Advertisment

മന്ത്രിസ്ഥാനം വീതംവെയ്പ് ചർച്ച ചെയ്യാൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണും. കൂടിക്കാഴ്ച ഡൽഹിയിൽ. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതിൽ പ്രതിഷേധവുമായി എ.കെ. ശശീന്ദ്രൻ. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചാൽ എം.എൽ.എ സ്ഥാനവും രാജി വെക്കുമെന്ന്‌ ശശീന്ദ്രൻെറ ഭീഷണി

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം തേടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ ഡൽഹിക്ക്

New Update
ak saseendran pc chacko

കൊച്ചി: മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം തേടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ ഡൽഹിക്ക്. ഈ ആഴ്ച അവസാനത്തോടെ ‍‍ഡൽഹിയിലെത്തി ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണാനാണ് പി.സി.ചാക്കോയുടെ തീരുമാനം. 

Advertisment

എകെ.ശശീന്ദ്രനെ മാറ്റി കുട്ടനാട് എം.എൽ.എ തോമസ്.കെ.തോമസിനെ മന്ത്രിയാക്കാൻ ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിൽ ധാരണ ആയതോടെയാണ് ദേശീയ നേതൃത്വത്തെ കാണാൻ പോകുന്നത്. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുളള നീക്കത്തിൽ എ.കെ.ശശീന്ദ്രൻ കടുത്ത പ്രതിഷേധത്തിലാണ്.


മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചാൽ എം.എൽ.എ സ്ഥാനവും രാജി വെക്കുമെന്നാണ് ശശീന്ദ്രൻെറ ഭീഷണി. എന്നാൽ പാർട്ടിയിൽ പുതിയ പദവികൾ നൽകി ശശീന്ദ്രനെ അനുനയിപ്പിക്കാനാണ് നേതൃത്വത്തിൻെറ ശ്രമം.


ദേശീയ വർക്കിങ്ങ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട പി.സി.ചാക്കോ വൈകാതെ സംസ്ഥാന അധ്യക്ഷ പദവി ഒഴിയും. സംസ്ഥാന പ്രസിഡന്റ് സ്ഥാനം മന്ത്രിസ്ഥാനം ഒഴിയുന്ന എ.കെ. ശശീന്ദ്രന് നൽകിയേക്കും. മന്ത്രിസ്ഥാനം വീതം  വെയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്ന പി.സി.ചാക്കോയ്ക്ക് ഒപ്പം എ.കെ. ശശീന്ദ്രനെയും തോമസ്.കെ.തോമസ് എം.എൽ.എയും വിളിപ്പിച്ചിട്ടുണ്ട്.

മൂന്നുപേരെയും ഒരുമിച്ചിരുത്തി ചർച്ച നടത്തി കേരള ഘടകത്തിലെ ഭിന്നതക്ക് പൂർണ പരിഹാരം കണ്ടെത്താനാണ് എൻ.സി.പി ദേശീയ നേതൃത്വത്തിൻെറ ശ്രമം. 2021ൽ രണ്ടാം പിണറായി മന്ത്രിസഭാ രൂപീകരണ വേളയിൽ പാർട്ടി മന്ത്രിയായി എ.കെ.ശശീന്ദ്രനെ തീരുമാനിക്കുമ്പോൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം വീതം വെയ്ക്കാൻ ധാരണയുണ്ടായിരുന്നു.

ദേശീയ നേതൃത്വത്തിൻെറ പ്രതിനിധിയായി എത്തിയ പ്രഫുൽ പട്ടേലിൻെറ സാന്നിധ്യത്തിലായിരുന്നു ധാരണയെന്നാണ് തോമസ്.കെ.തോമസിൻെറ വാദം. എന്നാൽ മന്ത്രിസ്ഥാനം വീതം വെക്കാൻ ധാരണ ഉണ്ടായിട്ടില്ലെന്നാണ് എ.കെ.ശശീന്ദ്രൻെറ അഭിപ്രായം. വസ്തുത എന്തെന്ന് വ്യക്തമാക്കാൻ പ്രഫുൽ പട്ടേലിന് കഴിയുമെങ്കിലും മഹാരാഷ്ട്രയിലെ എൻ.സി.പിയിലെ കൊട്ടാരവിപ്ലവത്തിന്‌ ഒടുവിൽ പ്രഫുൽ പട്ടേൽ വിമതപക്ഷത്താണ്.

അജിത് പവാർ വിഭാഗത്തിലെ മുൻനിര നേതാവായ പ്രഫുൽ പട്ടേലുമായി ബന്ധപ്പെടുന്നതിന് നേതാക്കളെ വിലക്കിയിട്ടുമുണ്ട്. ധാരണ ഉണ്ടെന്ന് അഭിപ്രായത്തിലേക്ക് ദേശീയ അധ്യക്ഷൻ കൂടി വന്നതോടെയാണ് തോമസ് കെ.തോമസിന് കാര്യങ്ങൾ അനുകൂലമായത്. ഇനി അവശേഷിക്കുന്ന ഒന്നര കൊല്ലം തോമസ്.കെ. തോമസ് മന്ത്രിയാകട്ടെ എന്നാണ് ശരത് പവാറിൻെറ നിലപാട്.


ദേശീയ നേതൃത്വത്തിൻെറ നിലപാടും തോമസ്. കെ. തോമസിന് അനുകൂലമാണെന്ന് വന്നതോടെയാണ് നേരത്തെ തോമസ്. കെ. തോമസ് മന്ത്രിയാകുന്നതിനെ എതിർത്തിരുന്ന പി.സി.ചാക്കോയും നിലപാട് മാറ്റിയത്.


ഇന്നലെ എറണാകുളത്ത് നടന്ന ജില്ലാ  അധ്യക്ഷന്മാരുടെ യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയാണ്  എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി, തോമസ്.കെ.തോമസിന് അവസരം നൽകാമെന്ന നിർദ്ദേശം വെച്ചത്. യോഗത്തിൽ പങ്കെടുത്ത 10 ജില്ലാ അധ്യക്ഷന്മാരിൽ കോഴിക്കോട് ജില്ലാ അധ്യക്ഷൻ ഒഴിച്ച് എല്ലാവരും നിർദേശത്തെ അനുകൂലിച്ചു.

ജില്ലാ അധ്യക്ഷന്മാരിൽ ഭൂരിപക്ഷവും തോമസ്.കെ.തോമസ് മന്ത്രിയാകണമെന്ന് നിലപാട് എടുടുത്തതോടെയാണ്‌ സംസ്ഥാന ഘടകത്തിൻെറ നിലപാട്  ദേശീയ അധ്യക്ഷൻ ശരത് പവാറിനെ നേരിട്ട് അറിയിക്കാൻ തീരുമാനിച്ചത്. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം
തോമസ്.കെ.തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ശരത് പവാർ മുഖ്യമന്ത്രിക്ക് കത്ത് നൽകും. ഇതോടെ തോമസ് കെ.തോമസിൻെറ മന്ത്രിപദ മോഹം പൂവണിയും

Advertisment