തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. സ്‌കൂള്‍ കലോത്സവങ്ങള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണം. പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാര പ്രായത്തിലുള്ള സെക്കന്ററി കുട്ടികളെ മറ്റൊരു യൂണിറ്റായും പരിഗണിക്കണം. കലോത്സവങ്ങള്‍ തര്‍ക്കവേദിയാകുന്നു എന്ന പരാമര്‍ശവും ?റിപ്പോര്‍ട്ടിലുണ്ട്.
ജില്ലാതലത്തോടെ മത്സരങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും സംസ്ഥാനതലം സാംസ്‌കാരിക വിനിമയത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിലവില്‍ കാണപ്പെടുന്ന അനാരോഗ്യകരമായ മത്സരങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കലോത്സവത്തെ മത്സരമാക്കി മാറ്റുന്നത് ഗ്രേസ് മാര്‍ക്കിന്റെ സ്വാധീനത്താലാണ്. ഇതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് തീര്‍ച്ചയായും പ്രോത്സാഹനം നല്‍കണം. അത് ഇന്ന് നല്‍കുന്ന രീതിയിലാണോ വേണ്ടത് എന്ന ഗൗരവമായ പുനരാലോചന അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
സ്‌കൂള്‍ കലോത്സവം എല്ലാവര്‍ഷവും നിശ്ചിത ദിനങ്ങളില്‍ നടത്താന്‍ തീരുമാനിക്കുക. അത് ടൂറിസ്റ്റുകളുടെ യാത്ര ക്രമീകരിക്കാനും അതുവഴി വലിയതോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ഇടയാക്കും. കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന് ഉത്തേജനം നല്‍കുന്ന സാംസ്‌കാരിക വിനിമയ പരിപാടിയാക്കി ഇതിനെ വളര്‍ത്തിയെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലം രണ്ടുവര്‍ഷം മുമ്പേ പ്രഖ്യാപിച്ചാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും സംസ്ഥാന ഉത്സവങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ സാധിക്കും. പല സ്‌കൂളുകള്‍ക്കും ഇതിന്റെ ഭാഗമായി ഓഡിറ്റോറിയങ്ങളടക്കം നിര്‍മ്മിക്കാനും മറ്റുക്രമീകരണങ്ങള്‍ വരുത്താനും കഴിയും. ഇതുവഴി ഓരോ വര്‍ഷവും താല്‍ക്കാലിക പന്തലുകള്‍ക്കായുള്ള ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നും നിര്‍ദേശിക്കുന്നു.
സംസ്ഥാനതല ഉത്സവങ്ങളുടെ സാമ്പത്തിക വിനിയോഗം അടക്കമുള്ള മുഴുവന്‍ ഉത്തരവാദിത്തങ്ങളും അതത് റവന്യൂ ജില്ലാ ഓഫീസുകള്‍ക്ക് നല്‍കണം. കലോത്സവ നടത്തിപ്പിനായി രൂപീകരിക്കുന്ന വിവിധ കമ്മിറ്റികളുടെ ചുമതല അധ്യാപക സംഘടനകള്‍ക്ക് വീതിച്ചു നല്‍കുന്ന നിലവിലെ അവസ്ഥ മാറണമെന്നും ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.