Advertisment

തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞെന്നുള്ള കളക്ടറുടെ മൊഴി മറ്റൊരു അന്വേഷണത്തിലും വെളിപ്പെടുത്താത്ത കാര്യം. കളക്ടറുടെ മൊഴി ദിവ്യയെ രക്ഷിക്കാനുള്ള നീക്കങ്ങളുടെ ഭാഗം ? ഇതുവരെ പുറത്തുപറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ 'പൊങ്ങിവരുന്ന'തിന് പിന്നിലെന്ത്‌ ? രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലില്‍ കേസ് നിർവീര്യമാക്കാന്‍ ശ്രമമെന്നും ആരോപണം

എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാ പ്രേരണാക്കേസിൽ രക്ഷപെടാൻ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയടക്കമുള്ള രക്ഷാമാർഗങ്ങൾ ഉറപ്പാക്കിയ ശേഷമാണ് പി.പി. ദിവ്യ പൊലീസിൽ കീഴടങ്ങിയതെന്ന് ആക്ഷേപമുയരുന്നു

New Update
naveen babu farewell meeting-2

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാ പ്രേരണാക്കേസിൽ രക്ഷപെടാൻ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയടക്കമുള്ള രക്ഷാമാർഗങ്ങൾ ഉറപ്പാക്കിയ ശേഷമാണ് പി.പി. ദിവ്യ പൊലീസിൽ കീഴടങ്ങിയതെന്ന് ആക്ഷേപമുയരുന്നു.

Advertisment

മുൻകൂർ ജാമ്യത്തിലെ വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ വിശ്വൻ കോടതിയിൽ പറഞ്ഞ കളക്ടറുടെ മൊഴികളാണ് ഇതിനുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നത്. നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് മൂന്ന് അന്വേഷണങ്ങളാണ് നിലവിൽ നടക്കുന്നത്.


 പൊലീസ്, വിജിലൻസ്, റവന്യൂ വകുപ്പിന്റെ വകുപ്പുതല അന്വേഷണങ്ങളാണിവ. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീത കളക്ടറുടെ വിശദമായ മൊഴിയെടുത്തിരുന്നു. അപ്പോൾ പറയാത്ത കാര്യങ്ങളാണ് പൊലീസിനോട് കളക്ടർ പറഞ്ഞതായി പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടിയത്.


 യാത്രയയപ്പു ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായും തെറ്റുപറ്റിയെന്ന് എ.ഡി.എം തന്നോട് പറഞ്ഞെന്നുമാണ് കളക്ടറുടെ മൊഴിയിലുള്ളത്. ഇങ്ങനെയൊരു മൊഴി കളക്ടറെക്കൊണ്ട് കൊടുപ്പിച്ചത് ദിവ്യയെ രക്ഷപെടുത്താനാണെന്നാണ് ആരോപണം. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയും നിർദ്ദേശപ്രകാരവുമാണ് ഈ മൊഴിയെന്നും അഭ്യൂഹമുണ്ട്.

ഈ മൊഴിയുപയോഗിച്ച് മുൻകൂർ ജാമ്യം നേടിയെടുക്കാൻ ദിവ്യ ശ്രമിച്ചെങ്കിലും കോടതി നൽകിയില്ല. എഡിഎം അങ്ങനെ പറഞ്ഞെന്ന കളക്ടറുടെ മൊഴി, കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള കുറ്റസമ്മതമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.


 ദിവ്യ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കുന്നെന്നും ആത്മഹത്യാപ്രേരണാകുറ്റം നിലനിൽക്കുമെന്നുമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് നിരീക്ഷിച്ചത്.


 മരിച്ച വ്യക്തി സത്യസന്ധതയില്ലാത്ത ആളാണെന്നോ കൈക്കൂലി വാങ്ങിയെന്നോ ദിവ്യയ്ക്ക് വിവരമുണ്ടായിരുന്നെങ്കില്‍ നിയമവഴി സ്വീകരിക്കേണ്ടിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിന്റേതായ സംവിധാനങ്ങളും അധികാരികളുമുണ്ട്.

ആരും നിയമം കൈയിലെടുക്കാന്‍ പാടില്ല. കൈക്കൂലി വാങ്ങിയെന്ന ആരോപണമുണ്ടായിരുന്നെങ്കില്‍, ദിവ്യയെപ്പോലെ അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തക ഉചിതമായ ഫോറത്തേയോ അധികാരികളേയോ ആയിരുന്നു സമീപിക്കേണ്ടിയിരുന്നത്- കളക്ടറുടെ മൊഴിയുപയോഗിച്ച് രക്ഷപെടാനുള്ള ദിവ്യയുടെ ശ്രമം കോടതി പൊളിച്ചടുക്കിയത് ഇങ്ങനെയാണ്.


യാത്രയയപ്പ് ചടങ്ങ് നടന്ന ദിവസം രാവിലെ മറ്റൊരു പരിപാടിയില്‍വെച്ച് എ.ഡി.എം. എന്‍.ഒ.സി. ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് ദിവ്യ തന്നോട് പറഞ്ഞതായി കളക്ടര്‍ മൊഴി നല്‍കി.


 ഇക്കാര്യത്തില്‍ പരാതിക്കാരുടെ രേഖാമൂലമുള്ള പരാതിയോ തെളിവോ ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ ദിവ്യ പരാതി പരിശോധിക്കണമെന്ന്‌ പറഞ്ഞു. തെളിവോ വ്യക്തമായ ബോധ്യമോ ഇല്ലെങ്കില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയതായി വിധി പകര്‍പ്പില്‍ പറയുന്നു.

എ.ഡി.എമ്മിന്റെ യാത്രയയപ്പു യോഗത്തിൽ പങ്കെടുത്തത് കളക്ടറുടെ ക്ഷണപ്രകാരമെന്ന ദിവ്യയുടെ വാദത്തിനെതിരാണ് കളക്ടറുടെ മൊഴി. ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണെന്നും അവർ ക്ഷണിച്ചിട്ടാണ് താൻ പങ്കെടുത്തതെന്നും കളക്ടറുടെ മൊഴിയിലുണ്ട്‌.


യോഗത്തിൽ തന്നെ സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടർ കെ.വി. ശ്രുതിയാണെന്നാണു ദിവ്യയുടെ മറ്റൊരു വാദം. എന്നാൽ, വേദിയിലേക്കു കടന്നുവന്ന ദിവ്യ, മൈക്രോഫോൺ സ്വയം ഓൺ ചെയ്ത് സംസാരിക്കാൻ തുടങ്ങുകയായിരുന്നുവെന്നാണു ശ്രുതിയുടെ മൊഴി.


 യോഗത്തിലേക്കു ക്യാമറമാനെ അയയ്ക്കണമെന്നാവശ്യപ്പെട്ട് ഉച്ചയ്ക്ക് 2.10ന് ദിവ്യ വിളിച്ചിരുന്നതായി പ്രാദേശിക ചാനൽ പ്രവർത്തകൻ നൽകിയ മൊഴിയിൽ പറയുന്നു. ദിവ്യ ആവശ്യപ്പെട്ടതു പ്രകാരം ക്യാമറ യൂണിറ്റ് അയച്ചു. പരിപാടി കഴിഞ്ഞശേഷം ദൃശ്യങ്ങൾ ആവശ്യപ്പെട്ടു വീണ്ടും വിളിച്ചു. വാർത്ത നൽകും മുൻപേ ദൃശ്യങ്ങൾ ദിവ്യയ്ക്ക് അയച്ചുകൊടുത്തുവെന്നും മൊഴിയിലുണ്ട്.

ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണത്തിൽ വിവാദ പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്തന്‍, ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ എന്നിവര്‍ ഉൾപ്പെടെ 17 ഓളം പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.


 പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിനുള്ള അപേക്ഷയിൽ എ.ഡി.എം അനാവശ്യ കാലതാമസം വരുത്തിയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. മാത്രമല്ല, പരാതിക്കാരന് സഹായകമാവുന്ന നിലപാട് എ.ഡി.എം സ്വീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.


 പെട്രോൾ പമ്പിന് ഉപാധികളോടെയുള്ള എൻ.ഒ.സി നൽകിയ സാഹചര്യത്തിൽ ഒരു തരത്തിലുള്ള കൈക്കൂലിയും കൈപ്പറ്റിയതായി പറയാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നു. റോഡിലെ വളവ് സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിന്റെയും ഭൂമിയുടെ ക്ലിയറൻസ് സംബന്ധിച്ച് ടൗൺപ്ലാനിംഗ് വിഭാഗത്തിന്റെയും റിപ്പോർട്ട് വാങ്ങിയ ശേഷം മാത്രമേ അന്തിമ ലൈസൻസ് നൽകാവൂവെന്നാണ് എ.ഡി.എം ശുപാർശ ചെയ്തിരുന്നത്.

കൈക്കൂലി വാങ്ങിയിരുന്നെങ്കിൽ ഈ ഉപാധികളില്ലാതെ തന്നെ എൻ.ഒ.സി നൽകിയേനേ- റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഈ ഘട്ടത്തിലൊന്നും പറയാത്ത കാര്യങ്ങളാണ് കളക്ടർ പൊലീസിനോട് പറഞ്ഞത്. മൊഴിയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ദിവ്യയെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് ആക്ഷേപം.

Advertisment