Advertisment

എം.ആര്‍. അജിത് കുമാറിനെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവു കണ്ടെത്താനാവാതെ ഡിജിപി. ആരോപണങ്ങളിൽ വിജിലൻസിന് തെളിവു കിട്ടുമോ ?  പി. ശശിക്കെതിരായ അന്വേഷണം തങ്ങളുടെ പരിധിക്ക് അപ്പുറത്തുള്ളതെന്ന് നിസഹായതയോടെ റിപ്പോർട്ടിലെഴുതി ഡിജിപി. പൂരം കലക്കാൻ ഒരു ദേവസ്വം ശ്രമിച്ചെന്ന് അജിത്തിന്റെ മൊഴി. അന്വേഷണ റിപ്പോർട്ട് അജിത്തിന് ദോഷമുണ്ടാവാത്ത രീതിയിൽ

എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരേ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവില്ലെന്ന് ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ വച്ച ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു

New Update
mr ajith kumar 1

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരേ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവില്ലെന്ന് ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ വച്ച ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Advertisment

ആരോപണങ്ങളെല്ലാം വിശദമായി പരിശോധിച്ചു. മറ്റുള്ളവർ പറഞ്ഞുള്ള അറിവില്ലാതെ, ആരോപണങ്ങളിൽ തെളിവുകൾ കൈമാറാൻ അൻവറിനായില്ല. എ.ഡി.ജി.പിയുടെ അനധികൃത സ്വത്തടക്കം പതിനൊന്ന് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. കണ്ടെത്തലുകളിൽ സർക്കാരിന് ഉചിതമായ തുടർനടപടി സ്വീകരിക്കാമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.


 വിജിലൻസ് അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തിയാൽ അജിത്തിനെതിരേ നടപടിയെടുക്കാൻ കഴിയും. ആറുമാസമാണ് വിജിലൻസ് അന്വേഷണത്തിന് അനുവദിച്ചിട്ടുള്ളത്.


 കുടുംബത്തിന്റെ സ്വത്തുക്കളടക്കം വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഡിജിപിയുടെ അന്വേഷണത്തിൽ അജിത്തിനെ ഉപദ്രവമുണ്ടാവാത്ത രീതിയിലാണ് അന്തിമ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇത് ഉന്നതതല ഇടപെടലിനെ തുടർന്നാണെന്നാണ് ആരോപണം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി കടമ നിറവേറ്റിയില്ലെന്ന അൻവറിന്റെ ആരോപണം ഡിജിപിയുടെ പ്രത്യേക സംഘത്തിന്റെ പരിധിക്ക് അപ്പുറത്തുള്ളതാണെന്ന് റിപ്പോ‌ർട്ടിൽ എഴുതി വച്ചിരിക്കുന്നത് കൗതുകമായി മാറി.  

സ്വർണക്കടത്ത് മൂടിവയ്ക്കാൻ എടവണ്ണയിലെ റിദാൻ ബാസിലിനെ എഡിജിപിയുടെ നിർദേശപ്രകാരം കൊലപ്പെടുത്തിയെന്ന അൻവറിന്റെ ആരോപണത്തിന് തെളിവ് ലഭിച്ചിട്ടില്ല. എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഭാര്യയുടെ ഫോൺകോൾ കേരളത്തിലെയും മുംബയിലെയും കള്ളക്കടത്തുകാരുടെ ഫോണിലേക്ക് ഫോർവേഡ് ചെയ്തുവെന്ന ആരോപണം വിജിലൻസ് അന്വേഷണത്തിലാണ്.

 അജിത്കുമാർ ആർ.എസ്.എസിനെയും ഗുണ്ടാസംഘങ്ങളെയും പിന്തുണയ്ക്കുന്നെന്ന ആരോപണത്തിലും അൻവർ തെളിവ് നൽകിയില്ല.


തൃശൂർ പൂരം കലക്കിയതിൽ പ്രത്യേകസംഘം എ.ഡി.ജി.പി അജിത്തിനെതിരേ അന്വേഷണം നടത്തിയില്ല. അജിത്തിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലുള്ളതിനാലാണിത്. നടപടിക്കും ശുപാർശ ചെയ്തിട്ടില്ല. തൃശൂർ പൂരം നടത്തിപ്പ് ചുമതല ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസിനുമാണെന്നാണ് അജിത് ഡിജിപിക്ക് മൊഴി നൽകിയത്.


 ജനക്കൂട്ടത്തെ നിയന്ത്രിക്കുകയാണ് പൊലീസിന്റെ ചുമതല. ഹൈക്കോടതി മാർഗനിർദ്ദേശപ്രകാരവും സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരവുമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഇവ നിയമവിരുദ്ധമായി മറികടക്കുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. ജില്ലാ ഭരണകൂടവും ഇത് അനുവദിച്ചില്ല. ഇക്കൊല്ലം ശക്തമായി മാർഗരേഖ നടപ്പാക്കാൻ തീരുമാനിച്ചു. അതിനായി പൊലീസ് സമഗ്രമായ സ്കീമുണ്ടാക്കി. ഒരു ദേവസ്വത്തിലെ ആളുകൾ മനപൂർവ്വം പൊലീസിന് പ്രശ്നങ്ങൾ സൃഷ്ടിച്ചു- അജിത്തിന്റെ മൊഴിയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്താൻ ഐ.പി.എസ് ഉദ്യോഗസ്ഥനെ അജിത് നിയോഗിച്ചെന്ന ആരോപണവും വാസ്തവമല്ല. അൻവർ ആരോപിച്ചതു പോലെ അനധികൃത ഫോൺ ചോർത്തൽ നടക്കുന്നില്ല.  കോഴിക്കോട്ടുനിന്ന് കാണാതായ മാമിയെ കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.

കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. കോഴിക്കോട് കമ്മിഷണറെയും കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥരെയും ഒഴിവാക്കി അജിത്  അന്വേഷണ സംഘം രൂപീകരിച്ചത് ശരിയായില്ല. ഇത് വിവാദത്തിന് വഴിവച്ചു.

മാമികേസ് സി.ബി.ഐയ്ക്ക് വിടുന്നത് പൊലീസിന്റെ പൊതുനയത്തിന് വിരുദ്ധം. അവധിയെടുത്തശേഷം എസ്.പി സുജിത്ദാസ് തെളിവ് നശിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്താനായില്ല. വിജിലൻസ് അന്വേഷണം നടക്കുന്ന പരാതികളിൽ പ്രത്യേകസംഘം അഭിപ്രായമറിയിച്ചിട്ടില്ല.

മാവോയിസ്റ്റ് വേട്ടയ്ക്കുള്ള ഫണ്ടിൽ തിരിമറിയെന്ന ആരോപണവും ശരിയല്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ചട്ടപ്രകാരമാണ് ഫണ്ട് ചെലവിടുന്നത്. ആഡിറ്റിനും വിധേയമാണ്. പദ്ധതികൾ നടപ്പാക്കുന്നതിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പങ്കില്ല.


 കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയ ചില കേസുകളിൽ അന്വേഷണത്തിലെ വീഴ്ചകൾ കണ്ടെത്തി. ഇതേക്കുറിച്ച് തൃശൂർ റേഞ്ച് ഡി.ഐ.ജി വിശദമായി അന്വേഷിക്കും. വീഴ്ചവരുത്തിയവർക്കെതിരേ  നടപടിയെടുക്കും.


 സോളാർ കേസിലെ ആരോപണങ്ങളിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണ പരിധിയിലല്ല. കേസ് സി.ബി.ഐ അന്വേഷിച്ച് അന്തിമറിപ്പോർട്ട് കോടതിയിൽ നൽകിയതാണ്. കോട്ടയ്ക്കൽ സ്റ്റേഷനിൽ മെസ് ഹാൾ നിർമ്മാണത്തിലെ ക്രമക്കേടുകളിൽ നോർത്ത് സോൺ ഐ.ജി നടപടിയെടുക്കും.

Advertisment