കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ പൂജവയ്പ് ഭക്തിസാന്ദ്രമായി. നവരാത്രി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ, പൂജവെപ്പിനു മുന്നോടിയായുള്ള ഗ്രന്ഥമെഴുന്നള്ളിപ്പു ഘോഷയാത്രയില്‍ നൂറുകണക്കിനു ഭക്തര്‍ പങ്കെടുത്തു.
കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍നിന്നാണു ഗ്രന്ഥമെഴുന്നള്ളിപ്പു പുറപ്പെട്ടത്. ഇവിടെ നിന്നു വിശിഷ്ട ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ വഹിച്ചുള്ള രഥത്തിനു പരുത്തുംപാറ അടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കി.
വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയില്‍ ക്ഷേത്രത്തിനു വലംവെച്ചു ഗ്രന്ഥങ്ങള്‍ സരസ്വതിനടയില്‍ പ്രത്യേകം സജ്ജമാക്കിയ സരസ്വതി മണ്ഡപത്തില്‍ പൂജവെച്ചു.
ദേവസ്വത്തിന്റെ വകയായുള്ള ഗ്രന്ഥപ്പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന പുരാണങ്ങളടക്കമുള്ള ഗ്രന്ഥങ്ങള്‍, അപൂര്‍വ താളിയോല ഗ്രന്ഥങ്ങള്‍, ഭക്തര്‍ ക്ഷേത്രത്തില്‍ ഏല്‍പിക്കുന്ന പുസ്തകങ്ങള്‍, എഴുത്തുപകരണങ്ങള്‍ എന്നിവയാണു പൂജവച്ചത്.
സരസ്വതി നടയില്‍ ദീപാരാധനയ്ക്കുശേഷം സരസ്വതിമണ്ഡപത്തില്‍ ഗ്രന്ഥപൂജയും ആരതിയും നടന്നു. വിജയദശമിവരെ സരസ്വതി ചൈതന്യം ആവാഹിച്ചുള്ള പ്രത്യേക പൂജകളുമുണ്ട്.
വിജയദശമിക്കു പുലര്‍ച്ചെ നാലിന് വിശേഷാല്‍ പൂജകള്‍ക്കുശേഷം തന്ത്രി പൂജയെടുപ്പും നടത്തും. പൂജയെടുപ്പ് ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു വിദ്യാമണ്ഡപത്തില്‍ വിദ്യാരംഭത്തിനു തുടക്കമാകും.
പ്രത്യേകമായി ഒരുക്കിയ വിദ്യാമണ്ഡപത്തില്‍ കുട്ടികള്‍ക്ക് തിക്കും തിരക്കും അനുഭവപ്പെടാതെ ആദ്യക്ഷരം കുറിക്കാനുള്ള വിപുലമായ സൗകര്യമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. വിജയദശമിദിനം പുലര്‍ച്ചെ തുടങ്ങുന്ന എഴുത്തിനിരുത്തു പകല്‍ സമയത്തേക്കും നീളുമെന്നു ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭക്തര്‍ വിദ്യാരംഭത്തിനായി ക്ഷേത്രത്തില്‍ എത്തും.