കോട്ടയം: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ വരവേല്‍ക്കാന്‍ തയാറെടുത്ത് മലയാളികള്‍. തിരുവോണത്തിന് മുമ്പുള്ള ഉത്രാടപ്പാച്ചിലുമായി നാടും നഗരവും. തിരുവോണം ആഘോഷിക്കാനുള്ള ആവേശ ലഹരിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ക്കായി ജനം പായുന്ന ദിവസമാണിന്ന്.
രാവിലെ മുതല്‍ തന്നെ ഓണസദ്യവട്ടങ്ങള്‍ക്കു വിഭവങ്ങളൊരുക്കാനുള്ള പച്ചക്കറി വാങ്ങാനും ഓണക്കോടിയെടുക്കാനും പൂ വിപണിയിലുമെല്ലാം രാവിലെ മുതല്‍ സജീവമായി. ഓണദിനങ്ങള്‍ ഇത്തവണ വിപണിക്കു വലിയ തോതില്‍ ഉണര്‍വേകിയിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളേക്കാള്‍ പച്ചക്കറവി വില കറുഞ്ഞു നില്‍ക്കുന്നതും ജനങ്ങള്‍ക്കു ആശ്വാസമാണ്. ഇക്കുറി ഉത്രാടത്തിന് മുന്‍പ് അത്തം മുതലേ നാടും നഗരവും ഓണത്തിരക്കിലമര്‍ന്നിരുന്നു. നഗരത്തിലെ തിരക്കേറിയ റോഡുകളിലെ വ്യാപാരസ്ഥാനങ്ങളിലെല്ലാം ദിവസങ്ങള്‍ക്കു മുമ്പേ തിരക്കു തുടങ്ങി.
എം.സി. റോഡ്, കെ.കെ റോഡ് തുടങ്ങി നഗരത്തിലെ മിക്ക റോഡുകളിലും ഓണവിപണി മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമെ വഴിയോരങ്ങളിലും ഷോപ്പിങ് സെൻ്ററുകള്‍ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും വന്‍ തിരക്ക് അനുഭപ്പെടുന്നത്.
ഉത്രാടദിന നാളിലേക്കു മാത്രം സ്‌പെഷല്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ജനങ്ങള്‍ക്കു പുറമേ ഓണസദ്യയും പായസവുമൊക്കെ ഒരുക്കില്‍ നല്‍കുന്ന കേറ്ററിങ്ങ് യൂണിറ്റുകളും സംഘങ്ങളുമൊക്കെ ഇന്നു വിഭവസമാഹരണത്തിനു വിപണിയില്‍ എത്തുമെന്നതിനാല്‍ വരും മണിക്കൂറുകളില്‍ തിരക്കു പിന്നെയും വര്‍ധിക്കും.
മദ്യ വില്‍പ്പന ശാലകളിലും ഇതിനോടകം തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൂമാര്‍ക്കറ്റിനു പുറമെ വഴിയോരങ്ങളിലും പൂവിപണി സജീവമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാപാരികളാണ് വിഴയോരങ്ങളില്‍ പൂ കൂട്ടിയിട്ടു വില്‍ക്കുന്നത്. ടെക്സ്‌റ്റൈല്‍സ്, സ്റ്റേഷനറി, ഇലക്ട്രോണിക്‌സ്, ജ്വല്ലറി, ഷോപ്പിങ് സെൻ്ററുകൾ എന്നിവിടങ്ങളിലെല്ലാം തിരക്കാണ്.
സപ്ലൈകോ ഓണം ഫെയര്‍, കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്ത, കുടുംബശ്രീ ഓണച്ചന്ത എന്നിവിടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.