പാലക്കാട് : വിവാദങ്ങളും ട്വിസ്റ്റുകളും രാഷ്ട്രീയ കൂറു മാറ്റങ്ങളും കൊണ്ട് ശ്രദ്ധ നേടിയ ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി. ഒരു മാസത്തിലേറെയായി നടന്ന പ്രചരണത്തിലെ വീറും വാശിയും പ്രകടമാക്കുന്ന പ്രകടനത്തോടെ ആയിരുന്നു പരസ്യ പ്രചരണത്തിൻ്റെ കൊട്ടിക്കലാശം.
സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് ആയിരുന്നു മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണം ആവേശകരമായി കൊട്ടികലാശിച്ചത്. വാദ്യ മേളങ്ങളും ആട്ടവും പാട്ടും ഒക്കെയായി പ്രവർത്തകർ പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകൾ ശരിക്കും ആഘോഷിച്ചു.
യു.ഡി.എഫ് , ബിജെപി മുന്നണികൾ ഒലവക്കോട് നിന്ന് റോഡ് ഷോയോടെയാണ് കൊട്ടിക്കലാശം നടക്കുന്ന സ്ഥലത്തേക്ക് വന്നത്. യു.ഡി.എഫ് റോഡ് ഷോയിൽ സിനിമ താരം രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.
ബിജെപിയുടെ റോഡ് ഷോയിൽ സ്ഥാനാർഥിയുടെ വാഹനത്തിൽ സി. കൃഷ്ണകുമാറിന് ഒപ്പം നേതാക്കളായ പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരും ഉണ്ടായിരുന്നു. നിരവധി പ്രവർത്തകർ അണി നിരന്ന ബൈക്ക് റാലിയും ബി.ജെ.പി റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി.
ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നായിരുന്നു എൽ.ഡി.എഫിൻ്റെ റോഡ് ഷോയുടെ തുടക്കം. സുൽത്താൻ പേട്ട സിഗ്നൽ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എത്തി.
ബസ് സ്റ്റാൻഡിന് മുന്നിലേക്ക് വന്ന് ചേരുന്ന നിരഞ്ജൻറോഡിൽ യു.ഡി എഫും , മുന്നിലൂടെ കടന്നു പോകുന്ന റോഡിൽ കൽമണ്ഡപം ഭാഗത്ത് ബി.ജെ.പിയും സുൽത്താൻ പേട്ട ഭാഗത്ത് എൽ.ഡി.എഫ് പ്രവർത്തകരും നിലയുറപ്പിച്ചു. ഇതോടെ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരം ഉപതിരഞ്ഞെടുപ്പ് ആവേശത്തിൽ അമർന്നു.
പാലക്കാട് ഇതുവരെ കാണാത്ത തരത്തിലുള്ള വാശിയേറിയ ത്രികോണ മത്സരത്തിൻ്റെ ചൂട് കലാശ ക്കൊട്ടിലും ദൃശ്യമായി.
മണ്ഡലത്തിൽ വിജയ സാധ്യത കൽപ്പിക്കപ്പെടുന്ന യു.ഡി.എഫും ബിജെപിയും നഷ്ട പ്രതാപം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന ഇടത് മുന്നണിയും കലാശക്കൊട്ട് കൊഴുപ്പിക്കാൻ രാവിലെ മുതൽ തന്നെ കളത്തിൽ ഇറങ്ങിയിരുന്നു.
മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളും മണ്ഡലത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലുമെത്തി. പട്ടണത്തിൻ്റെ വിവിധ കേന്ദ്രങ്ങളിലെ വികസന പ്രശ്നങ്ങളിലും സ്ഥാനാർഥികൾ ഇടപെട്ടു.
പ്രധാന നേതാക്കളുടെ പ്രസ്താവന യുദ്ധമായിരുന്നു പരസ്യ പ്രചാരണത്തിൻ്റെ അവസാന ദിവസത്തെ മറ്റൊരു പ്രത്യേകത. പാണക്കാട് സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചതിന് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള യു.ഡി.എഫിൻ്റെ മുൻനിര നേതാക്കൾ ശക്തമായി രംഗത്തു വന്നു.
മുനമ്പം വിഷയത്തിൽ അടക്കം സമാധാനപാലനത്തിനായി ശക്തമായി ഇടപെട്ട പാണക്കാട് തങ്ങളെ വിമർശിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നായിരുന്നു യു.ഡി.എഫ് നേതാക്കൾ ഉന്നയിച്ച പ്രധാന ആക്ഷേപം.
എന്നാൽ കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ പാണക്കാട് തങ്ങളെ വീട്ടിൽ എത്തി സന്ദർശിച്ചതാണ് ബി.ജെ.പി നേതാക്കൾ പ്രചാരണത്തിൻ്റെ സമാപന ദിവസം ആയുധമാക്കിയത്. മറ്റൊരു സമുദായ നേതാവിൻ്റെയോ ഘടകകക്ഷി നേതാവിൻ്റെയോ ഭവനം സന്ദർശിക്കാൻ പോകാതെ സന്ദീപ് വാര്യർ പാണക്കാടേക്ക് മാത്രം പോയത് എന്തിനാണ് എന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ചോദ്യം.
മുസ്ലിം വോട്ടുകളുടെ പിന്തുണ ഉറപ്പിക്കലാണ് യു.ഡി.എഫ് ലക്ഷ്യം എന്ന് മനസിലാക്കി ഹിന്ദു വോട്ടുകൾ അനുകൂലം ആക്കുകയായിരുന്നു സുരേന്ദ്രൻ്റെ ലക്ഷ്യം. സുരേന്ദ്രന് പിന്നാലെ മറ്റ് ബിജെപി നേതാക്കളും ഇതേ പ്രതികരണവുമായി രംഗത്ത് വന്നു.
പാണക്കാട് തങ്ങളെ വിമർശിച്ചു എന്ന കുറ്റം ചാർത്തി യു.ഡി.എഫ് നേതാക്കൾ ഒന്നടങ്കം കളത്തിലിറങ്ങിയത് രാഷ്ട്രീയ തന്ത്രമാണെന്ന് തിരിച്ചറിഞ്ഞ് എൽ.ഡി.എഫും ശക്തമായി മറുപടി നൽകി.
രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിലാണ് മുഖ്യമന്ത്രി പാണക്കാട് തങ്ങളെ വിമർശിച്ചതെന്നായിരുന്നു എൽ.ഡി.എഫ് മറുപടി. മുഖ്യമന്ത്രിയെ സംഘി എന്ന് വിളിച്ച കെ.എം.ഷാജിക്ക് എതിരെ കടുത്ത വിമർശനം നടത്തി ശ്രദ്ധതിരിച്ച് വിടാനും സിപിഎം നേതാക്കൾ ശ്രമിച്ചു.
മുതിർന്ന നേതാക്കളും യുവ ജന നേതാക്കളും ഒരു പോലെ ഷാജിയെ വിമർശിച്ച് രംഗത്തെത്തി. ആവേശം വിതറിയ കലാശക്കൊട്ടിൻ്റെ ആവേശം വോട്ടെടുപ്പിലും പ്രതിഫലിക്കണമെന്നാണ് മുന്നണികളുടെ പ്രാർഥന.