കോട്ടയം: പുതുപ്പള്ളിയില്‍ പുതുതായി പണികഴിപ്പിക്കുന്ന മിനി സിവില്‍ സ്‌റ്റേഷനു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കമ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേര് പ്രഖ്യാപിച്ച ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് ഇ.എം.സിന്റെ പേര് നല്‍കിയിന്റെ പേരിലുള്ള വിവാദം താത്കാലികമായി അവസാനിപ്പിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കമ്യൂണിറ്റി ഹാളിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഉപവാസ സമരം നടത്തിയിരുന്നു.
കമ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നു പിന്നോട്ട് പോയില്ലെങ്കിലും പുതുതായി പണിയുന്ന മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കൈയടികളോടെയാണു സദസ് സ്വീകരിച്ചത്.
ഇ.എം.എസിനെ മാത്രമേ ആദരിക്കാവൂ എന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്നു മന്ത്രി പറഞ്ഞു. ചാണ്ടി ഉമ്മന്‍ എം.എല്‍.എയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം വിദേശത്താണെന്നറിഞ്ഞു. അതിനാല്‍ മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കാനുള്ള തീരുമാനം അദ്ദേഹത്തെ അറിയിക്കാന്‍ കഴിഞ്ഞില്ല.
പുതുപ്പള്ളിയിലെ ഇ.എം.എസ് സ്മാരക ഹാളും ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ നിര്‍മിക്കുന്ന സിവില്‍ സ്‌റ്റേഷനും രാഷ്ട്രീയ സഹിഷ്ണുതയുടെ ഉദാഹരണമായി നിലനില്‍ക്കുമെന്നും വിവാദം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് സ്ഥലത്തെ കമ്യൂണിറ്റി ഹാളിന് എല്‍.ഡി.എഫ്. ഭരണസമിതി ഇ.എം.എസിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചതോടെയാണു വിവാദം തുടങ്ങിയത്.
യു.ഡി.എഫ്. ഭരിക്കുമ്പോള്‍ വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കമ്യൂണിറ്റി ഹാള്‍ ഇടത് ഭരണസമിതിയെത്തിയപ്പോള്‍ നവീകരിച്ചു. വിവാഹങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുംമറ്റും ഉപയോഗിക്കാവുന്ന രീതിയിലാക്കി. നടന്നുപോലും പോകാന്‍ പറ്റാതെകിടന്ന വഴി മതില്‍കെട്ടി തിരിച്ചു ടാറിട്ടു. നവീകരിച്ച കമ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേരുനല്‍കാനും ഭരണസമിതി തീരുമാനിച്ചു. എന്നാല്‍, കമ്യൂണിറ്റിഹാളിനു ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കാത്തതു കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കുകയായിരുന്നു.