Advertisment

ഇന്റലിജൻസ് മേധാവി പി. വിജയനെ സ്വർണക്കടത്തിൽ കുരുക്കാൻ എ.ഡി.ജി.പി അജിത്കുമാറിന്റെ തന്ത്രം. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ വിജയന് പങ്കെന്ന് എസ്.പി സുജിത്ദാസ് പറഞ്ഞെന്ന് മൊഴി. അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് സുജിത് ദാസ്. തനിക്ക് രാജ്യത്തും വിദേശത്തും ബിസിനസില്ലെന്നും അജിത്ത്. തനിക്കെതിരായ ആരോപണം മുഖ്യമന്ത്രിയെയും പി. ശശിയെയും താറടിക്കാനെന്നും മൊഴി

കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ തീവ്രവാദവിരുദ്ധ സ്ക്വാഡ് മുൻ ഐ.ജിയും ഇപ്പോൾ എ.ഡി.ജി.പിയുമായ പി. വിജയനും എ.ടി.എസിലെ ചില അംഗങ്ങൾക്കും ബന്ധമുണ്ടെന്ന് എസ്.പി സുജിത്ദാസ് തന്നെ അറിയിച്ചിരുന്നെന്ന് എ.ഡി.ജി.പി എംആർ അജിത്കുമാർ മൊഴി

New Update
mr ajith kumar p vijayan sujith das

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ തീവ്രവാദവിരുദ്ധ സ്ക്വാഡ് മുൻ ഐ.ജിയും ഇപ്പോൾ എ.ഡി.ജി.പിയുമായ പി. വിജയനും എ.ടി.എസിലെ ചില അംഗങ്ങൾക്കും ബന്ധമുണ്ടെന്ന് എസ്.പി സുജിത്ദാസ് തന്നെ അറിയിച്ചിരുന്നെന്ന് എ.ഡി.ജി.പി എംആർ അജിത്കുമാർ മൊഴി നൽകിയതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ. 

Advertisment

പിടിച്ചെടുക്കുന്ന സ്വർണം കസ്റ്റംസിന് കൈമാറണമെന്ന് കണ്ണൂർ മുൻ ഡി.ഐ.ജി നിർദ്ദേശിച്ചെന്നും സുജിത്ദാസ് അറിയിച്ചിരുന്നു. തനിക്ക് സ്വർണക്കടത്തുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും തനിക്കെതിരായ വിജിലൻസ് അന്വേഷണം നിയമവിരുദ്ധമാകുമെന്നും അജിത് മൊഴി നൽകി.


 എന്നാൽ എസ്.പി സുജിത്ദാസ് ഇത് നിഷേധിച്ചു. വിജയനെക്കുറിച്ച് താൻ അങ്ങനെ പറഞ്ഞിട്ടില്ല. സ്വർണം കസ്റ്റംസിന്‌ കൈമാറാൻ ആരും നിർദ്ദേശിച്ചിട്ടില്ലെന്നും സുജിത്ത്ദാസ് വ്യക്തമാക്കി.


പി.വി. അൻവർ എം.എൽ.എ തനിക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതിന് അൻവറിനെതിരേ നിയമ നടപടിയെടുക്കണമെന്നും എം.ആർ അജിത്കുമാർ ഡിജിപിക്ക് നൽകിയ മൊഴിയിലുണ്ട്.

സമൂഹമാദ്ധ്യമങ്ങളിലൂടെയടക്കം അൻവറുന്നയിച്ച ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണം. താൻ നിയമപരമായി നടപടിയെടുത്ത ഏതാനും വ്യക്തികൾക്കും ഏതാനും പൊലീസുദ്യോഗസ്ഥർക്കും തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയിൽ പങ്കുള്ളതായി സംശയിക്കുന്നതായി അജിത്തിന്റെ മൊഴിയിലുണ്ട്.

തന്നെയും കുടുംബത്തെയും അപമാനിക്കുകയും തന്നെ ശാരീരികമായും മാനസികമായും തളർത്തുകയും ഔദ്യോഗിക ജീവിതം നശിപ്പിക്കാനുമാണ് ലക്ഷ്യമിട്ടത്. തന്റെ കുടുംബാംഗങ്ങളുടെ ഫോൺ ചോർത്തിയതായി അൻവർ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. അൻവറിനെതിരേ രഹസ്യ രേഖാ ആക്ട് പ്രകാരം ശക്തമായ നിയമനടപടിയെടുക്കണം.


കുടുംബാംഗങ്ങളാരും ദുബായിൽ താമസിക്കുന്നില്ല, റിയൽ എസ്റ്റേറ്റ് ഇടപാടുമില്ല. ഐ.പി.എസുദ്യോഗസ്ഥനായ തനിക്കും രാജ്യത്തും വിദേശത്തും ബിസിനസ് നിക്ഷേപങ്ങളില്ല. ബിനാമി ഇടപാടുകളുമില്ല. മറ്റുള്ളവരുടെ പ്രേരണയാലാണ് അൻവർ തനിക്കെതിരേ ആരോപണമുന്നയിച്ചതെന്നും അജിത്കുമാര്‍ മൊഴി നല്‍കി.


 അൻവറിന് നേരിട്ടോ പരോക്ഷമോ ആയ വൈരാഗ്യം തന്നോടുണ്ട്. ചില ഉന്നത പൊലീസുദ്യോഗസ്ഥർ, തന്റെ കീഴുദ്യോഗസ്ഥർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണങ്ങൾ.  

മുഖ്യമന്ത്രിയെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും താറടിക്കാൻ കൂടി ഗൂഢാലോചനക്കാർ ലക്ഷ്യമിടുന്നു. സ്ഥാനക്കയറ്റങ്ങൾ തടഞ്ഞ്, ഔദ്യോഗികജീവിതം ഇല്ലാതാക്കാനാണ് ശ്രമം.

തിരുവനന്തപുരത്ത് 45 വർഷമായി പരിചയമുള്ള മുജീബ് എന്ന സുഹൃത്തുണ്ട്. പി.വിജയൻ, ശങ്കർറെഡ്ഡി എന്നിവരുടെയും സുഹൃത്താണ്. കൊവിഡ് കാലത്ത് വിജയനും മുജീബുമായി ചേർന്ന് ആരംഭിച്ച സൗജന്യഭക്ഷണ വിതരണ പദ്ധതി അന്നത്തെ ഡിജിപിയും ഭാര്യയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.


 തന്റെയും കുടുംബത്തിന്റെയും സത്പേര് നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പി.വി. അൻവറിന്റെ ആരോപണങ്ങൾ. അൻവറുമായുള്ള ഫോൺസംഭാഷണത്തിൽ തനിക്കെതിരേ മാത്രമല്ല, എസ്.പിമാരായ ശശിധരൻ, ആനന്ദ് എന്നിവർക്കെതിരെയും സുജിത്ത്ദാസ് അപകീർത്തികരമായ പരാമർശം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 മാമിക്കേസിൽ ഇടപെട്ട ആഷിഖ് പി. വിജയന്റെ സുഹൃത്താണ്. ഇരുവരും മലപ്പുറത്തെ നന്മ എന്ന സംഘടനയിലെ അംഗങ്ങളാണ്. എസ്.പി ശശിധരൻ കേസ് അന്വേഷിക്കണമെന്ന് ആഷിഖ് താത്പര്യമറിയിച്ചിരുന്നു. മലപ്പുറത്തേക്ക് സ്ഥലംമാറ്റം കിട്ടിയ ശശിധരൻ അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ ശുപാർശ ചെയ്തു. ക്രൈംബ്രാഞ്ചിന് വിടാനായിരുന്നു അജിത്തിന്റെ ശുപാർശ.

ഓൺലൈൻ ചാനലുടമയ്ക്കെതിരായ കേസുകളിൽ നിയമപ്രകാരമുള്ള അന്വേഷണമാണ് നടത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഐ.ടി നിയമത്തിലെ വകുപ്പുകൾ ചുമത്തിയത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ഈ വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് അൻവർ തന്നെ ഫോണിൽ വിളിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ ഇക്കാര്യമറിയിച്ചിരുന്നു. നിയമോപദേശത്തിനു ശേഷം തീരുമാനമെടുക്കാനും നിർദ്ദേശിച്ചു. ഐ.ടി നിയമത്തിലെ 66(എഫ്)ബി വകുപ്പ് നിലനിൽക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യം എം.എൽ.എയെയും അറിയിച്ചിരുന്നു.

ചാനലുടമയെ അറസ്റ്റ് ചെയ്യാൻ എസ്.പി ശശിധരന്റെ സംഘം പൂനെയിലെത്തിയപ്പോൾ, അഭിഭാഷകനെ കാണാൻ ചാനലുടമ ഡൽഹിയിലുണ്ടെന്ന് എം.എൽ.എ അറിയിച്ചു. ഇക്കാര്യം എസ്.പിയെയും താൻ അറിയിച്ചു. മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അറസ്റ്റിന് പൊലീസ് എല്ലാ ശ്രമവും നടത്തിയിരുന്നു.

പൊലീസിലെ സൈബർ വിഭാഗം ക്രൈംബ്രാഞ്ചിന്റെ നിയന്ത്രണത്തിലാണ്. ജില്ലകളിലെ സൈബർസെല്ലുകൾ ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലാണ്. ഹൈടെക്ക് ക്രൈം എൻക്വയറി സെൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ മേൽനോട്ടത്തിലാണ്. സൈബർ ഡിവിഷൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ അധികാരത്തിലുള്ളതല്ല.


 നിയമപ്രകാരം മാത്രമേ ഫോൺ ചോർത്താറുള്ളൂ. ഇന്റലിജൻസ് വിഭാഗവും ഫോൺ ചോർത്താറുണ്ട്. ചുമതലപ്പെടുത്താതെയും നോഡൽ ഓഫീസർ അറിയാതെയും ഒരു ഉദ്യോഗസ്ഥനും ഫോൺ ചോർത്താനാവില്ല.


 സോളാർകേസ് പൊലീസും ക്രൈംബ്രാഞ്ചും സിബിഐയുമാണ് അന്വേഷിച്ചത്. സോളാർ പരാതികളിൽ ഹൈക്കോടതിയുടെ ഇടപെടലുമുണ്ടായിരുന്നു. ആരോപണവിധേയരെ രക്ഷിക്കാൻ താൻ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്.

ജില്ലകളിലെ ഡാൻസാഫ് സംഘം ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലാണ്. മലപ്പുറം ഡാൻസാഫ് സംഘത്തിന്റെ മേൽനോട്ടം ഐ.ജിക്കും ഡിഐജിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ്. താൻ ഒരു ജില്ലയിലെയും ഡാൻസാഫ് സംഘത്തിന്റെ മേൽനോട്ടത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ല.

കേസന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നിർദ്ദേശവും നൽകിയിട്ടുമില്ല. ദേശീയ, അന്തർദേശീയ പ്രത്യാഘാതങ്ങളുള്ള സ്വർണക്കടത്ത് ഇന്റലിജൻസ്, എ.ടി.എസ്, ഡി.ആർ.ഐ എന്നിവരാണ് നിരീക്ഷിക്കുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപിക്ക് നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം മൊഴി നല്‍കി.

Advertisment