സ്‌നേഹവും ഒത്തൊരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും, പൂക്കളവും, സദ്യയും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.
വലിയ ഒരു ദുരന്തത്തിന് മുന്നിലാണ് ഇത്തവണ ഓണമെത്തുന്നത്. പക്ഷേ അതിജീവനത്തിന്റെ പാതയിൽ ഓണമാഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.
ഓണം എന്നത് മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. നമ്മുടെ നാട്ടിലെ മറ്റേതൊരു ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഓണം. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ജാതിമതഭേദമില്ലാതെ കേരളക്കര മുഴുവൻ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവമാണിത്.
ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്.
തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം. ഓണക്കാലത്തോടനുബന്ധിച്ച് പലതരം വിനോദങ്ങളിലും കേരളീയ ജനത ഏര്‍പ്പെടാറുണ്ട്.