ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിനെ ഫ്രാന്‍സിസ് മാർപാപ്പ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയ പ്രഖ്യാപനം ആശംസകളും പ്രാര്‍ഥനകളുമായാണു ചങ്ങനാശേരി അതിരൂപതാംഗങ്ങള്‍ വരവേറ്റത്. അതിരൂപതയിലെ വൈദികഗണത്തില്‍ നിന്നുള്ള മൂന്നാമത്തെ കര്‍ദിനാളാണ് മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്.
മാര്‍ ആന്റണി പടിയറ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരാണു മറ്റു രണ്ടു കര്‍ദിനാള്‍മാര്‍.
അദ്ദേഹത്തിന്റെ നിയമനത്തില്‍ ചങ്ങനാശേരി അതിരൂപത അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലും മോണ്‍. ജോര്‍ജ് കൂവക്കാടിന് ആശസകള്‍ അര്‍പ്പിച്ചു.
മോണ്‍. ജോര്‍ജ് കൂവക്കാട് മമ്മൂട് ലൂര്‍ദ്മാതാ ഇടവക കൂവക്കാട് ജേക്കബ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1973 ഓഗസ്റ്റ് 11 ന് ജനിച്ചു. കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി.
2004 ജൂലൈ 24 ന് മാര്‍ ജോസഫ് പവ്വത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. എസ്.ബി കോളജില്‍ നിന്നു ബി.എസ്.സി ബിരുദവും റോമില്‍ നിന്നു കാനന്‍ ലോയിയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍ അസി. വികാരിയായി ശുശ്രൂഷ ചെയ്തു.
തുടര്‍ന്ന് 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ ജോലി ചെയ്തുവരുന്നു. അള്‍ജീരിയ, സൗത്ത് കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നയതന്ത്ര ശുശ്രൂഷകള്‍ക്കു ശേഷം 2020 മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ വിദേശയാത്രകളുടെ ചുമതലയുള്ള സ്‌റ്റേറ്റ് നയതന്ത്ര ഉദ്യോഗസ്ഥനായി ശുശ്രൂഷ നിര്‍വഹിച്ചു വരവെയാണു പുതിയ നിയമനം.
കഴിഞ്ഞ വിശുദ്ധവാരത്തില്‍ അദ്ദേഹം മാതൃ ഇടവകയായ മമ്മൂട്ടിലും മറ്റ് ഇടവകളിലും തിരുകര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കുകയും അതിരൂപതാ ഭവനത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
പുതിയതായി നിയമിക്കപ്പെട്ട 21 കര്‍ദിനാള്‍മാരുടെയും നിയമനം ഡിസംബര്‍ 8 ന് വത്തിക്കാനില്‍ നടക്കും. മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം അതിന് മുമ്പായി നടത്തപ്പെടും.
മാര്‍ച്ചില്‍ മാര്‍ ആലഞ്ചേരിക്ക് 80 വയസു തികയുമ്പോള്‍ കാര്‍ഡിനാള്‍ സമിതിയില്‍ വോട്ടവകാശമുള്ള സീറോ മലബാര്‍ സഭയിലെ ഏക ആളായി ജോര്‍ജ് കൂവക്കാട് മാറും. 80 വയസു വരെയാണു കാര്‍ഡിനാള്‍ സമിതിയില്‍ വോട്ടവകാശം ഉള്ളത്. 51 വയസു മാത്രമുള്ള മോണ്‍. ജോര്‍ജ് ജേക്കബിനെ കാത്തിരിക്കുന്നതു നീണ്ട കാലയളവാണ്.