കോട്ടയം: ഓണക്കലാം മലയാളി ഏത് നാട്ടിലായാലും ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പൂക്കളം ഒരുക്കിയും കുടുംബത്തോടൊപ്പം സദ്യകഴിക്കാനും ഓണക്കോടി അണിഞ്ഞു ആഘോഷങ്ങളില്‍ പങ്കുചേരാനുമെല്ലാം. പക്ഷേ, ഇക്കുറി തങ്ങള്‍ക്ക് ഓണം ഇല്ലെന്ന് പറയുകയാണ് കേട്ടയത്തെ കര്‍ഷകര്‍.
ഓണ വിപണി ലക്ഷ്യമിട്ടു കൃഷിയിറക്കി ദുരിതത്തിലായവരും നെല്ലിന്റെ പണം കിട്ടാതെ മുന്നോട്ടു പോകുന്നവരും പ്രഖ്യാപിച്ച നഷ്ടപരിഹാരം കിട്ടാത്തവരുമായി നിരവധി കര്‍ഷകാരണ് തങ്ങൾക്കിത് പട്ടിണി ഓണമാണെന്ന് പറയുന്നത്.
ഓണം ആഘോഷിക്കണമെന്നു ആഗ്രഹം ഉണ്ട് പക്ഷേ, കൈയില്‍ പണം വേണ്ടേ എന്നും കര്‍ഷകര്‍ ചോദിക്കുന്നു. പലരും കടം വാങ്ങിയും ഉള്ളതെല്ലാം ബാങ്കില്‍ പണയംവെച്ചുമാണ് കൃഷിയിറക്കിയത്. പക്ഷേ, കാലവര്‍ഷം കനത്ത തിരിച്ചടിയാണ് കര്‍ഷകര്‍ക്കു സമ്മാനിച്ചത്.
മഴയിലും കാറ്റിലുമായി ജില്ലയിലെ 4502 കര്‍ഷകരുടെ കൃഷിനശിച്ചതായി കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. ജൂലായിലാണ് ഏറ്റവും കുടുതല്‍ നാശം. മൊത്തം 1.1 കോടിയുടെയാണ് നഷ്ടമാണ് ജില്ലയ്ക്കുണ്ടായത്.
മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റും പലയിടങ്ങളിലും കര്‍ഷകര്‍ക്ക് ദുരിതം വിതച്ചു. കടുത്തുരുത്തി, ഞീഴൂര്‍, ചങ്ങനാശേരി തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നാശം. ജില്ലയിൽ 137 നെല്‍ കര്‍ഷകരെയും ദുരിതം ബാധിച്ചു. ജില്ലയിലെ നിരവധി കര്‍ഷകര്‍ക്ക് നെല്ലിന്റെ തുക ഇനിയും കിട്ടാനുണ്ട്.
അതേ സമയം കൃഷി വകുപ്പ് ഇക്കാര്യത്തില്‍ മറുപടി പറയുന്നുമില്ല. പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കാന്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 79 ഓണവിപണി തുറന്നിട്ടുണ്ടെന്നും കര്‍ഷകരില്‍ നിന്ന് 30 ശതമാനം അധികവില നല്‍കി ശേഖരിക്കുന്ന പച്ചക്കറികള്‍ 10 ശതമാനം വിലക്കുറവിലാണ് ഓണചന്തകളിലൂടെ വില്‍ക്കുന്നതെന്നുമാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കര്‍ഷകര്‍ക്കു നല്‍കാനുള്ള പണത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്യുന്നു.