Advertisment

മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം നവംബര്‍ 24ന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍;4000ല്‍ അധികം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കാളികളാകും

New Update
G

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട് നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേകം  നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് 2നു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിക്കുള്ളില്‍ നടക്കും.

Advertisment

ഡിസംബര്‍ 7 ന് ഇന്ത്യന്‍ സമയം രാത്രി 9ന് വത്തിക്കാനില്‍ സെന്റ്‌ പീറ്റേഴ്‌സ് ബസിലിക്കയില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ജോര്‍ജ് കൂവക്കാടിനെ മറ്റ് ഇരുപതു പേരൊടൊപ്പം കര്‍ദിനാളായി നിയമിക്കും. മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍തന്നെ സ്ഥാനാരോഹണ തിരുകര്‍മങ്ങള്‍ നടക്കും.


മെത്രാഭിഷേക ചടങ്ങുകള്‍ക്കായി ആദ്യം മെത്രാന്‍മാരും വൈദികരും അണിനിരക്കുന്ന പ്രദക്ഷിണം കൊച്ചുപള്ളിയില്‍ നിന്നാരംഭിച്ച് മെത്രാപ്പോലി ത്തന്‍പള്ളിയില്‍ എത്തിച്ചേരും.


ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ ഏവരെയും സ്വാഗതം ചെയ്യും. തുടര്‍ന്നു മെത്രാഭിഷേകത്തിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികനായിരിക്കും.

ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്‌റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗര്‍ പഞ്ഞ പാര്‍റ എന്നിവര്‍ സഹകാര്‍മികരായിരിക്കും.


ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബാനമധ്യേ സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് വചനസന്ദേശം നല്‍കും. വി. കുര്‍ബാനയ്ക്കുശേഷം പള്ളിയില്‍ ആശംസാപ്രസംഗങ്ങള്‍ നടത്തപ്പെടും.


സീറോമലബാര്‍ സഭയുടെ മുന്‍ ജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി അതിരൂപതാ മൂന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്,

ചെത്തിപ്പുഴ തിരുഹ്യദയപള്ളി വികാരിയും ആശ്രമം പ്രയോരും മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മാതൃസഹോദര സുമായ  ഫാ. തോമസ് കല്ലുകളം സി.എം.ഐ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. മാര്‍ ജോര്‍ജ് കൂവക്കാട് എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കും.


ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള കര്‍ദിനാളന്മാര്‍, മെത്രാന്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എം.എല്‍.എമാര്‍, കേന്ദ്രസംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നും വൈദികര്‍, സന്യസ്തര്‍, അത്മായര്‍ എന്നിവരടങ്ങുന്ന 4000ല്‍ അധികം പ്രതിനിധികളും പങ്കെടുക്കും.


ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകത്തിനുള്ള ക്രമീകരണങ്ങള്‍ അവസാനവട്ട ഒരുക്കത്തിലാണ്. ക്രമീകരണങ്ങള്‍ക്കായി അതിരൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ആന്റണി ഏത്തക്കാട് ജനറല്‍ കണ്‍വീനറായും ഫാ. തോമസ് കറുകക്കളം, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ കണ്‍വീനര്‍മാരായുമുള്ള കമ്മിറ്റിയാണു നേതൃത്വം നല്‍കുന്നത്.

ഇതോടൊപ്പം വൈദികരുടെ നേതൃതത്തില്‍ പന്ത്രണ്ട് കമ്മിറ്റികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

Advertisment