പാലക്കാട്: യുഡിഎഫും ഇടതുപക്ഷവും സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളില്‍ മിന്നും നീക്കങ്ങളുമായി കളം പിടിക്കുമ്പോള്‍ 'എ' ക്ലാസ് മണ്ഡലമായ പാലക്കാട് ഇനിയും മെല്ലെപ്പോക്കില്‍ ബിജെപി. ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളിലെ 'സാധ്യതകളില്‍' നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള സാഹചര്യങ്ങള്‍ പാര്‍ട്ടി കളഞ്ഞുകുളിക്കുമോ എന്ന ആശങ്ക ബിജെപിയുടെ അണികള്‍ക്കുണ്ട്.
തെക്കന്‍ ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ യുഡിഎഫും കോണ്‍ഗ്രസ് വിട്ടുവന്ന നേതാവിനെ ഇടതു മുന്നണിയും അവതരിപ്പിച്ചിരിക്കെ നാട്ടുകാരനായ ഒരു ബിജെപി സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് ജില്ലയിലെ നേതാക്കളുടെ പ്രതീക്ഷ.
സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രനെ ഈ ഘട്ടത്തില്‍ പാലക്കാട് അവതരിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ വിലയിരുത്തല്‍.
പകരം മണ്ഡലത്തില്‍ നിന്നുള്ള സി കൃഷ്ണകുമാറിന്‍റെ പേരാണ് ഭൂരിപക്ഷവും മുന്നോട്ടുവയ്ക്കുന്നത്. കൃഷ്ണകുമാറിനെ മല്‍സരിപ്പിച്ചാല്‍ പ്രാദേശിക വികാരം അനുകൂലമാകും എന്ന വിലയിരുത്തലിലാണ് ഈ വിഭാഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ശോഭാ സുരേന്ദ്രനുവേണ്ടി ശക്തമായി രംഗത്തുള്ളത്.
കെ സുരേന്ദ്രന്‍ മല്‍സരിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. പക്ഷേ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പറയുന്ന 'ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി' എന്ന ആരോപണം സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായാല്‍ ഗുണം ചെയ്യുമോ എന്ന സംശയമുണ്ട്.
പക്ഷേ മറ്റൊരാള്‍ മല്‍സരിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ ഐക്യവും വാശിയും സുരേന്ദ്രന്‍ മല്‍സരിച്ചാല്‍ ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. എന്തായാലും ഇനിയും സ്ഥാനാര്‍ഥി വൈകരുതെന്ന വികാരമാണ് പ്രാദേശിക തലത്തില്‍ ബിജെപി നേതാക്കള്‍ പങ്കുവയ്ക്കുന്നത്.