പാലക്കാട് : ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് കണക്കുകൾ വ്യക്തമായതോടെ വിജയ പ്രതിക്ഷയിൽ ബിജെപി ക്യാമ്പ്. മെട്രോമാൻ ഇ. ശ്രീധരനിലൂടെ നേടാൻ കഴിയാത്ത വിജയം ഉപതെരഞ്ഞെടുപ്പിൽ സി. കൃഷ്ണകുമാറിലൂടെ ലഭിക്കും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
5000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണകുമാർ ജയിക്കും എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിൽ മെച്ചപ്പെട്ട നിലയിൽ പോളിംഗ് നടന്നതും യുഡിഎഫ് ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തിൽ പോളിംഗ് ശതമാനം കുറഞ്ഞതുമാണ് വിജയപ്രതീക്ഷയുടെ അടിസ്ഥാനം.
70.51 % പോളിംഗ് രേഖപ്പെടുത്തിയപ്പോൾ നഗരസഭാ പരിധിയിലെ മൂത്താൻതറ, വടക്കന്തറ, കൽപ്പാത്തി തുടങ്ങിയ ബി.ജെ.പി സ്വാധീന മേഖലകളിൽ നല്ല നിലയിൽ വോട്ട് ചെയ്യിക്കാനായി എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
71.10 % വോട്ടാണ് നഗരസഭയിൽ പോൾ ചെയ്തത്. നഗരസഭ പരിധിയിലെ വോട്ടുകളിലൂടെ വേണം ബിജെപിക്ക് മേൽക്കൈ നേടാൻ. മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലും ബിജെപിക്ക് ലീഡ് ലഭിക്കാറില്ല.
52 വാർഡുകൾ ഉള്ള പാലക്കാട് നഗരസഭയിൽ നിന്ന് 10000 മുതൽ 15,000 വരെ വോട്ടുകളുടെ ലീഡാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ. ശ്രീധരന് നഗരസഭാപരിധിയിൽ മികച്ച ലീഡ് നേടാനായിരുന്നു.
എന്നാൽ യുഡിഎഫ് സ്വാധീനമുള്ള പിരായിരി പഞ്ചായത്തിൽ ഷാഫി പറമ്പിലിന് ആയിരുന്നു മേൽക്കൈ. ഇതാണ് ശ്രീധരൻ പരാജയപ്പെടാനുള്ള കാരണം. എന്നാൽ ഇത്തവണ പിരായിരിയിലെ പോളിങ്ങിൽ വന്ന ഇടിവ് യുഡിഎഫിന് ദോഷം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
2021ൽ 77% പോളിംഗ് നടന്ന പിരായിരിയിൽ ഉപതെരഞ്ഞെടുപ്പിൽ 70.89% പോളിംഗ് മാത്രമേ നടന്നിട്ടുള്ളൂ. പോളിംഗ് ശതമാനത്തിലെ ഈ കുറവ് യുഡിഎഫിന്റെ ഭൂരിപക്ഷത്തെയും ബാധിക്കും.
പിരായിരിയിൽ നിന്നുള്ള ലീഡാണ് കോൺഗ്രസിന് വിജയ പാതയിലേക്കുള്ള വഴിയിൽ തുറന്നു കൊടുക്കേണ്ടത്. പോളിങ്ങ് ശതമാനത്തിലെ കുറവ് ലീഡ് നിലയിലും പ്രതിഫലിച്ചാൽ യുഡിഎഫിന് ക്ഷീണമാകും.
മണ്ഡലത്തിലെ മറ്റ് രണ്ട് പഞ്ചായത്തുകളായ കണ്ണാടിയിലും മാത്തൂരിലും എൽഡിഎഫിന് ലീഡ് ലഭിക്കാനാണ് സാധ്യത. ഈ കണക്കുകൂട്ടലിലാണ് ബിജെപി വിജയപ്രതീക്ഷ വെച്ചു പുലർത്തുന്നത്.
കണ്ണാടിയിൽ 70.15% ആണ് പോളിംഗ്. മത്തൂരിൽ 70.11 % വോട്ടുകൾ പോൾ ചെയ്തു. നഗരസഭയിലാണ് പഞ്ചായത്തുകളെ അപേക്ഷിച്ച് കൂടുതൽ പോളിംഗ് നടന്നത്.
2021ൽ സംഭവിച്ചത് പോലെ ഇടതു കേന്ദ്രങ്ങളിൽനിന്ന് യുഡിഎഫിന് വോട്ട് പോയിട്ടില്ലെന്നും ബിജെപി വിലയിരുത്തുന്നു. രാഹുൽ മാങ്കൂട്ടത്തിലിനോട് കടുത്ത വിരോധം വെച്ചു പുലർത്തുന്ന എൽഡിഎഫ് അണികൾ ക്രോസ് വോട്ടിങ്ങിന് വൈമുഖ്യം കാട്ടി.
ഡോ. പി. സരിൻ സ്ഥാനാർത്ഥിയായി വന്നത് എൽഡിഎഫ് അണികളിൽ വലിയതോതിൽ ആവേശം ഉണ്ടാക്കുകയും ചെയ്തു. സിപിഎം കേന്ദ്രമായ കണ്ണാടി പഞ്ചായത്തിൽ മികച്ച പോളിംഗ് ആണ് നടന്നത്.
കണ്ണാടിയിൽ 4000 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് വിമതരിൽ നിന്നും എൽഡിഎഫിനും ബി.ജെ.പിക്കും സഹായം ലഭിച്ചതായും വിവരമുണ്ട്.
നഗരസഭയിൽ ലീഡ് ചെയ്യുകയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്താൽ ബിജെപിക്ക് വിജയം അന്യമാകില്ല.
സ്ഥാനാർത്ഥി നിർണയത്തിലും പിന്നീട് സന്ദീപ് വാര്യർ വിഷയത്തിലും പ്രശ്നങ്ങൾ നിലനിന്നിരുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആർഎസ്എസ് ആണ് മുന്നോട്ടു കൊണ്ടുപോയത്. താഴെത്തട്ടിൽ ആർഎസ്എസ് പ്രവർത്തനം ശക്തമാക്കുമ്പോഴും സ്ഥാനാർത്ഥി എന്ന നിലയിൽ സി.കൃഷ്ണകുമാറിന് ആദ്യ ഘട്ടത്തിൽ ബിജെപി അണികൾക്കിടയിൽ പോലും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല.
തുടർച്ചയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണ് കൃഷ്ണകുമാറിന് വിനയായത്. എന്നാൽ പ്രചാരണം മുറുകിയതോടെ ഇത് കുറച്ചെങ്കിലും പരിഹരിക്കാൻ ആർഎസ്എസിന് കഴിഞ്ഞു.
വിജയിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തി യായിരുന്നു ആർഎസ്എസിന്റെ ഇടപെടൽ. പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ പാർട്ടിയിൽ അവശേഷിച്ചിരുന്ന പ്രശ്നങ്ങൾ കൂടി തരണം ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞു.
പാർട്ടിയിൽ കലാപമുയർത്തിയ സന്ദീപ് വാര്യർ മറുകണ്ടം ചാടിയത് ബിജെപി അണികൾ വൈകാരികമായി എടുത്തു. ഇതോടെ എല്ലാ ഭിന്നതകളും മറന്ന് ബിജെപി ക്യാമ്പ് ഒറ്റക്കെട്ടായി . ഇതാണ് വിജയത്തിലേക്ക് അടുക്കാൻ കഴിയുന്ന പ്രകടനം നടത്താൻ ബിജെപിക്ക് തുണയായത്.
ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം സംഭവിക്കാതിരിക്കാൻ ഏറെ കരുതലോടെയാണ് ബിജെപി പ്രചാരണം മുന്നോട്ട് നീക്കിയത്. ഗൃഹസമ്പർക്ക പരിപാടിയിലൂടെ സ്വാധീന കേന്ദ്രങ്ങളിലെ എല്ലാ വോട്ടും ഉറപ്പിക്കുന്നതിലായിരുന്നു
ബിജെപിയുടെ ശ്രദ്ധ.
പരമാവധി കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചും താഴെത്തട്ടിൽ ബിജെപി കരുക്കൾ നീക്കി. ഒരു പൊതുയോഗം പോലും ഉപ തിരഞ്ഞെടുപ്പ് കാലത്ത് പാലക്കാട് ബിജെപി നടത്തിയില്ല.
മുൻ തിരഞ്ഞെടുപ്പുകളിലെ പോലെ മെഗാ റാലികളും പണക്കൊഴുപ്പും ആഡംബരവും പ്രകടമാക്കുന്ന പരിപാടികളിൽ നിന്നെല്ലാം ബിജെപി ബോധപൂർവ്വം മാറിനിന്നു.
മണ്ഡലത്തിലെ പ്രധാന വോട്ട് ബാങ്കായ മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാകാതിരിക്കാനായിരുന്നു ഈ കരുതൽ. ബിജെപി ജയിക്കും എന്ന പ്രതീതി സൃഷ്ടിച്ചാൽ ധ്രുവീകരണത്തിന് ആക്കം കൂടുമെന്നായിരുന്നു ബിജെപി വിലയിരുത്തൽ.
സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ ബിജെപിക്ക് ക്ഷീണമാണെന്ന പൊതു വിലയിരുത്തലുകളും യഥാർത്ഥത്തിൽ ബിജെപിക്ക് ഗുണകരമായി മാറുകയാണ് ഉണ്ടായത്. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വിജയം അവകാശപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ എന്നാണ് കെ സുരേന്ദ്രന്റെ എഫ് ബി പോസ്റ്റ്.
ബിജെപി ജയിക്കുമെന്ന് അവകാശപ്പെടുമ്പോൾ തന്നെ രണ്ടാംസ്ഥാനം എൽഡിഎഫിനാണെന്നാണ് സുരേന്ദ്രൻ പറയുന്നത്.