ചങ്ങനാശേരി: കര്‍ദിനാളായി നിയുക്തനായതിനു ശേഷം ആദ്യമായി ജന്‍മനാട്ടിലെത്തുന്ന മോണ്‍. ജോര്‍ജ് കൂവക്കാടിനു വിശ്വാസി സമൂഹം ഹൃദ്യമായ വരവേല്‍പ്പു നല്‍കും.
24 നു രാവിലെ 9നു നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തുന്ന മോണ്‍. ജോര്‍ജ് കൂവക്കാടിനെ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, സീറോമലബാര്‍ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, അദ്ദേഹത്തിന്റെ മാതൃഇടവകയായ മാമ്മൂട് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. ജോണ്‍ വി. തടത്തില്‍, കൈക്കാരന്‍മാര്‍, മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും.
അന്നേദിവസം വൈകിട്ട് 4നു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പളളിയില്‍ സ്വീകരണം നല്‍കും. വികാരി ഫാ. ജോസ് കൊച്ചുപറമ്പില്‍ ഹാരാര്‍പ്പണം നടത്തും.
കൈക്കാരന്‍മാര്‍, മദര്‍ സുപ്പീരിയര്‍ എന്നിവര്‍ ബൊക്കെ നല്‍കും. തുടര്‍ന്ന് പ്രാര്‍ത്ഥന നടത്തും. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് തറയില്‍, അതിരൂപതാ വികാരി ജനറാള്‍മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.
മലയാളിയായ മോണ്‍.ജോര്‍ജ് ജേക്കബ് കൂവക്കാടിനെ മാര്‍പ്പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയത് ഈ മാസം ആദ്യമായിരുന്നു. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ്.
2020 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്താരാഷ്ട്ര യാത്രകള്‍ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഇദ്ദേഹത്തിനാണ്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു വൈദികന്‍ നേരിട്ടു കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടത്.
1973 ഓഗസ്റ്റ് 11ന് തിരുവനന്തപുരത്ത് ജനിച്ച മോണ്‍. ജോര്‍ജ് കൂവക്കാട് 2004 ജൂലൈ 24നു വൈദികനായി അഭിഷിക്തനായി. പിന്നീട് പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക് അക്കാദമിയില്‍ നയതന്ത്ര സേവനത്തിനുള്ള പരിശീലനം തുടര്‍ന്നു. 2006ല്‍ അള്‍ജീരിയയിലെ അപ്പസ്‌തോലിക് നൂണ്‍ഷിയേച്ചറില്‍ നയതന്ത്ര ജീവിതം ആരംഭിച്ചു.
വര്‍ഷങ്ങളായി,ദക്ഷിണ കൊറിയയിലും ഇറാനിലും ന്യൂണ്‍ഷിയേച്ചര്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് അദ്ദേഹം കോസ്റ്റാറിക്കയിലെയും വെനിസ്വേലയിലെയും ന്യൂണ്‍സിയേച്ചേഴ്‌സിന്റെ കൗണ്‍സിലറായി. 2020ല്‍ അദ്ദേഹം മാര്‍പാപ്പയുടെ സ്‌റ്റേറ്റ് സെക്രട്ടേറിയറ്റില്‍ ചേര്‍ന്നു. തുടർന്ന് മാര്‍പാപ്പയുടെ ആഗോള യാത്രകള്‍ സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.