പാലാ : പാലായുടെ 'ദേശീയോത്സവമായ' ഈ വര്‍ഷത്തെ പാലാ ജൂബിലി തിരുന്നാൾ ആഘോഷങ്ങൾ ഡിസംബർ 8 നു പകരം 7 നു ശനിയാഴ്ച നടത്താന്‍ തീരുമാനം. ചരിത്രത്തില്‍ ആദ്യമായാണ് പാലാ ജൂബിലി തിരുന്നാളിന്‍റെ ആഘോഷങ്ങൾ എട്ടാം തീയതിക്ക് പകരം ഏഴാം തീയതി നടത്തപ്പെടുന്നത്.
എട്ടാം തിയതി ഞായറാഴ്ച ആയതിനാല്‍ ഞായറാഴ്ച ആചരണങ്ങളെയും സണ്ടേ സ്കൂള്‍ ക്ലാസുകളെയും ബാധിക്കാത്ത വിധം തിരുന്നാൾ ആഘോഷങ്ങൾ നടത്താന്‍ തിരുന്നാള്‍ കമ്മിറ്റിയും രൂപതാ നേതൃത്ത്വവും തീരുമാനിക്കുകയായിരുന്നു.
സാംസ്കാരിക ഘോഷയാത്രയും, ബൈബിൾ ടാബ്ലോയും, ടൂവീലർ ഫാൻസി ഡ്രസ്സും ഉൾപ്പെടെ എല്ലാവർഷവും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടികൾ ഇത്തവണ ഏഴാം തീയതിയാണ് നടത്തപ്പെടുന്നത്.
ആഘോഷങ്ങള്‍ ശനിയാഴ്ച
പ്രധാന തിരുനാൾ ദിവസമായ ഡിസംബർ 8 ഞായറാഴ്ച ആയതിനാൽ ഞായറാഴ്ച ആചരണത്തിന് തടസ്സമില്ലാത്ത രീതിയിൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഡിസംബർ 7 ശനിയാഴ്ചയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് എന്ന വ്യത്യാസം മാത്രമാണ് ഉള്ളത്. ഡിസംബർ 7 ശനിയാഴ്ച രാവിലെ മരിയൻ റാലിയും ഉച്ചതിരിഞ്ഞ് രണ്ടര മണിക്ക് പതിവുള്ള മറ്റ് കലാസാംസ്കാരിക ആഘോഷ പരിപാടികളും ആരംഭിക്കുമെന്നാണ് തീരുമാനം.
ഈ തീരുമാനങ്ങൾ പുറത്തു വരുന്നതിനു മുന്നേ ജൂബിലി തിരുനാളിന്റെ ഭാഗമായുള്ള സാംസ്കാരിക ആഘോഷങ്ങൾ ഉപേക്ഷിക്കാൻ സഭയും, തിരുനാൾ കമ്മിറ്റിയും തീരുമാനമെടുത്തു എന്നും സാംസ്കാരിക ആഘോഷങ്ങൾ ഹൈന്ദവ ആചാരങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടതെന്നും വ്യാപകമായി വ്യാജ പ്രചരണങ്ങൾ നടന്നിരുന്നു.
ഇത്തരത്തിലുള്ള വ്യാജ പ്രചാരങ്ങളുടെ മുഖം നഷ്ടപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ തീരുമാനങ്ങൾ. പാലായുടെ മതേതരത്വ മുഖം സംരക്ഷിക്കാൻ എല്ലാ കാലവും മുന്നിൽ നിന്നിരുന്ന സഭാ നേതൃത്വത്തെയും, രൂപത നേതൃത്വത്തെയും അപകീർത്തിപ്പെടുത്താനുള്ള വ്യാജ പ്രചാരകരുടെ ഗൂഡ നീക്കങ്ങളാണ് ഇതോടെ പരാജയപ്പെട്ടത് എന്നതും ആശ്വാസകരമാണ്.
ജൂബിലിയുടെ പേരില്‍പോലും വ്യാജ പ്രചരണങ്ങൾ
ഞായറാഴ്ച ആചരണം തടസ്സപ്പെടാതെ തിരുനാളിന്റെ ഭാഗമായുള്ള സാംസ്കാരിക ആഘോഷങ്ങൾ നടത്തുന്നതിനുള്ള ആലോചനയും, ചില പരിപാടികളുടെ നടത്തിപ്പിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ഉള്ള ആലോചനകളും ആണ് മുൻ കമ്മിറ്റികളിൽ നടന്നത്. എന്നാൽ ഇക്കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധം ആഘോഷ പരിപാടികൾ മാറ്റിവെച്ചു എന്ന് ഒരു വ്യക്തിയുടെ നേതൃത്വത്തിൽ നടത്തിയ വ്യാജ പ്രചാരണങ്ങളുടെ ഘോഷയാത്രയാണ് പിന്നീട് ഉണ്ടായത്.
തിരുനാൾ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെ വ്യക്തിപരമായും, അവരുടെ കുടുംബാംഗങ്ങളെയുംപോലും താറടിക്കുന്ന രീതിയില്‍ വ്യക്തി വിരോധം തീര്‍ക്കാന്‍വേണ്ടി വാർത്തകൾ സൃഷ്ടിക്കപ്പെട്ടു. ജൂബിലി ആഘോഷങ്ങള്‍ക്കായി ഏറ്റവും ത്യാഗവും കഷ്ടപ്പാടും സഹിക്കുന്ന 2 വ്യക്തികള്‍ക്കെതിരെ ആയിരുന്നു വ്യാജപ്രചാരണം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ വാർത്തകൾ പാലായുടെ മതേതര മുഖത്തിന് തന്നെ കളങ്കം ഏൽപ്പിക്കുന്നതായിരുന്നു.
വ്യാജനെതിരെ കലാപ ശ്രമത്തിന് കേസ്
പാലാ ജൂബിലി ആഘോഷങ്ങളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയും വ്യാജ പ്രചരണവും മതസ്പര്‍ധ ക്ഷണിച്ചുവരുത്തുന്ന വ്യാഖ്യാനങ്ങളും നടത്തിയെന്ന തിരുന്നാള്‍ കമ്മിറ്റി അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തങ്കച്ചൻ പാലാ എന്ന വ്യക്തിക്കെതിരെ പാലാ പോലീസ് കേസെടുത്തു .
ഭാരതീയ ന്യായ സംഹിതയിലെ 192, കേരള പോലീസ് ആക്ടിലെ 120 (o) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കലാപം ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കുക, സമൂഹത്തിന് ഹാനികരമാകുന്ന പ്രചരണങ്ങൾ നടത്തുന്നു എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ ആണിത്.
ഇയാളെ വരും ദിവസങ്ങളിൽ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച വാട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെയും കേസെടുത്തേക്കും.