പാലക്കാട്: ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയനായ ബിജെപി യുവ നേതാവിനെ സ്വന്തം പാളയത്തിലെത്തിച്ച് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി കോണ്‍ഗ്രസ് നീക്കം.
തെരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡോ. പി സരിനെ ഇടതു പാളയത്തിലെത്തിച്ച് സിപിഎം നടത്തിയ ആദ്യ നീക്കത്തിന് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ കാര്യമായ പ്രസക്തി ഇല്ലാതായിരുന്നു.
ഇതിനിടെയാണ് പ്രചരണത്തിന്‍റെ അവസാനഘട്ടത്തിലെത്തിയതോടെ ബിജെപിക്കെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നല്‍കിയാണ് കോണ്‍ഗ്രസിന്‍റെ നീക്കം.
പാലക്കാട് നഗരസഭയില്‍ ഉള്‍പ്പെടെ ബിജെപി മേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ ശേഷിയുള്ള യുവ നേതാവിനെയാണ് കോണ്‍ഗ്രസ് റാഞ്ചിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തുടക്കത്തില്‍ ബിജെപിക്കുവേണ്ടി പ്രചരണരംഗത്തുണ്ടായിരുന്ന നേതാവാണ് സന്ദീപ് വാര്യര്‍.
ഈ ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ബിജെപിക്കുവേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വരെ സജീവമായിരുന്ന സന്ദീപ് വാര്യരും ബിജെപി നേതൃനിരയും തമ്മിലുണ്ടായ ഭിന്നതയാണ് സന്ദീപിനെ കോണ്‍ഗ്രസിലെത്തിച്ചത്.
പ്രചരണത്തിനിടെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്ന സന്ദീപ് വാര്യറെ ഒരു ഘട്ടത്തില്‍ സിപിഎം നേതാക്കളും ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. സന്ദീപ് മികച്ച നേതാവെന്നായിരുന്നു മുതിര്‍ന്ന നേതാവ് എ.കെ ബാലന്‍ പ്രതികരിച്ചത്. ആ ഘട്ടത്തില്‍ സന്ദീപിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയും ചെയ്തു.
ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് സന്ദീപിനെ കോണ്‍ഗ്രസിലെത്തിച്ചത്.
ആര്‍എസ്എസിനും ബിജെപിക്കുമൊക്കെ കാര്യാലയം നിര്‍മ്മിക്കാന്‍ സ്വന്തം കുടുംബത്തില്‍ നിന്നുള്ള ഭാഗം സൗജന്യമായി നല്‍കിയ യുവ നേതാവാണ് കോണ്‍ഗ്രസിലേയ്ക്ക് പോയതെന്നതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
സന്ദീപിനെ ബിജെപി പക്ഷത്ത് പിടിച്ചു നിര്‍ത്താന്‍ ആര്‍എസ്എസ് നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. പക്ഷേ അനുനയ നീക്കങ്ങള്‍ക്ക് സന്ദീപ് വഴങ്ങിയില്ല. ആര്‍എസ്എസിന്‍റെ ശക്തികേന്ദ്രമായ നഗരസഭയിലെ മൂത്താന്‍ തറയില്‍ വരെ കുടുംബ വേരുകളുള്ള സന്ദീപിന്‍റെ ചുവടുമാറ്റം ബിജെപിക്ക് കനത്ത വെല്ലുവിളിയാണ്.
മാത്രമല്ല, 'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി' എന്നു പറഞ്ഞു നടന്നവര്‍ക്ക് കേരളത്തിലെങ്കിലും 'ഇന്നത്തെ ബിജെപി നാളത്തെ കോണ്‍ഗ്രസ് ' എന്ന് തിരുത്തേണ്ടിയും വരും.