിൽ ജയിച്ചതോടെ രാഹുൽ ഗാന്ധിക്ക് ഉപേക്ഷിക്കേണ്ടിവന്ന വയനാട്ടിൽ, നെഹ്റു കുടുംബത്തിൽ നിന്നുള്ള ഒരാൾ തന്നെ മത്സരിക്കണം എന്നത് കെപിസിസിയുടെയും താല്പര്യമായിരുന്നു. ഈ സമ്മർദ്ദങ്ങൾക്കും കൂടി വഴങ്ങിയാണ് പ്രിയങ്ക കണ്ണി മത്സരത്തിന് വയനാട്ടിലേക്ക് എത്തുന്നത്. പ്രിയങ്ക സ്ഥാനാർഥിയായി എത്തുന്നതോടെ വയനാട് മണ്ഡലത്തിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയ പോരാട്ടം ആയി മാറും.
പന്ത്രണ്ടാം വയസ്സിൽ മുത്തശി ഇന്ദിരാ ഗാന്ധിയുടെയും പത്തൊൻപതാം വയസിൽ പിതാവ് രാജീവ് ഗാന്ധിയുടെയും ദാരുണമായ മരണങ്ങൾ കണ്ട പ്രിയങ്കയ്ക്ക് ഒരുകാലത്ത് രാഷ്ട്രീയത്തിലേക്ക് വരാൻ ഒട്ടും താല്പര്യമില്ലായിരുന്നു.
വിവാഹത്തിനു ശേഷം കുട്ടികളും കുടുംബവുമായി ഒതുങ്ങി കൂടിയ പ്രിയങ്ക പൊതുശ്രദ്ധയിൽ നിന്നുപോലും അകന്നുനിന്നു. എന്നാൽ കോൺഗ്രസിന്റെ സ്വാധീനം ദുർബലപ്പെടുന്നു എന്ന് മനസ്സിലാക്കിയ നേതൃത്വമാണ് പ്രിയങ്കയെ , സമ്മർദ്ദം ചെലുത്തി രാഷ്ട്രീയ വേദികളിലേക്ക് എത്തിച്ചത്. എന്നിട്ടും ആദ്യകാലങ്ങളിൽ അമ്മ മത്സരിച്ചിരുന്ന റായിബറേലിയിലും സഹോദരൻ മത്സരിച്ചിരുന്ന അമേത്തിയിലും മാത്രമാണ് പ്രിയങ്കയെ കാണാനായത്.
മുത്തശ്ശി ഇന്ദിരാഗാന്ധിയോട് ഏറെ രൂപസാദൃശ്യം പുലർത്തുന്ന പ്രിയങ്കയെ കോൺഗ്രസിന്റെ മുഖമായി അവതരിപ്പിക്കണം എന്നത് നേതാക്കളുടെ താല്പര്യമായിരുന്നു. ഉത്തരേന്ത്യയിൽ കാലിടറി കൊണ്ടിരിക്കുന്ന പാർട്ടിക്ക് പുതുജീവൻ പകരാൻ ഇത് അനിവാര്യമാണെന്നും അവർ കരുതി.
വാജ്പേയ് സർക്കാരിന്റെ തുടർഭരണത്തിന് തടയിടുക ലക്ഷ്യമിട്ട് 2004 ൽ കോൺഗ്രസ് തയ്യാറാക്കിയ തന്ത്രങ്ങളുടെ ഭാഗമായി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. ഡസൻ കണക്കിന് റാലികളിലാണ് പ്രിയങ്ക പങ്കെടുത്തത്. പ്രിയങ്കയുടെ സാന്നിധ്യം കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഗുണം ചെയ്തു.
ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം ഉയർത്തി തുടർ ഭരണത്തിന് ശ്രമിച്ച ബിജെപിക്ക് പൊതു തിരഞ്ഞെടുപ്പിൽ കാലിടറി. ഈ വിജയം മുതലാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രിയങ്കാ ഗാന്ധി ഒഴിച്ചുകൂടാൻ ആകാത്ത സാന്നിധ്യമായി മാറിയത്. 2019 വരെ ഈ നില തുടർന്നു.
2019ൽ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക്, കിഴക്കൻ യുപിയുടെ സംഘടനാ ചുമതലയും നൽകി. 2020 ആയപ്പോഴേക്കും യു.പിയുടെ മുഴുവൻ ചുമതലയും കോൺഗ്രസ് പാർട്ടി പ്രിയങ്കയെ ഏൽപ്പിച്ചു. ഇതോടെയാണ് പ്രിയങ്ക ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ഉറച്ച ശബ്ദമായി മാറിയത്.
എങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അപ്പോഴും തയ്യാറായിരുന്നില്ല. അണിയറയിൽ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ പങ്കാളിയാകുന്നതിലും പൊതുവേദികളിൽ ജനങ്ങളോട് സംവദിക്കുന്നതിലും ആയിരുന്നു പ്രിയങ്കയുടെ താൽപര്യം. സഹോദരൻ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഉയർച്ചയ്ക്കു വേണ്ടി സ്വയം മാറിനിൽക്കുകയായിരുന്നു എന്ന് കരുതുന്നവരും ഉണ്ട്.
ഒടുവിൽ സഹോദരൻ ഒഴിച്ചിട്ട മണ്ഡലമായ വയനാട്ടിൽ തന്നെ ആദ്യ മത്സരത്തിനിറങ്ങാൻ പ്രിയങ്ക തീരുമാനിച്ചിരിക്കുന്നത്.
രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും രണ്ടാമത്തെ സന്തതിയായി 1972 ജനുവരി 12നാണ് പ്രിയങ്കാ ഗാന്ധിയുടെ ജനനം. ന്യൂഡൽഹിയിലെ മോഡേൺ സ്കൂളിലും കോൺവെൻറ് ഓഫ് ജീസസ് മേരി സ്കൂളിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
കോളേജ് തലത്തിൽ എത്തിയപ്പോൾ ഡൽഹി യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പഠനം. സൈക്കോളജിയിൽ ബിരുദം കരസ്ഥമാക്കി. ബുദ്ധിസത്തിൽ ആകൃഷ്ടയായ പ്രിയങ്ക, ബിരുദാനന്തര ബിരുദത്തിന് ബുദ്ധിസ്റ്റ് സ്റ്റഡീസ് ആണ് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്. 1997 ൽ 25 ആം വയസ്സിലായിരുന്നു പ്രിയങ്കയുടെ വിവാഹം.
കോളേജ് കാലത്തേ പരിചയമുള്ള റോബർട്ട് വാദ്രയായിരുന്നു പങ്കാളി. ഉത്തർപ്രദേശിലെ മൊറാബാദിലെ വ്യവസായ കുടുംബത്തിൽ നിന്നാണ് റോബർട്ട് വാദ്രയുടെ വരവ്. പ്രിയങ്കയുടെ മാതാവ് സോണിയ ഗാന്ധിയെ പോലെ വാർത്തയുടെ അമ്മയും വിദേശ വനിതയാണ്. പ്രിയങ്ക ജീവിത പങ്കാളിയായി മാറിയതോടെ റോബർട്ട് വാദ്ര നിരവധി വിവാദങ്ങളിൽപ്പെട്ടു.
ഡി എൽ എഫ് കുംഭകോണം അടക്കമുള്ള ആരോപണങ്ങളിൽ റോബർട്ട് വാദ്ര കേന്ദ്ര ബിന്ദുവായിരുന്നു. യുപിഎ സർക്കാരിൻറെ കാലത്താണ് വാദ്ര അഴിമതി ഇടപാടുകൾ നടത്തിയതെന്നാണ് ആക്ഷേപം. വാദ്രക്കെതിരായ അഴിമതി ആക്ഷേപങ്ങൾ അടക്കം ഉയർത്തിയാണ് 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രഭരണം പിടിച്ചത്. കുടുംബ വാഴ്ച എന്നതായിരുന്നു കോൺഗ്രസിനെതിരായ ബിജെപിയുടെ മുഖ്യ ആക്ഷേപം.
തനിക്കെതിരായ ആരോപണങ്ങളെല്ലാം രാഷ്ട്രീയമായ വൈരാഗ്യത്തിന്റെ പേരിൽ കെട്ടിച്ചമച്ചതാണെന്നായിരുന്നു റോബർട്ട് വാദ്രയുടെ പ്രതിരോധം. ഭർത്താവിനെ ആരോപണങ്ങളെ പ്രിയങ്ക ഗാന്ധി ധീരതയോടെ നേരിട്ടു.
ബിജെപിക്ക് മുന്നിൽ കീഴടങ്ങാനോ അവരുമായി സന്ധി ചെയ്യാനോ പ്രിയങ്ക തയ്യാറായില്ല. പൊതുവേദികളിൽ മതേതരത്വത്തിനും സാമുദായിക ഐക്യത്തിനും യുവാക്കളുടെ ഉന്നമനത്തിനും വേണ്ടി പ്രിയങ്ക വാദിച്ചു കൊണ്ടേയിരുന്നു.
ഇന്ത്യയെന്ന ആശയത്തെ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനും ആണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന പ്രിയങ്കയുടെ വിമർശനം രാഷ്ട്രീയമായും ശ്രദ്ധിക്കപ്പെട്ടു. വയനാട്ടിൽ വിജയിച്ച് ലോക്സഭയിൽ എത്തിയാല്‍ ഇനി പാർലമെന്റിലും പ്രിയങ്കയുടെ ഉറച്ച ശബ്ദം മുഴങ്ങിക്കേൾക്കും .