പാലക്കാട്: തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വോട്ടുവിഹിതം വർധിപ്പിച്ചത് ഏവരെയും അമ്പരിപ്പിച്ചു. സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമായി പാർട്ടി വളരുമ്പോഴും തിരിച്ചടിയാവുന്നത് പാർട്ടിക്കുള്ളിലെ പടലപ്പിണങ്ങളും തർക്കങ്ങളും എല്ലാമാണ്.
പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ജയിക്കാം എന്ന് തൃശ്ശൂർ കാണിച്ചു തന്നിട്ടും പാർട്ടി നേതൃത്വം ആ പാഠം മാത്രം പഠിക്കുന്നില്ല എന്നത് ഇപ്പോൾ പാലക്കാട്ടെ സംഭവങ്ങൾ തെളിയിക്കുകയാണ്.
കോട്ടയം ജില്ലയിലൊഴികെ മറ്റു മണ്ഡലങ്ങളിലെല്ലാം 2019 നേക്കാൾ മികച്ച പ്രകടനമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ച്ചവെച്ചത്. താമര ചിഹ്നത്തിൽ ചരിത്രത്തിൽ ആദ്യമായി ലോക്സഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാനായത് മാത്രമല്ല മിക്ക മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തിനടുത്ത് വോട്ട് നേടാനും ബിജെപിക്ക് സാധിച്ചു.
തിരുവനന്തപുരത്ത് പാർട്ടി രണ്ടാം സ്ഥാനത്തുമെത്തി. ബിജെപിയോടുള്ള കാഴ്ചപ്പാടിലും സമീപനത്തിലും വോട്ടർമാർക്കുണ്ടായ മാറ്റമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. നിഷ്പക്ഷ വോട്ടുകളാണ് പലയിടത്തും ബിജെപിയ്ക്ക് കരുത്ത് പകരുന്നത്. പക്ഷെ ഒന്നിച്ചു നിന്നാൽ ജയിക്കാം എന്ന വസ്തുത പാടേ മറക്കുകയാണ് പാർട്ടി വീണ്ടും.
പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ ഒരു പക്ഷത്തും ദേശീയ നിർവ്വാഹക സമിതി അംഗവും മുൻ അധ്യക്ഷനുമായ പി.കെ കൃഷ്ണദാസ് മറു പക്ഷത്തും വി മുരളിധരൻ മറ്റൊരു വശത്തും നിലയുറപ്പിച്ചായിരുന്നു മുമ്പെല്ലാം പോര്.
സംസ്ഥാന തലത്തിൽ എഎൻ രാധാകൃഷ്ണൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നീ നേതാക്കൾ ഇപ്പോഴും സുരേന്ദ്രനെ അംഗീകരിച്ചിട്ടില്ലെന്നത് മറ്റൊരു വസ്തുത.
ഇതിനിടയിലാണ് ഇന്നിപ്പോൾ വഴക്ക് താഴേതട്ടിൽ വരെയെത്തി എന്നത് സന്ദിപ് വാര്യരിലൂടെ വ്യക്തമാവുന്നത്. മഴ പെയ്തു തോർന്നപ്പോൾ മരം പെയ്യുന്നു എന്ന അവസ്ഥയാണിപ്പോൾ പാർട്ടിയിൽ.
ഒളിഞ്ഞും തെളിഞ്ഞും പരസ്പരം വിമര്‍ശനം ഉന്നയിക്കുകയാണ് നേതാക്കള്‍. ഇതിനെതിരെ കേന്ദ്ര നേതൃത്വം പല തവണ മുന്നറിയിപ്പും താക്കീതും നൽകിയിട്ടും കാര്യങ്ങൾ പഴയപടി തുടരുകയാണ്.
'നായയുടെ വാൽ പന്തീരായിരം വർഷം കുഴലിലിട്ടാലും' എന്ന് പറയുന്നത് പോലെയാണ് പാർട്ടിയിലെ പടലപ്പിണക്കം. ഇതോടൊപ്പം ഉയരുന്ന കൊടകര കുഴൽപ്പണ കേസും മഞ്ചേശ്വരം കോഴ ആരോപണങ്ങളുമെല്ലാം പാർട്ടി നേതൃത്വത്തിൻ്റെ പ്രതിഛായയ്ക്ക് കളങ്കം തീർക്കുന്നുണ്ട്.
നിലവിൽ രണ്ടാം സ്ഥാനത്തുള്ള പാലക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യവും ഇപ്പോൾ ബിജെപിയ്ക്ക് അനുകൂലമാണ്. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് എതിരെ യുത്ത് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നതും കോൺഗ്രസ് പാർട്ടി വിട്ട് സരിൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായതുമെല്ലാം ബിജെപിയ്ക്ക് കളം പിടിക്കാൻ അവസരം ഒരുക്കി.
എന്നാൽ അന്തിയാകും വരെ വെള്ളം കോരി അന്തിയ്ക്ക് കുടമുടക്കുകയാണിപ്പോൾ ബി ജെ പി. ജയം മാത്രം പ്രതീക്ഷിച്ച് പ്രചരണത്തിന് ഇറങ്ങിയ പ്രവർത്തകരും ഇതോടെ നിരാശയിലാണ് .