Advertisment

കൊച്ചി മെട്രോ പുതിയ റൂട്ടുകളിലേക്ക് നീട്ടണമെന്ന് നിര്‍ദ്ദേശം

വിശാല കൊച്ചി കരട് മൊബിലിറ്റി പ്ലാനിലുള്ള പ്രധാന നിര്‍ദ്ദേശം സീപോര്‍ട്ട് എയര്‍പോര്‍ട്ട് വഴി തൃപ്പൂണിത്തുറയില്‍ നിന്ന് കളമശേരിയിലേക്ക് മെട്രോയെ ബന്ധിപ്പിക്കുകയെന്നതാണ്

author-image
shafeek cm
New Update
kochi metrooo.jpg

കൊച്ചി മെട്രോ പുതിയ റൂട്ടുകളിലേക്ക് നീട്ടണമെന്ന നിര്‍ദ്ദേശവുമായി വിശാല കൊച്ചി കരട് മൊബിലിറ്റി പ്ലാനില്‍ നിര്‍ദ്ദേശം. മെട്രോ അധികൃതര്‍ക്കു നല്‍കിയ പഠന റിപ്പോര്‍ട്ടില്‍ അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടുന്ന കാര്യവും പ്രതിപാദിക്കുന്നുണ്ട്. കൂടുതല്‍ മേഖലകളില്‍ സാന്നിധ്യം അറിയിക്കാന്‍ സാധിക്കുന്നത് മെട്രോയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

വിശാല കൊച്ചി കരട് മൊബിലിറ്റി പ്ലാനിലുള്ള പ്രധാന നിര്‍ദ്ദേശം സീപോര്‍ട്ട് എയര്‍പോര്‍ട്ട് വഴി തൃപ്പൂണിത്തുറയില്‍ നിന്ന് കളമശേരിയിലേക്ക് മെട്രോയെ ബന്ധിപ്പിക്കുകയെന്നതാണ്. സര്‍ക്കുലര്‍ സര്‍വീസ് വരുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ യാത്രക്കാരെ കിട്ടുന്നതിനും വഴിയൊരുക്കും. അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയാണ് പ്ലാന്‍ തയാറാക്കിയിരിക്കുന്നത്.

തൃപ്പൂണിത്തുറയില്‍ നിന്നും കളമശേരിയിലേക്ക് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റൂട്ടിലെ ദൂരം 14 കിലോമീറ്റര്‍ വരും. ഈ റൂട്ടില്‍ സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചാല്‍ ഇന്‍ഫോപാര്‍ട്ട് അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നിര്‍മാണചെലവിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

ആലുവ മുതല്‍ അങ്കമാലി വരെയുള്ള റൂട്ട് കൊച്ചി മെട്രോയുടെ പരിഗണനയിലുള്ളതാണ്. 18 കിലോമീറ്ററാണ് ഈ റൂട്ടിലേക്കുള്ള ദൂരം. നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതോടെ മെട്രോയുടെ വളര്‍ച്ച മറ്റൊരു തലത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ കൊച്ചി മെട്രോ 28.2 കിലോമീറ്ററിലാണ് സര്‍വീസ് നടത്തുന്നത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിച്ചിരുന്നു. 1,957.05 കോടി രൂപയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള പദ്ധതി തുക. 11.2 കിലോ മീറ്റര്‍ നീളത്തിലുള്ള കരാര്‍ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനാണ് നല്‍കിയിരിക്കുന്നത്. 1,141.32 കോടി രൂപയാണ് കരാര്‍ തുക. 20 മാസമാണ് പണി പൂര്‍ത്തീകരിക്കാനുള്ള കാലാവധി.

Advertisment