തിരുവനന്തപുരം: ഇന്നലെയും ഇന്നുമായി ലോകം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമാണ് മൈക്രോസോഫ്റ്റ് പ്രവർത്തനരഹിതമായ കാര്യം. ലോകമാകെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള ഓഫീസുകൾ നിശ്ചലമാകുകയും വിമാനങ്ങളുൾപ്പെടെ റദ്ദ് ചെയ്യുകയും ചെയ്ത പ്രശ്നം പക്ഷേ കേരളത്തിൻ്റെ പൊതുമേഖലയെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്.
സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ഉബുണ്ടു ആണ് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളെ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നതുകൊണ്ടാണ് ലോകമാകെ വലിയ നഷ്ടം സൃഷ്ടിച്ച മൈക്രോസോഫ്റ്റിൻ്റെ തകരാർ കേരളത്തെ ബാധിക്കാതിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ സ്വതന്ത്ര സോഫ്റ്റ്‌വേർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. 2006ൽ അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ കേരളത്തിൽ 2007ൽ കൊണ്ടുവന്ന ഐടി നയമാണ് ഈ മാറ്റത്തിന് ശക്തമായ അടിത്തറ പാകിയതെന്നും രാജീവ് പറഞ്ഞു.
2008ലെ എസ് എസ് എൽ സി ഐടി പ്രാക്റ്റിക്കൽ പരീക്ഷ നമ്മൾ സ്വതന്ത്ര സോഫ്റ്റ്‌വേർ ഉപയോഗിച്ച് നടത്തിയത് വലിയ മുന്നേറ്റത്തിൻ്റെ ആദ്യപടിയായി മാറി. ആ സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയ 3 വർഷത്തെ കർമ്മ പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കൊണ്ടുവന്ന മാറ്റമാണ് ഇപ്പോൾ നമുക്ക് കൈത്താങ്ങായി മാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ഒപ്പം ഈ മാറ്റത്തിലൂടെ വലിയ ലാഭവും കേരളത്തിനുണ്ടായിട്ടുണ്ട്. ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകാൻ പാടില്ലെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം സ്വതന്ത്ര സോഫ്റ്റ്‌വേറുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് കെ-ഫോൺ വരെയെത്തി നിൽക്കുന്നു. നമുക്ക് അഭിമാനത്തോടെ പറയാം നാം എപ്പോഴും രാജ്യത്തിന് ഒരുമുഴം മുന്നിലാണ് സഞ്ചരിക്കുന്നതെന്ന്''-മന്ത്രിയുടെ വാക്കുകള്‍.