Advertisment

പാലക്കാട് എസ്പിക്കും എഎസ്പിക്കും തൊപ്പി തെറിക്കുമോ ? പാതിരാ റെയ്ഡിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടേക്കും. കളക്ടറോട് വിശദീകരണം തേടും. സാധാരണ പരിശോധനയെന്നും രഹസ്യവിവരം കിട്ടിയെന്നും നിലപാട് മാറ്റിപ്പറഞ്ഞ് പൊലീസ്. റെയ്ഡ് കളക്ടറോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ അറിയാതെ. കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികൾക്ക് വേണ്ടിയുള്ള നാടകമെന്ന് സംശയം. എസ്പിയെ നീക്കിയാൽ സർക്കാരിന് ക്ഷീണം

പാലക്കാട്ടെ ഹോട്ടലിലെ വിവാദമായ പാതിരാ റെയ്ഡിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോടും പോലീസിനോടും റിപ്പോ‌ർട്ട് തേടും

New Update
raid pkd

തിരുവനന്തപുരം : പാലക്കാട്ടെ ഹോട്ടലിലെ വിവാദമായ പാതിരാ റെയ്ഡിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോടും പോലീസിനോടും റിപ്പോ‌ർട്ട് തേടും. ഇലക്ഷൻ ഉദ്യോഗസ്ഥരോ കളക്ടറോ അറിയാതെ അർദ്ധരാത്രിയിൽ നടത്തിയ പരിശോധനയുടെ സാഹചര്യമെന്താണ്, എവിടെ നിന്നാണ് കള്ളപ്പണത്തെക്കുറിച്ചുള്ള വിവരം കിട്ടിയത് എന്നതടക്കം വിശദീകരിക്കാൻ ആവശ്യപ്പെടും.

Advertisment

കോൺഗ്രസിന്റെ പരാതി ലഭിച്ചാൽ പാലക്കാട് എസ്.പി ആർ.ആനന്ദിനെയും റെയ്ഡിന് നേതൃത്വം നൽകിയ അസി. സൂപ്രണ്ട് അശ്വതി ജിജിയെയുമടക്കം മാറ്റുന്നതും കമ്മീഷന്റെ പരിഗണനയിലുണ്ടെന്ന് അറിയുന്നു.


മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന ഡി.ജി.പി രശ്മി ശുക്ലയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതിന് സമാനമായ നടപടി തിരഞ്ഞെടുപ്പ് കമ്മിഷൻ എടുക്കുമെന്ന് സർക്കാരും പോലീസും പ്രതീക്ഷിക്കുന്നുണ്ട്.


 ഇതേത്തുടർന്നാണ് ഹോട്ടലിൽ രണ്ടാമതും പരിശോധന നടത്തുകയും ഹാർഡ് ഡിസ്ക് പിടിച്ചെടുക്കുകയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തത്. മറ്റാർക്കോ വേണ്ടിയാണ് പോലീസ് പാതിരാ റെയ്ഡ് നടത്തിയതെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. അതേസമയം കോൺഗ്രസ് ഇതുവരെ പരാതി നൽകാത്തതാണ് ശക്തമായ നടപടിയെടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലുള്ള തടസം.

കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിലടക്കം പാതിരാത്രി നടന്ന പരിശോധനയെ കുറിച്ച് പൊലീസ് നൽകിയ വിശദീകരണങ്ങളിൽ അടിമുടി വൈരുധ്യമാണുള്ളത്. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ ആദ്യ വിശദീകരണം.


 എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു. പിന്നീട് എതിർ പാർട്ടികളിലുള്ളവർ വിവരം നൽകിയെന്നും പറഞ്ഞു.


 റെയ്ഡ് നടന്ന ഹോട്ടലിൽ അതേസമയത്ത് ബിജെപി, സി.പി.എം പ്രവർത്തകരെത്തിയതും ദുരൂഹമാണ്‌. 12 മുറികൾ അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകിയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്നും പൊലീസ് മടങ്ങിയത്.  

ഹോട്ടൽ മുറികളിലെ പൊലീസ് പരിശോധനയെ കുറിച്ച് പാലക്കാട് എഎസ്പി അശ്വതി ജിജിയാണ് ആദ്യം വിശദീകരണം നൽകിയത്. ആരുടെയും പരാതി കിട്ടിയിട്ടല്ല പൊലീസ് പരിശോധന നടത്തിയതെന്നും സാധാരണ പരിശോധന മാത്രമായിരുന്നുവെന്നുമാണ് എഎസ്പി അശ്വതി ജിജി മാധ്യമങ്ങളോട് പ്രതികരിച്ചത്.


 എന്നാൽ വനിതാ പൊലീസില്ലാതെ കോൺഗ്രസിന്റെ വനിതാ നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയതിനെതിരെ അടക്കം വലിയ പ്രതിഷേധമുണ്ടായതോടെ മുൻ നിലപാടിൽ നിന്ന് പൊലീസ് മലക്കം മറിഞ്ഞു.


 ഹോട്ടലിൽ റെയ്ഡ് നടത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും റെയ്ഡ് തുടങ്ങിയ ശേഷമാണ് തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതെന്നുമാണ് പാലക്കാട് എസ് പി ആർ ആനന്ദ് പറഞ്ഞത്. വനിതാ പൊലീസെത്തിയ ശേഷമാണ് വനിതകൾ മാത്രമുള്ള റൂം പരിശോധിച്ചതെന്നും എസ് പി ആർ ആനന്ദ് വിശദീകരിച്ചു.

വരണാധികാരിയായ കളക്ടർ പോലും അറിയാതെയായിരുന്നു പാതിരാ റെയ്ഡെന്നതാണ് ഗൗരവതരം.  റെയ്ഡ് തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞാണ് ജില്ലാ കളക്ടർ വിവരമറിഞ്ഞത്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കളക്ടറെ ഒരു മണിക്കാണ് പൊലീസ് വിവരം അറിയിച്ചത്. അപ്പോഴേക്കും റെയ്ഡ് അവസാന ഘട്ടത്തിൽ എത്തിയിരുന്നു.


 ഇതേക്കുറിച്ച് കളക്ടർ ഡോ.എസ്.ചിത്രയുടെ പ്രതികരണം ഇങ്ങനെ-  പൊലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അതിൽ അപാകതയില്ല. വിവരം കിട്ടിയതും ഉടൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.


പ്രതിപക്ഷത്തിനെതിരെ ഡി.ജി.പി പ്രവർത്തിക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തെ തുടർന്നാണ്  മഹാരാഷ്ട്ര ഡി.ജി.പി രശ്മി ശുക്ലയെ തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയത്. അനധികൃതമായി പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയെന്ന ആരോപണവും അവർക്കെതിരേ ഉണ്ടായിരുന്നു.

കോൺഗ്രസ്, ശിവസേന(ഉദ്ധവ് വിഭാഗം), എൻ.സി.പി(ശരത് പവാർ വിഭാഗം) എന്നിവക്കെതിരെ ഡി.ജി.പി പ്രവർത്തിക്കുന്നെന്നായിരുന്നു പരാതി. തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ നിഷ്പക്ഷവും നീതിയുക്തവുമായ നിലപാടുകൾ കൈക്കൊള്ളണമെന്നും ചുമതലകൾ നിർവഹിക്കുമ്പോൾ പക്ഷപാതരഹിതമാണെന്ന് ഉറപ്പാക്കണമെന്നും ചീഫ് ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ നേരത്തെ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ ജാർഖണ്ഡ് ഡി.ജി.പിയായിരുന്ന അനുരാഗ് ഗുപ്തയെ നീക്കണമെന്നും കമ്മിഷൻ ഉത്തരവിട്ടിരുന്നു.

Advertisment