Advertisment

മുനമ്പം ഭൂമി പ്രശ്നത്തിൽ വിവാദം തുടരുന്നതിനിടെ സർക്കാരിൽ ഭിന്നത രൂക്ഷം. മുനമ്പത്ത് റീസർവെ നടത്തുമെന്ന മന്ത്രി കെ.രാജന്റെ പ്രഖ്യാപനത്തെ പരസ്യമായി എതിർത്ത് മന്ത്രി പി.രാജീവ്. ഉന്നതതല യോഗത്തിലും റവന്യു മന്ത്രി കെ രാജൻ റീസർവേ നിലപാട് ആവർത്തിച്ചാൽ സർക്കാർ വീണ്ടും കുഴയും ! പുറത്ത് മുനമ്പം വിഷയം കത്തുമ്പോൾ ഉള്ളിൽ സിപിഐ - സിപിഎം തർക്കത്തിലേക്ക്

New Update
G

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിൽ വിവാദം തുടരുന്നതിനിടെ സർക്കാരിൽ ഭിന്നത. വഖഫ് ഭൂമിയാണെന്ന അവകാശവാദം നടക്കുന്ന മുനമ്പത്തെ ഭൂമിയുടെ റീസർവേയെ ചൊല്ലിയാണ് മന്ത്രിമാർക്കിടയിൽ ഭിന്നാഭിപ്രായം ഉടലെടുത്തിരിക്കുന്നത്.

Advertisment

റവന്യു വകുപ്പ് നടത്തിവരുന്ന റീസർവേ നടപടികളുടെ മൂന്നാംഘട്ടത്തിൽ മുനമ്പത്തെ ഉൾപ്പെടുത്തുമെന്ന് മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചപ്പോൾ വ്യവസായ മന്ത്രി പി.രാജീവ് അതിനോട് പരസ്യമായി വിയോജിച്ചു.


മുനമ്പത്ത് റീസർവെ നടത്താൻ നീക്കമെന്ന റിപ്പോർട്ട് ചിലരുടെ ഭാവനാ സൃഷ്ടിയാണെന്നാണ് മന്ത്രി പി.രാജീവിൻ്റെ പ്രതികരണം. മുനമ്പം വിഷയത്തിൽ സർക്കാർ ഉന്നതല യോഗം നിശ്ചയിച്ചിരിക്കുമ്പോഴാണ് റവന്യു - നിയമ മന്ത്രിമാർ റീസർവ്വേയെ ചൊല്ലി ഭിന്നഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.


ഉന്നതതല യോഗത്തിലും റവന്യു മന്ത്രി കെ രാജൻ റീസർവേ നിലപാട് ആവർത്തിച്ചാൽ സർക്കാർ വീണ്ടും കുഴയും. റീസർവേ വേണമെന്നത് സിപിഐയുടെ രാഷ്ട്രീയ നിലപാടാണെങ്കിൽ മുന്നണിയിലും വിഷയം തർക്കമാകാൻ സാധ്യതയുണ്ട്.

ഭൂമി റീസർവേ നടത്തണം എന്നാണ് മുനമ്പത്തെ ജനങ്ങൾ താല്പര്യപ്പെടുന്നതെങ്കിൽ സർക്കാർ അതിന് സന്നദ്ധമാകും എന്നാണ് റവന്യു മന്ത്രി കെ. രാജൻെറ പ്രഖ്യാപനം.


ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വഖഫ് സംരക്ഷണ സമിതി നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തിൽ റിസർവേ നടത്തുമെന്ന് പ്രഖ്യാപനം ഏത് തരത്തിൽ കേസിനെ ബാധിക്കും എന്നതിൽ ആശങ്ക ഉയരുന്നുണ്ട്.


ഇതാണ് വ്യവസായ നിയമ മന്ത്രി പി രാജീവ് റിസർവ്വേ എന്ന പ്രചരണം തള്ളിക്കളയാൻ കാരണമെന്നാണ് സൂചന. റീസർവേ നടത്താൻ സർക്കാർ നീക്കമെന്ന പ്രചരണത്തെ മന്ത്രി പി രാജീവ് തള്ളിപ്പറയാൻ കാരണവും അതുതന്നെ.

മുനമ്പത്തെ ഭൂമി തർക്കത്തിൽ ചർച്ചയിലൂടെ മാാത്രമേ പരിഹാരം കണ്ടെത്താൻ ആവുകയുള്ളൂ എന്നാണ് മന്ത്രി പി രാജീവിന്റെ പ്രതികരണം. മുനമ്പം ഭൂമി പ്രശ്നത്തിൽ പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന നിരാഹാര സമരം 37 ദിവസം കഴിഞ്ഞിരിക്കുകയാണ്.


ക്രൈസ്തവ സഭകളുടെ പിന്തുണയിലാണ് പ്രദേശവാസികളുടെ സമരം. കുടിയിറക്ക് ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് സമരാസമിതിക്ക് ക്രൈസ്തവ സഭകൾ പിന്തുണ പ്രഖ്യാപിച്ചത്.


റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് വിവിധ ക്രൈസ്തവ സഭകളുടെ വൈദികന്മാർ ദിവസവും മുനമ്പത്തെ സമര കേന്ദ്രം സന്ദർശിക്കുന്നുണ്ട്.

മുലമ്പത്തെ ഭൂപ്രശ്നം സംസ്ഥാനത്തെ സമുദായ മൈത്രിക്ക് ഭീഷണിയായ സാഹചര്യത്തിൽ മുസ്ലിം ലീഗ് നേതാക്കൾ ലത്തീൻ രൂപത മെത്രാൻമാരുമായി കൂടിക്കാഴ്ച നടത്തി.

രൂപതാ ആസ്ഥാനത്ത് എത്തിയാണ് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് അലി തങ്ങൾ, പ്രതിപക്ഷ ഉപ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരാണ് മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തിയത്. മുനമ്പം വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കുമെന്ന് മുസ്ലിം ലീഗ് സഭാ നേതൃത്വത്തെ അറിയിച്ചു.


സർക്കാർ വിളിച്ച യോഗത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി മുസ്ലീം ലീഗ് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ലത്തിൻ സഭാ കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ പ്രതികരിച്ചു.


പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കൂടിക്കാഴ്ചക്ക് എറെ രാഷ്ട്രീയ മാനങ്ങളുമുണ്ട്. ഈ മാസം 22നാണ് മുനമ്പം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.

Advertisment