തിരുവനന്തപുരം: കേരളം അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത അതിശക്തമായ പ്രചാരണ കോലാഹലത്തിനൊടുവിൽ പാലക്കാടൻ ജനത നാളെ വിധിയെഴുതും. അതിശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന പാലക്കാട്ടേത് മൂന്ന് മുന്നണികൾക്കും ജീവന്മരണ പോരാട്ടമാണ്.
ജയം തുടരാൻ യു.ഡി.എഫും തിരിച്ചടിക്കാൻ ബി.ജെ.പിയും മൂന്നിൽ നിന്ന് കരകയറി വിജയക്കപ്പടിക്കാൻ എൽ.ഡി.എഫും തന്ത്രങ്ങൾ മെനയുകയാണ്. ഓരോ വോട്ടും നിർണായകമായ പാലക്കാട്ട് പരമാവധി പോളിംഗിനായിരിക്കും മുന്നണികളുടെ ശ്രമം.
അടിയൊഴുക്കുകൾ വിധിയെഴുതുന്ന മണ്ഡലത്തിൽ പോളിംഗിന് മണിക്കൂറുകൾ മാത്രം ശേഷിക്കവേ, പ്രവചനങ്ങൾ അസാദ്ധ്യമാണ്. മൂന്നു മുന്നണികളും കട്ടയ്ക്ക് കട്ടയെന്ന കണക്കിൽ പാലക്കാട്ട് പ്രചാരണം നടത്തി. നിശബ്ദ പ്രചാരണത്തിന്റെ ദിവസവും പാലക്കാട്ട് മുന്നണികളുടെ സ്ക്വാഡ് പ്രവർത്തനമടക്കം കാര്യമായി പുരോഗമിക്കുന്നു.
കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത വിധം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും യു.ഡി.എഫും നേർക്കുനേർ ഏറ്റുമുട്ടുന്നതാണ് പാലക്കാട്ടെ കാഴ്ച. എൽ.ഡി.എഫ് അവിടെ മൂന്നാം സ്ഥാനത്തായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തുകയും തൃശൂർ പിടിക്കുകയും ചെയ്ത ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നത് അയൽപക്കത്തെ പാലക്കാട് നിയമസഭാ മണ്ഡലമാണ്.
ആഞ്ഞുപിടിച്ചാൽ കഴിഞ്ഞതവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ മണ്ഡലം പിടിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതിനായാണ് നാട്ടുകാരനായ കൃഷ്ണകുമാറിനെ പാർട്ടി രംഗത്തിറക്കിയത്. 2021ൽ മെട്രോമാൻ ഇ. ശ്രീധരനെ ഇറക്കി മണ്ഡലത്തിൽ തരംഗമുണ്ടാക്കിയെങ്കിലും കേവലം 3859 വോട്ടിനാണ് പരാജയപ്പെട്ടത്.
ബി.ജെ.പിയുടെ ജയം തടയാൻ സി.പി.എം യു.ഡി.എഫിന് വോട്ടുമറിച്ചെന്ന ആരോപണം ഇപ്പോഴും പാലക്കാട്ട് മുഴങ്ങിക്കേൾക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽനിന്ന് യു.ഡി.എഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബി.ജെ.പിയേക്കാൾ 9707 വോട്ട് യു.ഡി.എഫിന് അധികം ലഭിച്ചു.
നഗരസഭാ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിനു ഴിഞ്ഞു. ഇതേ മുന്നേറ്റം തുടർന്നാൽ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. 2011-ൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന വാശിയോടെയുമാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിൽ ഇടതു ശ്രമം. കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഇടതുപക്ഷത്തിന് അനുകൂലമാണ്.
വാശിയേറിയ 35ദിവസത്തെ പ്രചാരണത്തിനൊടുവിലാണ് പാലക്കാട് നാളെ ബൂത്തിലേക്ക് പോവുന്നത്. കേരള രാഷ്ട്രീയം ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും ചൂടേറിയ പ്രചാരണമാണ് പാലക്കാട്ട് കണ്ടത്.
സ്ഥാനാർത്ഥി നിർണയത്തിലെ പൊട്ടലും ചീറ്റലിലും ആരംഭിച്ച് കൊടകര കള്ളപ്പണവും ട്രോളി വിവാദവും കഴിഞ്ഞ് ജമാഅത്തെ ഇസ്ലാമി ബന്ധവും സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനും ഒടുവിൽ തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനവും വരെയുള്ള വിവാദങ്ങൾ പാലക്കാട്ട് അലയടിച്ചു. വിജയം നിലനിർത്താൻ കോൺഗ്രസും മണ്ഡലം പിടിക്കാൻ ബി.ജെ.പിയും കൈവിട്ട പ്രതാപം അസ്തമിച്ചിട്ടില്ലെന്ന് തെളിയിക്കാൻ സി.പി.എമ്മും തീവ്രശ്രമത്തിലാണ്.
വിവാദങ്ങൾ കനത്തതോടെ വികസനവും ജനകീയ വിഷയങ്ങളും ചർച്ചയാകാതെ പോയി. പാലക്കാട്ടെ വികസന മുരടിപ്പാണ് എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്.
മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിഷയങ്ങളും ഷാഫി പറമ്പിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് വോട്ട് തേടിയത്. പാലക്കാട് നഗരസഭയിൽ ബി.ജെ.പി നടപ്പാക്കിയ വികസനങ്ങളും കൗൺസിലറായിരിക്കെ സി.കൃഷ്ണകുമാർ നടത്തിയ ഇടപെടലുകളമാണ് ബി.ജെ.പിയുടെ തുറുപ്പുചീട്ട്.
1,94,706 വോട്ടർമാരാണ് വിധിയെഴുതുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2306 പേർ 85 വയസിനു മുകളിൽ പ്രായമുള്ളവരും 780 പേർ ഭിന്നശേഷിക്കാരും നാലു പേർ ട്രാൻസ്‌ജെൻഡർമാരുമാണ്. 2445 കന്നിവോട്ടർമാരും 229പേർ പ്രവാസി വോട്ടർമാരുമാണ്. ആകെ പത്തു സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
സി.കൃഷ്ണകുമാർ (ബി.ജെ.പി, ചിഹ്നം: താമര), രാഹുൽ മാങ്കൂട്ടത്തിൽ (ഐ.എൻ.സി, ചിഹ്നം: കൈ), ഡോ.പി.സരിൻ (സ്വതന്ത്രൻ, ചിഹ്നം സ്റ്റെതസ്‌കോപ്പ്), എം.രാജേഷ് ആലത്തൂർ (സ്വതന്ത്രൻ, ചിഹ്നം: ഗ്യാസ് സിലിണ്ടർ), രാഹുൽ.ആർ (സ്വതന്ത്രൻ, ചിഹ്നം: എയർ കണ്ടീഷണർ), രാഹുൽ മണലാഴി(സ്വതന്ത്രൻ, ചിഹ്നം:തെങ്ങിൻ തോട്ടം), എൻ.എസ്.കെ പുരം ശശികുമാർ (സ്വതന്ത്രൻ, ചിഹ്നം: കരിമ്പു കർഷകൻ), എസ്. ശെലവൻ (സ്വതന്ത്രൻ, ചിഹ്നം: ഓട്ടോറിക്ഷ), ബി. ഷമീർ (സ്വതന്ത്രൻ, ചിഹ്നം: ടെലിവിഷൻ), ഇരുപ്പശ്ശേരി സിദ്ധീഖ് (സ്വതന്ത്രൻ, ചിഹ്നം:ബാറ്ററി ടോർച്ച് ) എന്നിവരാണ് സ്ഥാനാർത്ഥികൾ.
മുന്നണികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സന്ദീപ് വാര്യരുടെ വരവോടെ പാലക്കാട് ആവേശം ഇരട്ടിയായിട്ടുണ്ടെന്നും 15,000 ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് യുഡിഎഫ് പ്രവർത്തകരും നേതാക്കളും അവകാശപ്പെടുന്നത്. അതേസമയം, യുഡിഎഫിനെ കടപുഴക്കി കടലിൽ തള്ളുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
സി കൃഷ്ണകുമാർ വലിയ ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ബിജെപിയും വ്യക്തമാക്കുന്നു. സുരക്ഷയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാപോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പഴുതടച്ച സുരക്ഷ എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്.
ഏഴ് വോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. 58 എണ്ണം സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളിൽ കേന്ദ്ര സുരക്ഷാ സേനയുടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്.