Advertisment

പിപി ദിവ്യയുടെ വിധി ഈ മാസം 29ന് അറിയാം; ദിവ്യ നടത്തിയത് വ്യക്തിഹത്യ. സംസാരിച്ചത് ഭീഷണി സ്വരത്തിൽ. മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതം; ദിവ്യയുടെ കുരുക്ക് മുറുകുന്നു

New Update
pp divya

കണ്ണൂർ: എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഈ മാസം 29 നാണ് കേസിൽ കോടതി വിധി പറയുക. 

Advertisment

ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.


ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു


മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. വ്യക്തിഹത്യയാണ് മരണകാരണം.യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. 

രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി. 

സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്. 

പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നു. പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്.

Advertisment