Advertisment

ഇതിപ്പോൾ ഉരുൾപൊട്ടലായത് കൊണ്ട് നമ്മുടെ ശ്രദ്ധ മലയിലാണ്. നാളെ ഇത് കടലാക്രമണമായി തീരപ്രദേശത്താകും; മറ്റന്നാൾ പ്രളയമായി ഇടനാട്ടിലാകുമ്പോഴോ ? എങ്ങനെയാണ് സുരക്ഷിതമായ സമൂഹം ഉണ്ടാക്കുന്നത് ? മുരളി തുമ്മാരുകുടി എഴുതുന്നു

സമൂഹം സുരക്ഷിതമാകണമെങ്കിൽ പ്രകൃതി ദുരന്തങ്ങൾക്കപ്പുറവും പല കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി

New Update
murali thummarukudy

മൂഹം സുരക്ഷിതമാകണമെങ്കിൽ പ്രകൃതി ദുരന്തങ്ങൾക്കപ്പുറവും പല കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ദീര്‍ഘവീക്ഷണമാണ് പ്രധാനമെന്നും, നമ്മള്‍ ചിന്തിക്കേണ്ടത് അടുത്ത അഞ്ച് വര്‍ഷത്തെ പറ്റി മാത്രമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

മുരളി തുമ്മാരുകുടി എഴുതുന്നു:

എങ്ങനെയാണ് സുരക്ഷിതമായ സമൂഹം ഉണ്ടാക്കുന്നത്?

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളുടെ സമയം ഏറെക്കുറെ കഴിഞ്ഞു. ഇനി പുനരധിവാസത്തിന്റെ കാലമാണ്.

മരണസംഖ്യ വളരെ ഉയർന്നതാണെങ്കിലും ആകെ ദുരന്തബാധിതരുടെ എണ്ണവും ദുരന്തം ബാധിച്ച പ്രദേശത്തിന്റെ വ്യാപ്തിയും അത്ര വലുതല്ല. ഉദാഹരണത്തിന് പതിനായിരത്തോളം ആളുകളാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. 2018 ൽ അത് ഒരുകോടി ഇരുപത് ലക്ഷം ആയിരുന്നു. ഇപ്പോഴത്തേതിന്റെ ആയിരം ഇരട്ടി.

അതുകൊണ്ട് തന്നെ മലയാളി സമൂഹത്തിന്റെ കഴിവിനാൽ കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളേ ഇനി ഈ ദുരന്തത്തിൽ ബാക്കിയുള്ളൂ. കാമറകൾ ഒക്കെ പോയതിനു ശേഷവും അത് കാര്യക്ഷമമായി സമയബന്ധിതമായി ചെയ്യുക എന്നതാണ് പ്രധാനം. 

എന്നാൽ ഇതിനേക്കാൾ പ്രധാനമായതും ബുദ്ധിമുട്ടുള്ളതുമായ മറ്റൊന്നുണ്ട്. ഈ ദുരന്തത്തിൽ നിന്നുള്ള പാഠങ്ങൾ പഠിച്ച് കേരള സമൂഹത്തെയാകെ സുരക്ഷിതമാക്കുക എന്നത്. അതത്ര എളുപ്പമല്ല.

നമ്മുടെ തന്നെ പഠനങ്ങൾ അനുസരിച്ച് ഉരുൾപൊട്ടൽ സാധ്യതയുള്ള ഒരു പ്രദേശത്ത് തന്നെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കിയ അതിതീവ്രമഴ നമ്മുടെ പഴയ കണക്കുകൂട്ടലുകളെ തെറ്റിച്ചു തുടങ്ങിയെന്നും നാം മനസിലാക്കുന്നു. ഉരുൾ പൊട്ടിയ പ്രദേശത്തിനും ഏറെ താഴെ വരെയുള്ള ആളുകൾ അപകടത്തിൽ പെട്ടു, ജീവനും, സ്വത്തും, ഭൂമിയും നഷ്ടപ്പെട്ടു. ആ പ്രദേശം ഇനി പുനരധിവാസത്തിന് യോഗ്യമല്ല എന്ന് എല്ലാവരും ചിന്തിക്കുന്നു. ശരിയാണ്.

അപ്പോൾ, കേരളത്തിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് നാം വരച്ചുവെച്ചിരിക്കുന്ന മറ്റു പ്രദേശങ്ങളിൽ എന്താണ് ചെയ്യേണ്ടത് ?

ആ പ്രദേശങ്ങളുടെ താഴെ എവിടെവരെ ഉരുൾപൊട്ടലിന്റെ പ്രവാഹം എത്താം? അത് പഠിക്കേണ്ടേ ?

അവിടെയുള്ളവർ എന്താണ് ചെയ്യേണ്ടത്?

ഓരോ ഉരുൾപൊട്ടൽ ഉണ്ടാകുമ്പോഴും ആ പ്രദേശത്തെ ആളുകളെ മാറ്റിത്താമസിപ്പിച്ചാൽ മതിയോ?

ഉരുൾപൊട്ടൽ സാധ്യതയും അവിടെ നിന്നൊഴുകിവരുന്ന പ്രവാഹം ദുരന്തം വിതക്കാൻ ഇടയുള്ള സ്ഥലങ്ങളൂം കൂടി കേരളത്തിൽ എത്രമാത്രം സ്ഥലം ഉണ്ടാകും?

അവിടെയെല്ലാം എത്ര ആളുകൾ ഉണ്ടാകും?

അവരെയെല്ലാം മാറ്റിത്താമസിപ്പിക്കാൻ സാധിക്കുമോ? അതാണോ പോംവഴി?, അത് മാത്രമാണോ പോംവഴി?

ഇതെല്ലാമാണ് കേരളസമൂഹം ചിന്തിക്കേണ്ടത്.

ഒന്ന് കൂടി പറയാം.

ഇതിപ്പോൾ ഉരുൾപൊട്ടലായത് കൊണ്ട് നമ്മുടെ ശ്രദ്ധ മലയിലാണ്. നാളെ ഇത് കടലാക്രമണമായി തീരപ്രദേശത്താകും. അവിടുത്തെ ആളുകളെ എന്ത് ചെയ്യും?

മറ്റന്നാൾ പ്രളയമായി ഇടനാട്ടിലാകുമ്പോഴോ? കുട്ടനാട് മുതൽ ചാലക്കുടി വരെയുള്ള ആളുകൾ പ്രളയത്തിൽ മുങ്ങിയത് നാം കണ്ടതാണ്. അവിടെയുള്ളവർ എന്ത് ചെയ്യണം?

അതിതീവ്രമഴയോടൊപ്പം ജലനിരപ്പുയരുക കൂടി ചേർന്നാൽ നമ്മുടെ തീരദേശ നഗരങ്ങളിൽ പലയിടത്തും ജീവിതം ദുഃസഹമാകും. അവരെ എന്ത് ചെയ്യണം?

ഉരുൾ / അതിതീവ്ര മഴയെ നമുക്ക് തടയാൻ സാധിക്കില്ല. കുന്നിന്റെ ചെരുവിനെ മാറ്റാനോ സമുദ്രനിരപ്പ് ഉയരുന്നതിനെ തടയാനോ സാധിക്കില്ല, സമുദ്രനിരപ്പിന് താഴെയുള്ള നമ്മുടെ പ്രദേശങ്ങളെ ഉയർത്താനും സാധിക്കില്ല.

അപ്പോൾ പിന്നെ എങ്ങനെയാണ് നമ്മൾ സുരക്ഷിതമായ ഒരു കേരളം ഉണ്ടാക്കുന്നത്? നമ്മുടെ ഭാവി തലമുറയെ എങ്ങനെയാണ് സുരക്ഷിതമാക്കുന്നത്?

ചിന്തിച്ചാൽ തന്നെ തലപെരുക്കും.

(ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നൊക്കെ പറയാം. ഇടക്കൊക്കെ ഇതുപോലെ ഓരോ ദുരന്തം ഉണ്ടാകുമെന്നും അതിന്റെ എണ്ണവും വ്യാപ്തിയും കൂടി വരുമെന്നും അംഗീകരിച്ചാൽ മാത്രം മതി).

അതുകൊണ്ട് ചിന്തിക്കാതെ പറ്റില്ല.

ഒരു ലേഖനത്തിൽ പറഞ്ഞു തീർക്കാവുന്ന കാര്യമല്ല ഇത്. ഒരു മുണ്ടക്കൈയ്യിൽ സമൂഹം ഒറ്റ മനസ്സായി കൈമെയ് മറന്നു പ്രവർത്തിച്ചത് കൊണ്ടോ, അവിടെയുള്ള പതിനായിരം ആളുകളെ സുരക്ഷിതമാക്കിയതുകൊണ്ടോ തീരാവുന്ന വിഷയമല്ല കേരളത്തിലെ സുരക്ഷ എന്ന് പറയാൻ വേണ്ടി പറഞ്ഞതാണ്.

പൂർണ്ണ സുരക്ഷ എന്നത് ഒരു വ്യക്തിക്കോ സമൂഹത്തിനോ സാധ്യമായ ഒന്നല്ല. സുരക്ഷ എന്നാൽ പ്രകൃതി ദുരന്തങ്ങളിൽ നിന്നും മാത്രമല്ലല്ലോ. റോഡപകടങ്ങളിൽ നിന്നും, മറ്റപകടങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും എല്ലാമുള്ള സുരക്ഷയും പ്രധാനമാണ്. കേരളത്തിൽ എല്ലാത്തരം അപകടങ്ങളിൽ നിന്നും എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും മരിക്കുന്നവരുടേതിനേക്കാൾ ഇരട്ടി ആളുകളാണ് ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നത്. അപ്പോൾ സമൂഹം സുരക്ഷിതമാകണമെങ്കിൽ പ്രകൃതി ദുരന്തങ്ങൾക്കപ്പുറവും പല കാര്യങ്ങൾ ചെയ്യാനുണ്ട്.

എന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ എങ്ങനെയാണ് ഉരുൾപൊട്ടൽ/  മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ആപേക്ഷികമായി സുരക്ഷ വർധിപ്പിക്കുന്നത് എന്ന് പറയാം.

മണ്ണിടിച്ചിലും ഉരുൾപൊട്ടലും ലോകത്ത് അനവധി പ്രദേശങ്ങളിൽ ഉണ്ടല്ലോ. ഇവയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നത് ചൈന, ജപ്പാൻ, ഇറ്റലി, സ്വിറ്റ്‌സർലാൻഡ്‌ എന്നിവിടങ്ങളിലാണ്.

ഇതിൽ ജപ്പാനും ചൈനയും ഇറ്റലിയും ഭൂകമ്പസാധ്യതകൾ കൂടിയ പ്രദേശങ്ങളാണ്. അത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. ചൈനയിൽ 2008 ലെ ഭൂകമ്പത്തിന് ശേഷം പെയ്ത മഴയിൽ ഒറ്റ ദിവസം ആയിരത്തിലേറെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. ചില സ്ഥലങ്ങളിൽ അത് നദിയുടെ കുറുകെ പ്രകൃതി അണകെട്ടിയ പോലുള്ള സാഹചര്യം പോലും ഉണ്ടാക്കി.

ഈ സാഹചര്യങ്ങൾ കണ്ട പരിചയത്തിലും ഓരോ രാജ്യങ്ങളും എങ്ങനെയാണ് ഇതിനെ കൈകാര്യം ചെയ്യുന്നത് എന്ന് പഠിച്ച സാഹചര്യത്തിലും കുറച്ചു കാര്യങ്ങൾ പറയാം.

ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൈകാര്യം ചെയ്യുന്നതിൽ ലോകത്തെ ഏറ്റവും ആധുനികമായ സങ്കേതങ്ങൾ സ്വിറ്റ്‌സർലാൻഡിലാണ്. അത് സ്വാഭാവികവുമാണ്. രാജ്യത്തിൻറെ അറുപത് ശതമാനവും മലമ്പ്രദേശം ആണ്. മണ്ണിടിച്ചിലും ഉരുൾ പൊട്ടലും കൂടാതെ മഞ്ഞുകാലത്ത് ഹിമപാതം (avalanche) കൂടി അവർക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ അവിടെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഹിമപാതവും കൈകാര്യം ചെയ്യേണ്ടി വന്നപ്പോൾ അതൊരു പ്രധാന വിഷയമാണെന്ന് ആ സമൂഹം മനസിലാക്കുന്നു. അന്ന് മുതൽ ഇന്ന് വരെ അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ എടുക്കുന്നു.

1843 ലാണ് സ്വിസ്സ് ഫോറസ്ട്രി അസോസിയേഷൻ ഉണ്ടാകുന്നത്. പ്രകൃതിദുരന്തങ്ങൾ തടയാനായി മലകളിൽ മഞ്ഞുപെയ്യുന്ന കുന്നിൻമുകൾ മുതൽ ആളുകൾ താമസിക്കുന്ന ഗ്രാമം വരെയുള്ള പ്രദേശങ്ങളിൽ ഒരു കവചം പോലെ വനവൽക്കരണം നടത്തണമെന്നും അവിടെയുള്ള മരങ്ങൾ ഒരു കാരണവശാലും മുറിക്കരുതെന്നും അവർ തീരുമാനം എടുത്തു. അങ്ങനെയാണ് ഇന്ന് ലോകപ്രശസ്‌തവും ലോക മാതൃകയുമായ ‘പ്രൊട്ടക്ഷൻ ഫോറസ്റ്റ്’ ഉണ്ടാകുന്നത്.

സ്വിറ്റ്‌സർലൻഡിൽ ഫോറസ്റ്റ് നിയമങ്ങൾ വരുന്നത് 1873 ലാണ്. അന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നത് വനങ്ങളുടെ ഒരു പ്രധാന കർത്തവ്യമായി അവർ എടുത്തിരുന്നു. അതുമായി ചേർന്ന ചില നിർദ്ദേശങ്ങൾ നോക്കുക.

1. കുന്നിൻ മുകളിലുള്ള ഭൂമി ആരുടേതാണെങ്കിലും അവിടെ പ്രൊട്ടക്ഷൻ ഫോറസ്റ്റ് ഉണ്ടാക്കുന്നതും നിലനിർത്തുന്നതും സർക്കാർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഉടമക്ക് അവിടെ പോകാം, വേണമെങ്കിൽ ക്യാംപ് ചെയ്യാം എന്നല്ലാതെ സ്വന്തം ഭൂമിയിൽ മരം വെട്ടാനോ കൃഷി ചെയ്യാനോ അനുവാദമില്ല.

2. മലഞ്ചെരുവിലെ ഭൂമി വിഭജിക്കാനും അനുവാദമില്ല. എനിക്ക് പണത്തിന് ആവശ്യമുണ്ടെങ്കിൽ എന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഒരു പങ്ക് മറ്റൊരാൾക്ക് കൊടുക്കാൻ പറ്റില്ല. വേണമെങ്കിൽ മൊത്തമായി വിൽക്കാം. എനിക്ക് നാലു മക്കൾ ഉണ്ടെങ്കിൽ ഭൂമി നാലായി വിഭജിക്കാൻ പറ്റില്ല. ഏതെങ്കിലും ഒരാൾക്ക് കൊടുക്കാം, അവർ മറ്റുള്ളവർക്ക് അവരുടെ വീതം പണമായി നൽകണം. പറ്റില്ലെങ്കിൽ മൊത്തമായി മറ്റൊരാൾക്ക് കൊടുത്ത് പണം വിഭജിക്കാം.

ഈ പ്രൊട്ടക്ഷൻ ഫോറസ്റ്റ് അവിടുത്തെ വനം വകുപ്പും Swiss Federal Institute for Forest, Snow and Landscape Research എന്നിവയും കൂടിയാണ് പരിപാലിക്കുന്നത്. ഇവിടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഹിമപാതം എന്നിവ മാത്രം കൈകാര്യം ചെയ്യാൻ WSL Institute for Snow and Avalanche Research SLF ഉണ്ട്. അതിൽ തന്നെ 170 ശാസ്‌ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരുമുണ്ട്. സ്വിറ്റ്‌സർലാൻഡിലെ ഓരോ കുന്നും മലയും സ്ഥിരം നിരീക്ഷണത്തിലാണ്. അതിന് ആധുനികമായ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, നിർമ്മിത ബുദ്ധി, സിറ്റിസൺ സയൻസ്, റിമോട്ട് സെൻസിംഗ് എന്നിവയെല്ലാം ഉപയോഗിക്കുന്നു.

2023 മെയ് മാസത്തിലാണ് ആൽപ്സിൽ ബ്രിയൻസ് എന്ന ഗ്രാമത്തിന് മുകളിൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നത്.

മെയ് ഒമ്പതാം തിയതി ഗ്രാമങ്ങളിൽ ഉള്ളവർ സ്ഥലം വിട്ടു. ഒരു മാസവും കഴിഞ്ഞ്  2023 ജൂൺ പതിനഞ്ചിനാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ജൂൺ 22 ന് ഗ്രാമത്തിലുള്ളവർക്ക് തിരിച്ച് പോകുവാനുള്ള അനുമതി നൽകി. (ഇതിനിടയിൽ അവരുടെ വീടൊന്നും ആരും കൊള്ളയടിച്ചില്ല എന്നതും ശ്രദ്ധിക്കണം).

സർക്കാർ നിർദ്ദേശം വരുമ്പോൾ ഒഴിയാനുള്ള പരിശീലനം മാത്രമല്ല സ്വിസ്സുകാർക്ക് ഉള്ളത്. ഓരോ സ്വിസ്സ് ഗ്രാമത്തിലും ഒരു സിവിൽ ഡിഫൻസ് സെന്റർ ഉണ്ട്. കൊച്ചു കുട്ടികൾ മുതൽ എൺപത് വയസ്സ് കഴിഞ്ഞവർക്ക് വരെ റോഡപകടം മുതൽ ന്യൂക്ലിയർ റേഡിയേഷനിൽ നിന്ന് എങ്ങനെ രക്ഷപെടാം എന്നുവരെയുള്ള പരിശീലനം എല്ലാ ദിവസവും നടക്കുന്നു.

ഒരു ഗ്രാമം വിട്ടു പോകണമെന്ന നിർദ്ദേശം വരുമ്പോൾ എങ്ങോട്ടു പോകണമെന്നും കൂടി നിർദ്ദേശത്തിൽ ഉണ്ട്. അതിന്റെ ചിലവ് സർക്കാരോ ഇൻഷുറൻസോ വഹിക്കും.

സ്വിസ് പൊളിറ്റിക്കലായി നിഷ്പക്ഷ രാജ്യമാണെങ്കിലും സ്വിസ് സമൂഹത്തിന് മൊത്തം ഒരു യുദ്ധ സാഹചര്യത്തിൽ നിന്നും രക്ഷ നേടാനുള്ള ഭൂഗർഭ അറകൾ രാജ്യത്ത് എവിടെയും ഉണ്ട്. 1960 നും 2010 നും ഇടക്ക് നിർമ്മിച്ച സ്വിസ് വീടുകളിലെല്ലാം ഓരോ ഭൂഗർഭ അറകൾ ഉണ്ട്. അവിടെ രണ്ടാഴ്ച്ച കഴിയാനുള്ള ഭക്ഷണവും മറ്റു സംവിധാനവും ഒരുക്കി വെക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

മൊത്തം സർക്കാരിന് വേണമെങ്കിൽ പ്രവർത്തിക്കാനുള്ള ഭൂഗർഭ ഓഫിസുകളും നിർമിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട പല ആശുപത്രികൾക്കും ഭൂമിയുടെ അടിയിൽ ഒരു ഡബിൾ ഉണ്ട് !. മുകൾ ഭാഗം മണ്ണിടിച്ചിലിലോ യുദ്ധത്തിലോ തകർന്നാൽ സുരക്ഷിതമായ ഒരു തുരങ്കത്തിലൂടെ അവിടെ എത്താം. മുകളിലുള്ള ആശുപത്രികളിലെ ഡോക്ടർമാരും മറ്റുള്ളവരും അപകടത്തിൽ പെട്ടിരിക്കാം എന്ന പ്ലാനിങ്ങിൽ ഭൂമിക്കടിയിലുള്ള ആശുപത്രിയിൽ ജോലി ചെയ്യാൻ അടുത്തുള്ള ആശുപത്രിയിൽ നിന്നുള്ളവരുടെ ഒരു റോസ്‌റ്റർ ഉണ്ട്. ഒരിക്കൽ പോലും പ്രയോഗിച്ചിട്ടില്ലെങ്കിൽ പോലും ഓരോ മാസവും ഈ റോസ്‌റ്റർ മാറുന്നു !.

ഇതൊക്കെ അല്പം ഓവർ അല്ലേ എന്ന് തോന്നാം.

എങ്ങനെയാണ് സമൂഹത്തെ സുരക്ഷിതമാക്കുന്നത് എന്നും എങ്ങനെയാണ് മറ്റു സമൂഹങ്ങൾ ഇതേ വിഷയം കൈകാര്യം ചെയ്യുന്നത് എന്നും പറയുകയായിരുന്നു.

"അവന്റെ ഒരു സ്വിസ്സ്" എന്ന് കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ ഒരു കാര്യം കൂടി പറയട്ടെ.

2018 ൽ സ്വിറ്റ്‌സർലൻഡിൽ വലിയൊരു ചർച്ച വന്നു. ഒരു യുദ്ധകാലം ഉണ്ടാവുകയും മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ബുദ്ധിമുട്ടാവുകയും ചെയ്താൽ അത്യാവശ്യത്തിന് വേണ്ടി സ്വിറ്റസർലണ്ടിൽ 15000 ടൺ കാപ്പിപ്പൊടി കരുതിവെച്ചിട്ടുണ്ട് !

ആധുനിക ലോകത്ത് ഇതിന്റെയെല്ലാം ആവശ്യമുണ്ടോ എന്നുള്ളതായിരുന്നു ചർച്ച. കോവിഡ് വന്നപ്പോൾ ലോകം എത്ര വേഗം ചുരുങ്ങുമെന്ന് മനസ്സിലാക്കിയതോടെ ആ ചർച്ച തീർന്നു. കാപ്പിപ്പൊടി (അതോ കുരുവോ) അവിടെത്തന്നെ ഉണ്ട് !

ഇതൊക്കെ സ്വിസ്സിന് സാധിക്കും, അവരുടെ വരുമാനം എന്താണ്?

ശരിയാണ്. സ്വിറ്റ്‌സർലൻഡിന്റെ ആളോഹരി വരുമാനം ഒരു വർഷം എൺപതിനായിരം ഡോളറിന് മുകളിലാണ് (പി.പി.പി.അനുസരിച്ച്). കേരളത്തിൽ അത് പത്തിൽ ഒന്നാണ്, എന്നാശ്വസിക്കാൻ വരട്ടെ. സ്വിറ്റ്‌സർലൻഡിൽ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ പ്രൊട്ടക്ഷൻ ഫോറസ്റ്റ് ഉണ്ടാക്കണം എന്ന് ചിന്തിക്കുന്ന കാലത്ത് അവർ യൂറോപ്പിലെ ഏറ്റവും ദരിദ്രമായ രാജ്യമായിരുന്നു.

നമ്മൾ സ്വർണ്ണം എ.ബി. നിലവറകളിൽ വെച്ചിരിക്കുന്ന കാലം. അപ്പോൾ പണമല്ല പ്രധാനം. ദീർഘവീക്ഷണമാണ്.

നമ്മൾ ചിന്തിക്കേണ്ടത് അടുത്ത അഞ്ചു വർഷത്തെ പറ്റി മാത്രമല്ല.

എങ്ങനെയായിരിക്കണം 2100 ലെ കേരളം?

എങ്ങനെയാണ് കൊച്ചുമക്കൾക്ക് ഇന്നത്തേതിലും സുരക്ഷിതമായ കേരളം നിർമ്മിച്ച് കൊടുക്കാൻ നമുക്ക് പറ്റുന്നത്?

അതിന് എന്ത് നയങ്ങളും നിയമങ്ങളും ആണ് ഉണ്ടാക്കേണ്ടത്?

എന്തൊക്കെ ഗവേഷണവും ഗവേഷണ സ്ഥാപനങ്ങളും ആണ് നമുക്ക് വേണ്ടത്?

അതിന് എന്തൊക്ക ത്യാഗങ്ങളാണ് ഇന്ന് നാം സഹിക്കേണ്ടത്?

ഒരപകടം ഉണ്ടാകുമ്പോൾ ഒറ്റ സമൂഹമായി നിൽക്കുന്നത് നല്ലത്. എന്നാൽ അപകടം കുറഞ്ഞ സമൂഹത്തിന് വേണ്ടി ഒരുമിച്ച് ചിന്തിക്കുവാൻ നമുക്ക് സാധിക്കുമോ?

ഇന്നത്തെ ചിന്താ വിഷയം

മുരളി തുമ്മാരുകുടി

 

Advertisment