Advertisment

അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ നടത്തിയ പരാമര്‍ശം, എന്‍. പ്രശാന്തിനെതിരെ നടപടിക്ക് സാധ്യത, വിവാദമായത് സമൂഹമാധ്യമത്തിലെ പ്രതികരണം

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എന്‍. പ്രശാന്തിനെതിരെ നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

New Update
Prasanth Jayathilak

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എന്‍. പ്രശാന്തിനെതിരെ നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പ്രശാന്തിനെതിരെ നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

Advertisment

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് വ്യക്തമാക്കുന്നതായിരുന്നു പ്രശാന്ത് ഫേസ്ബുക്കിലൂടെ ജയതിലകിനെതിരെ നടത്തിയ പരാമര്‍ശം. 'മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി'യാണ് ജയതിലക് എന്ന് പ്രശാന്ത് കമന്റ് ചെയ്യുകയും ചെയ്തിരുന്നു.

പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സെക്രട്ടേറിയറ്റിൽ അടയിരിക്കാതെ ഫീൽഡിൽ ഇറങ്ങി ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ കണ്ട്‌ പരിചയമില്ലാത്ത മാതൃഭൂമി ഇന്നും എനിക്കെതിരെ വാർത്ത അച്ചടിച്ചിട്ടുണ്ട്‌ - എന്നത്തെയും പോലെ, എന്റെ ഭാഗം ചോദിക്കാതെ. എനിക്കായി ഒരു സ്ഥിരം കോളം ഇടാൻ അപേക്ഷ. 

 മന്ത്രിയുടെ അനുമതിയോടെയും നിർദ്ദേശപ്രകാരവും ഫീൽഡ്‌ വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാൻ പോകുമ്പോൾ 'അദർ ഡ്യൂട്ടി' മാർക്ക്‌ ചെയ്യുന്നതിനെ‌ 'ഹാജർ ഇല്ല' എന്ന് വ്യാജമായി റിപ്പോർട്ടാക്കണമെങ്കിൽ അതിനുപിന്നിൽ എന്ത്‌ മാത്രം കഷ്ടപ്പാട്‌ ഉണ്ട്‌! ആ സമയത്ത്‌ അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ല.

എനിക്കെതിരെ റിപ്പോർട്ടുകൾ‌ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക്‌ സമർപ്പിക്കുന്ന അവരുടെ സ്പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക്‌ ഐഎഎസ് എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച്‌ പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്‌.

സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത്‌ എനിക്ക്‌ ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല.  വിവരാവകാശ പ്രകാരം പോതുജനത്തിന്‌ അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ്‌ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌.

ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ പോസ്റ്റാം. കാര്യം അറിയാവുന്നവർക്ക്‌ താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ്‌ സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്‌, അതുകൊണ്ട്‌ വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ.

Advertisment