Advertisment

ശൈലജ ടീച്ചർക്ക് പകരം മട്ടന്നൂരിൽ മത്സരിപ്പിക്കാൻ കണ്ടുവച്ച നേതാവ്. കണ്ണൂരിലെ പാർട്ടിയുടെ ഭാവിമുഖമാകേണ്ടിയിരുന്ന 'വനിതാ രത്നം'. അഴിമതിക്കാരനെന്ന് ശത്രുക്കൾ പോലും പറയാത്ത ഉദ്യോഗസ്ഥനെ, വിളിക്കാത്ത യാത്ര അയപ്പ് ചടങ്ങിനെത്തി അപമാനിച്ചു. നിയമസംവിധാനങ്ങളെ മറികടന്ന്‌ സ്വന്തമായി കോടതി ചമഞ്ഞ് പി.പി. ദിവ്യ. തള്ളിപ്പറയാതെ പാർട്ടിക്ക് വഴിയില്ല. ക്രിമിനൽ കേസിന് സാദ്ധ്യത

കേരളത്തിൽ സി.പി.എമ്മിന് തുടർഭരണം കിട്ടിയപ്പോൾ കണ്ണൂർ നേതാക്കളുടെയടക്കം പ്രവർത്തനത്തിലെ മാറ്റവും ധാർഷ്ട്യവുമാണ് കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ജീവത്യാഗത്തിന് വഴിവച്ച സംഭവത്തിൽ നിന്ന് വ്യക്തമാവുന്നത്

New Update
P P Divya

തിരുവനന്തപുരം: കേരളത്തിൽ സി.പി.എമ്മിന് തുടർഭരണം കിട്ടിയപ്പോൾ കണ്ണൂർ നേതാക്കളുടെയടക്കം പ്രവർത്തനത്തിലെ മാറ്റവും ധാർഷ്ട്യവുമാണ് കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ജീവത്യാഗത്തിന് വഴിവച്ച സംഭവത്തിൽ നിന്ന് വ്യക്തമാവുന്നത്.

Advertisment

ക്ഷണമില്ലാത്ത ഔദ്യോഗിക യാത്രഅയപ്പ് ചടങ്ങിലേക്ക് കയറിവന്ന് കണ്ണൂ‌ർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിച്ചതിന്റെ അപമാനഭാരം താങ്ങാനാവാതെയാണ് സത്യസന്ധനായ ആ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത്.

സി.പി.എം ഇതുവരെ ദിവ്യയെ തള്ളിപ്പറഞ്ഞിട്ടില്ല. പക്ഷേ, നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും തുറന്നുപറഞ്ഞ് റവന്യൂ മന്ത്രി കെ രാജൻ ദിവ്യയ്ക്കെതിരേ പരോക്ഷമായി രംഗത്തെത്തി.


 നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. ദൗര്‍ഭാഗ്യകരവുമായ സംഭവമാണുണ്ടായത്. മരണത്തിൽ ഗൗരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.


നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ലഭ്യമായിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തും. കളക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കും. റവന്യൂ വകുപ്പിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭ്യമല്ല. അത് വ്യക്തിപരമായ എന്റെ ബോധ്യമാണ്.

പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും യാത്രയയപ്പ് വേളയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തിൽ കെ രാജൻ പറഞ്ഞു. ദിവ്യയ്ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാനാവുന്ന കുറ്റമാണ് ദിവ്യ ചെയ്തത്.

കണ്ണൂരിലെ സി.പി.എമ്മിന്റെ ഉയർന്നുവരുന്ന വനിതാ നേതാവായിരുന്നു ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിളക്കമാർന്ന പ്രവർത്തനമാണ് നടത്തിയത്. ടേം നിബന്ധന കാരണം കെ.കെ.ശൈലജ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുമ്പോൾ മട്ടന്നൂർ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നത് ദിവ്യയെ ആയിരുന്നു.


 ഇതിനായി ഇപ്പോഴേ മണ്ഡലത്തിൽ സജീവമാകാനും പാർട്ടി നിർദ്ദേശിച്ചിരുന്നു. അതിനിടയിലാണ് ദിവ്യയുടെ അതിരുവിട്ട പ്രകടനവും അതേത്തുടർന്ന് സത്യസന്ധനായ ഉദ്യോഗസ്ഥന്റെ ജീവൻ പൊലിഞ്ഞതും.


 പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ എ.ഡി.എമ്മിന്റെ യാത്രയയപ്പ്‌ യോഗത്തിലെത്തിയ ദിവ്യ എ ഡി എമ്മിനെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചു. ശേഷം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതികള്‍ ഉണ്ടെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ ആയിരുന്നില്ല. കളക്ടറെയോ പൊലീസിനെയോ വിജിലൻസിനെയോ അറിയിക്കുകയാണ് വേണ്ടത്.

നവീൻ ബാബുവിന്റേത് പാർട്ടി കുടുംബമാണെന്നത് പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കി. നവീനും ഭാര്യ മഞ്ജുവും ഇടത് അനുകൂല ഓഫിസർമാരുടെ സംഘടനയിൽ അംഗങ്ങളാണ്. നവീൻ ബാബുവിന്റെ വീട് മലയാലപ്പുഴയ്ക്കടുത്ത് താഴം എന്ന സ്ഥലത്താണ്. നവീൻ കൈക്കൂലി വാങ്ങുന്ന ആളല്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം പറയുന്നു.


 സിപിഎമ്മിന്റെ അടിയുറച്ച പ്രവർത്തകരാണ് കുടുംബാംഗങ്ങൾ. പാർട്ടി കുടുംബമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അച്ഛൻ കൃഷ്ണൻനായരും അമ്മ രത്നമ്മയും പാർട്ടിക്കാരാണ്. ഇരുവരും അധ്യാപകരായിരുന്നു. അമ്മ രത്നമ്മ 1979ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.


 നവീൻ ബാബു സർവീസിന്റെ തുടക്കത്തിൽ എൻജിഒ യൂണിയന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ അംഗമായി. ഭാര്യയും സംഘടനയിൽ അംഗമാണ്.

ബന്ധുക്കളിൽ‍ പലരും സിപിഎം അനുകൂല സർവീസ് സംഘടനകളിൽ അംഗമാണ്. ഭാര്യയുടേതും പാർട്ടി കുടുംബമാണ്. അടുത്ത ബന്ധു ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പി.പി. ദിവ്യ തെറ്റു ചെയ്തെങ്കിൽ നടപടിയെടുക്കണമെന്നും പാർട്ടിക്കു പരാതി നൽകുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹൻ പറഞ്ഞു. കൂടുതൽ സമയവും പത്തനംതിട്ടയിലാണ് നവീൻ ജോലി ചെയ്തതെന്നും ശത്രുകൾപോലും കൈക്കൂലിക്കാരനാണെന്ന് പറയില്ലെന്നും നാട്ടുകാർ പറയുന്നു.

ദിവ്യയുടെ വഴിവിട്ട ശുപാർശ എഡിഎം അംഗീകരിക്കാത്തതാണ് വിദ്വേഷത്തിന് കാരണമെന്ന് വ്യക്തമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. സത്യസന്ധനായ ഉദ്യോഗസ്ഥനെ അഴിമതിക്കാരനായി ചിത്രീകരിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു. പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണയ്ക്കും നരഹത്യയ്ക്കും കേസെടുക്കണം.  സിപിഎം നേതാക്കൾ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥൻമാരുടെ ആത്മവിശ്വാസം തകർക്കുന്നത് പതിവായിരിക്കുകയാണ്. നിരവധി സത്യസന്ധരായ ഉദ്യോഗസ്ഥരാണ് സിപിഎമ്മിന് വഴിവിട്ട സഹായം ചെയ്തു കൊടുത്തില്ലെന്ന തെറ്റിന് ആത്മഹത്യ ചെയ്യാൻ വിധിക്കപ്പെട്ടത്- ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന്ര രമേശ് ചെന്നിത്തല ആരോപിച്ചു.

ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണ്. വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്- ചെന്നിത്തല പറഞ്ഞു. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പറഞ്ഞു.  


അതേസമയം എഡിഎമ്മിനെ ദിവ്യ വിമർശിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. എന്നാൽ യാത്രയയപ്പ് യോഗത്തിൽ നടത്തിയ പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  


‘‘ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഎം പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ അങ്ങനെ പറഞ്ഞത് അഴിമതിക്കെതിരായി സദുദ്ദേശ്യത്തോടെയാണ്. ജനപ്രതിനിധിയാകുമ്പോൾ സ്വന്തം അനുഭവത്തിലുണ്ടാകുന്ന തെറ്റായ പ്രവണതകൾ ജനങ്ങൾ പറയും. അങ്ങനെ പറഞ്ഞുകേട്ട ജനകീയ സങ്കടങ്ങളാണെങ്കിൽ പോലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. ഇതുസംബന്ധിച്ച എല്ലാ പരാതികളും സർക്കാർ അന്വേഷിക്കേണ്ടതും വ്യക്തത വരുത്തേണ്ടതുമാണ്.’’ ജയരാജൻ പറഞ്ഞു.

കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിലാണ് നവീൻ ബാബുവിനെ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരിൽനിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു നവീൻ.

യാത്രയയപ്പ് യോഗത്തിനു ശേഷം ഔദ്യോഗിക വാഹനത്തിൽ താമസസ്ഥലത്തേക്കു തിരിച്ച എഡിഎം വഴിയിൽ വണ്ടി നിർത്താൻ ആവശ്യപ്പെട്ട്, ഇറങ്ങിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇന്നു പുലർച്ചെ പത്തനംതിട്ടയിൽ എത്തേണ്ട നവീൻ ബാബുവിനെ കാത്ത് ബന്ധുക്കൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ എത്തിയിട്ടും നവീൻ ബാബു ഇറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment