Advertisment

രണ്ട് ദിവസത്തിനുള്ളിൽ പി.പി. ദിവ്യ പൊട്ടിക്കാൻ വെച്ചിരുന്ന ബോംബ് കൃത്യം രണ്ട് ദിവസം കഴിഞ്ഞപ്പോൾ വന്നുവീണത് സ്വന്തം നിറുകയിൽ തന്നെ ! എഡിഎമ്മിനെ ഇരുത്തികൊണ്ട് ദിവ്യ പറഞ്ഞതൊക്കെ തിരിച്ചടിയായി കിട്ടാൻ തുടങ്ങി, ഇപ്പോൾ സിപിഎമ്മും കയ്യൊഴിഞ്ഞതോടെ ജില്ലാ പഞ്ചായത്ത് സ്ഥാനവും നഷ്ടപ്പെട്ടു. ഇനി ദിവ്യക്ക് അന്വേഷത്തിന്റെ നാളുകൾ !

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
G

കണ്ണൂർ: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു ജീവനൊടുക്കിയതിനെ തുടർന്ന് ഉയർന്ന കടുത്ത സമ്മർദത്തിന് ഒടുവിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ച് പി.പി. ദിവ്യ. സിപിഎം ജില്ലാ നേതൃത്വം കൈവിട്ടതോടെ രാജിയല്ലാതെ മറ്റൊരു വഴിയും ഇല്ലാതായി. എ.ഡി.എം നവീൻ ബാബു ഇരിക്കെ ഒരു യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ദിവ്യ നടത്തിയ വിവാദ പ്രസംഗം ഒരു മരണത്തിന് തന്നെ കാരണം ആയി.

Advertisment

എ.ഡി.എം കേൾക്കെ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുകയും രണ്ട് ദിവസത്തിനുള്ളിൽ ഒരു ബോംബ് പൊട്ടുമെന്നും ദിവ്യ പരസ്യമായി പറഞ്ഞിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നവീൻ ബാബുവിനെ കടുത്ത മാനസിക സമ്മർദ്ദതിലാക്കുകയും തുടർന്ന് ആത്മഹത്യയിലേക്ക് നയിക്കുകയുമായിരുന്നു.


ദിവ്യ ആ യോഗത്തിൽ ഉന്നയിച്ച രണ്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. കൃത്യം രണ്ടാം നാൾ ആ ബോംബ് പൊട്ടി വീണത് സ്വന്തം തലയിലും. പാർട്ടിയും കൈവിട്ടതോടെ ഒരിക്കലും നഷ്ടമാകില്ല എന്ന് വിചാരിച്ച അധികാരവും ഒഴിഞ്ഞു. ഇനി അന്വേഷണങ്ങളും കേസും അറസ്റ്റും ഒക്കെ കാത്ത് ഇരിക്കാം ദിവ്യക്ക്.


അതേസമയം, അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് താൻ നടത്തിയതെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും വ്യക്തമാക്കികൊണ്ടായിരുന്നു പി.പി. ദിവ്യയുടെ രാജി പ്രഖ്യാപനവും.

ദിവ്യ​യെ പദവിയിൽനിന്ന് പുറത്താക്കുന്ന കാര്യം ഇന്ന് രാത്രി 10മണിക്ക് ശേഷമാണ് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തുവിട്ടത്. ഇതിനുപിന്നാലെ രാജി സന്നദ്ധത അറിയിച്ച് ദിവ്യയുടെ കുറിപ്പും ജില്ലാ കമ്മിറ്റി പുറത്തുവിട്ടു.

ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.

G

യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നൽകിയെന്നും അത് എങ്ങനെയാ​ണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.

നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി.


ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റത്തിന് പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റ് ജീവനക്കാരിൽനിന്ന് ഉൾപ്പെടെ മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ദിവ്യയെ പ്രതി ചേർത്തത്.


നേരത്തെ പി.പി. ദിവ്യക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തിരുന്നു. നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമീഷൻ കേസെടുത്തത്. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

Advertisment