Advertisment

എഡിഎം നവീൻ ബാബുവിൻെറ മരണത്തിൽ അന്വേഷണ തീരുമാനത്തിലുറച്ച് റവന്യു മന്ത്രി കെ. രാജൻ. മുഖ്യമന്ത്രിയെ നിലപാടറിയിക്കും. ജീവനക്കാരുടെ പ്രതിഷേധം ഉയർന്നതോടെ അന്വേഷണവും നടപടിയുമില്ലാതെ സാധ്യമല്ലെന്ന് റവന്യു മന്ത്രി. സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുന്ന സംഭവത്തിൽ സിപിഐയുടെ വകുപ്പിന്റെ കീഴിലെ അന്വേഷണം ഭരണ മുന്നണിയിൽ പ്രതിസന്ധിയാകുമെന്നുറപ്പ്

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയുടെ പരസ്യ അധിക്ഷേപത്തിൽ മനംനൊന്ത് എ.ഡി.എം കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിക്കും

New Update
pp divya naveen babu k rajan pinarayi vijayan

കണ്ണൂർ : ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയുടെ പരസ്യ അധിക്ഷേപത്തിൽ മനംനൊന്ത് എ.ഡി.എം കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിക്കും. റവന്യു വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻെറ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന നിലപാടിലുളള മന്ത്രി കെ. രാജനാണ് സമഗ്ര അന്വേഷണത്തിന് വേണ്ടി മുന്നിലുളളത്.

Advertisment

വിശദമായ അന്വേഷണത്തിന് ഉത്തരവിടുന്നത് സംബന്ധിച്ച് മന്ത്രി രാജൻ മുഖ്യമന്ത്രിയുമായി സംസാരിക്കും. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും അന്വേഷണം പ്രഖ്യാപിക്കുക. എ.ഡി.എം നവീൻ ബാബുവിന് എതിരെ പി.പി. ദിവ്യ ഉന്നയിച്ച അഴിമതി അരോപണവും അന്വേഷിക്കും.


 റവന്യു ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായ സംഭവത്തിൽ സമഗ്രമായ അന്വേഷണവും  മാതൃകാപരമായ ശിക്ഷാ നടപടികളും സ്വീകരിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് മന്ത്രി കെ.രാജനും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിലയിരുത്തൽ.


 മുഴുവൻ ഉദ്യോഗസ്ഥരുടെയും മനോവീര്യം തകർത്ത സംഭവത്തിൽ അത്രയെങ്കിലും ചെയ്യാതിരുന്നാൽ സർക്കാരിൻെറ ഭാവി പ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നും റവന്യു വകുപ്പ് വിലയിരുത്തുന്നു.  

മാതൃകാപരമായ നടപടി ഉണ്ടാകാത്ത പക്ഷം സർക്കാരിൻെറ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ പിന്തുണ കിട്ടാതെ വരുമെന്നും ആശങ്കയുണ്ട്. എന്നാൽ കണ്ണൂരിലെ സി.പി.എമ്മിൻെറ വനിതാ മുഖമായ പി.പി. ദിവ്യയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുളള അന്വേഷണത്തിന് മുഖ്യമന്ത്രി സമ്മതം മൂളുമോയെന്നാണ് സംശയം.


 സംസ്ഥാനമാകെ ചർച്ച ചെയ്യപ്പെട്ട വിഷയത്തിൽ പ്രതികരണം നടത്താൻ മുഖ്യമന്ത്രി കൂട്ടാക്കിയിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മൗനത്തിലാണ്. എ.ഡി.എമ്മിൻെറ മരണത്തോടെ സർക്കാരും സി.പി.എമ്മും എത്രമാത്രം പ്രതിരോധത്തിലാണെന്നതിൻെറ വ്യക്തമായ സൂചനയാണ് മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ഈ മൗനം.


 സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയിന്റ കൗൺസിലും റവന്യു വകുപ്പിലെ ഭൂരിപക്ഷ സംഘടനയായ കെ.ആർ.ഡി. എസ്.എയും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യക്കെതിരെ അന്വേഷണം വേണമെന്ന കർശന നിലപാടിലാണ്. എ.ഡി.എമ്മിൻെറ മരണത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ ദിവ്യയുടെ പങ്ക് അന്വേഷിക്കണം എന്നാണ് സി.പി.ഐ സംഘടനകളുടെ ആവശ്യം.

അന്വേഷണം ആവശ്യപ്പെട്ട് കെ.അർ.ഡി.എസ്.എ ബുധനാഴ്ച കരിദിനം ആചരിക്കുകയാണ്. പാർട്ടിയുടെ സർവീസ് സംഘടനകളിലൂടെ രാഷ്ട്രീയ സമ്മർദ്ദം ഉയർത്തികൊണ്ട് അന്വേഷണാവശ്യം നേടിയെടുക്കാനാണ് സി.പി.ഐ നിയമസഭാകക്ഷി നേതാവ് കൂടിയായ മന്ത്രി കെ. രാജൻെറ നീക്കം.


'നിഗൂഢമായ'  താൽപര്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യ ക്ഷണമില്ലാത്ത യോഗത്തിൽ എത്തി നവീൻ ബാബുവിന് എതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞതെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ആക്ഷേപം.


 നവീൻ ബാബുവിൻെറ മരണം സംബന്ധിച്ച ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ അഴിമതി ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുന്ന സൂചനകളുണ്ട്. പെട്രോൾ പമ്പുകൾക്ക് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിൻെറ ഓഫീസിൽ നിന്ന് നിരാക്ഷേപ പത്രം അഥവാ എൻ.ഒ.സി നൽകുന്നതിന് സങ്കീർണമായ നടപടി ക്രമങ്ങളാണുളളത്. 

കേവലം റവന്യു വകുപ്പിൻെറ മാത്രം ക്ലിയറൻസ് കൊണ്ട് എൻ.ഒ.സി നൽകാനാവില്ല. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും അനുകൂല റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കഴിയു. നവീൻ ബാബുവിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ച ശ്രീകണ്ഠാപുരം സ്വദേശി പ്രശാന്ത് എൻ.ഒ.സിക്കായി 2023 ഡിസംബറിലാണ് അപേക്ഷ നൽകുന്നത്.

 വിവിധ വകുപ്പുകളുടെ റിപ്പോർട്ട് തേടിയപ്പോഴേക്കും ലോക്‌സഭ തിരഞ്ഞെടുപ്പ് വന്നു. പിന്നീട് ജൂൺ പകുതിയോടെയാണ് നടപടികൾക്ക് വേഗം വെച്ചത്. പമ്പ് തുടങ്ങുന്ന സ്ഥലത്തിൻെറ പ്രത്യേകതകളും അടുത്തുളള സ്ഥാപനങ്ങളും മറ്റും പരിശോധിച്ച് വേണം എൻ.ഒ.സി നൽകാൻ.


 ഉദാഹരണത്തിന് പമ്പ് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം വെടിക്കെട്ട് നടക്കുന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട വകുപ്പിൻെറ ക്ലിയറൻസ് വേണം. പമ്പിനായി അപേക്ഷ നൽകിയ സ്ഥലം വളവിലാണ് ഉളളത്. വളവിലുളള സ്ഥലങ്ങളിൽ പമ്പ് അനുവദിക്കണമെങ്കിൽ ടൗൺ പ്ളാനിങ് വകുപ്പിൻെറ ക്ലിയറൻസ് വേണം. 


ഈമാസം 5നാണ് ടൗൺ പ്ലാനിങ് വകുപ്പിൽ നിന്ന് ക്ലിയറൻസ് വന്നത്. പിന്നാലെ ഈ മാസം 8ന് തന്നെ പമ്പിന് എൻ.ഒ.സി നൽകി കൊണ്ട് എ.ഡി.എം തീരുമാനം എടുക്കുകയും ചെയ്തു. എന്നാൽ പമ്പിന് എൻ.ഒ.സി ലഭിച്ചശേഷം ഈ മാസം 10നാണ് പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. അതുകൊണ്ടുതന്നെ പരാതിയുടെ ആധികാരികത സംബന്ധിച്ച് ഇപ്പോൾ തന്നെ സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

പരാതി നൽകിയ പ്രശാന്ത് സി.പി.എമ്മുമായി ബന്ധപ്പെട്ട ആശുപത്രിയിലെ ജീവനക്കാരനാണ്. അതിലുപരി എ.കെ.ജി സെന്ററിലെ ഓഫീസ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ബിജു കണ്ടക്കൈയുടെ ബന്ധുവുമാണ്. ഇതെല്ലാം പരിശോധിക്കുമ്പോൾ പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുന്നുണ്ട്.

Advertisment