Advertisment

പെട്രോള്‍ പമ്പിന് നേരെ സംഘടിത ആക്രമണം. പ്രശ്നം മാപ്പ് പറഞ്ഞ് ഒത്ത് തീര്‍ത്തു. ബൈക്ക് ഓടിച്ചെത്തിയത് 16 കാരന്‍. നടപടിയെടുക്കാതെ പോലീസും മോട്ടോര്‍ വാഹന വകുപ്പും

മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ സംഘടിത ആക്രമണം നടത്തിയ സംഭവം ഒത്ത് തീര്‍പ്പായി.

New Update
PETROL PUMP

തൊടുപുഴ: മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ സംഘടിത ആക്രമണം നടത്തിയ സംഭവം ഒത്ത് തീര്‍പ്പായി. എന്നാല്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ബൈക്ക് ഓടിച്ച് പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയ 16 കാരനെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുക്കാത്തത് വിവാദമായി. 

Advertisment

ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിലാണ് സംഘടിതരായി എത്തിയവര്‍ ശനിയാഴ്ച രാത്രി  ഗുണ്ടാ വിളയാട്ടം നടന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 16 കാരന്‍ ബൈക്കുമായി പെട്രോള്‍ പമ്പിലെത്തി 100 രൂപയ്ക്ക് പെട്രോള്‍ അടിച്ചതിന് ശേഷം പണം നല്‍കി മടങ്ങി. 

പിന്നീട് രാത്രി എട്ട് മണിയോടെ ഇയാള്‍ പിതാവിനേയും കൂട്ടി പെട്രോള്‍ പമ്പിലെത്തി. 500 രൂപയാണ് നല്‍കിയതെന്നും ബാക്കി 400 രൂപ വേണമെന്നും ആവശ്യപ്പെട്ട് ബഹളം വെക്കുകയായിരുന്നു. അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം അധിക പണം ഇല്ലായെന്ന് ഉറപ്പ് വരുത്തിയതിനെ തുടര്‍ന്ന് പമ്പ് മാനേജര്‍ 400 രൂപാ നല്‍കാന്‍ തയാറായില്ല. ഇതോടെ ഇവര്‍ കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തുകയായിരുന്നു. ഇതിന് ശേഷമാണ് ഭീഷണിപ്പെടുത്തലും ബഹളം വയ്ക്കലും ഉള്‍പ്പെടെ അതിക്രമം നടന്നത്. 


ഇത് സംബന്ധിച്ച് പമ്പ് മാനേജര്‍ തൊടുപുഴ പോലീസില്‍ രേഖാ മൂലം പരാതി നല്‍കി. സ്ഥാപനത്തില്‍ കയറി അതിക്രമം നടത്തിയ സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം വ്യാപാരികളും രംഗത്തെത്തി. 

അക്രമവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വ്യാപാരി വ്യവസായികളുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തെങ്കിലും അത് അഡ്മിന്‍ ഡിലീറ്റ് ചെയ്തത് വ്യാപാര സംഘടനക്കുള്ളിലും പ്രതിഷേധത്തിന് കാരണമായി.

 തൊടുപുഴയിലെ പ്രമുഖ സ്ഥാപന  ഉടമസ്ഥന്റെ നേതൃത്വത്തിലാണ് സംഘടിതരായി ഒരു വിഭാഗം പമ്പില്‍ എത്തിയത്. ഇതും വ്യാപാരികളുടെ ഇടയില്‍ രണ്ട് അഭിപ്രായത്തിനിടയാക്കി. ഇതിനിടെ ചെറിയ പ്രശ്നത്തിന്റെ പേരില്‍ വളരെ വേഗം സംഘടിതരായി ആളുകള്‍ എത്തിയതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും രാവിലെ തന്നെ അന്വേഷണം നടത്തിയിരുന്നു. 

ഇതിന്റെ തുടര്‍ച്ചയായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പമ്പിലെത്തിയ പ്രായപൂര്‍ത്തി ആകാത്തയാളാണെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമായത്. ഇതോടെ വാഹന ഉടമയായ പിതാവിന്റെ പേരില്‍ മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് നടപടിയെടുക്കാനുള്ള നീക്കവുമായി പോലീസ് മുന്നോട്ട് പോയി.

 ഇതോടെ ഏത് വിധേനയും പ്രശ്നം ഒത്ത് തീര്‍പ്പാക്കാന്‍ അക്രമം നടത്തിയവരെ പിന്തുണക്കുന്ന വ്യാപാരികള്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പമ്പ് ഉടമകളോടും നടത്തിപ്പുകാരോടും തൊഴിലാളികളോടും മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. 

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനം ഓടിച്ച സംഭവത്തില്‍ ലോക്കല്‍ പോലീസ് നടപടിയെടുത്തില്ലെന്ന് കാട്ടി ഉന്നത പോലീസ് - മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഏതാനും ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisment