Advertisment

മാസപ്പടി വിവാദത്തില്‍ ഹൈക്കോടതിയിൽ മുഖ്യമന്ത്രിയുടെ മകൾക്കും കരിമണൽ കമ്പനിക്കും അനുകൂലമായ നിലപാട് സ്വീകരിച്ച് സർക്കാർ. വിജിലൻസ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട്‌. രണ്ട് കമ്പനികൾ തമ്മിൽ നടന്ന സുതാര്യമായ ഇടപാടെന്ന സി.പി.എം നിലപാട് കോടതിയിൽ ആവര്‍ത്തിച്ച് സര്‍ക്കാര്‍. കരിമണൽ കമ്പനിയെ സഹായിച്ചതിന് മുഖ്യമന്ത്രിക്കെതിരെ തെളിവൊന്നുമില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

മാസപ്പടി വിവാദം ഉയർന്നപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും ഇതേ വാദമായിരുന്നു ഉന്നയിച്ചിരുന്നത്

New Update
veena pinarayi.jpg

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടികേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തെ ഹൈക്കോടതിയിൽ എതിർത്ത് സംസ്ഥാന സർക്കാർ. മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജിയുടെ വാദത്തിലാണ് സർക്കാർ മുഖ്യമന്ത്രിയുടെ മകൾക്കും കരിമണൽ കമ്പനിക്കും അനുകൂലമായ നിലപാട് സ്വീകരിച്ചത്.

Advertisment

സ്വകാര്യമേഖലയിൽ ഖനനം അനുവദിക്കരുതെന്ന കർശനമായ നിലപാട് തുടരുന്ന സംസ്ഥാന സർക്കാരിനെ കരിമണൽ കമ്പനിയായ സി.എം.അർ.എല്ലുമായി ബന്ധപ്പെടുത്താൻ ഒരു തെളിവുമില്ലെന്ന വാദം ഉയർത്തിയാണ് അഴിമതി നിരോധന നിയമപ്രകാരമുളള അന്വേഷണത്തെ സർക്കാർ എതിർത്തത്.

കരിമണല്‍ കമ്പനിയുടെ ഇടപാടുകളുമായി മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെടുത്തുന്നതിനും തെളിവൊന്നുമില്ല. കോണ്‍ഗ്രസ് എംഎല്‍എയായ മാത്യൂ കുഴല്‍നാടന്‍ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത് രാഷ്ട്രീയ താൽപര്യങ്ങളോടെയാണ്.

മുന്നിലെത്തുന്ന അപേക്ഷകളില്‍ ഉചിതമായ നടപടി നിര്‍ദേശിച്ച് മുഖ്യമന്ത്രിമാർ ബന്ധപ്പെട്ട  വകുപ്പുകളിലേക്ക്  കൈമാറുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണ്. ഖനനാനുമതിയുടെ കാര്യത്തിൽ  ഇടത് സർക്കാർ സ്വകാര്യ കമ്പനികൾക്ക് അനുവാദം നൽകിയിട്ടില്ല.


അതുകൊണ്ടുതന്നെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള രണ്ട് റിവിഷന്‍ ഹര്‍ജികളും തളളണം എന്നാണ്  സര്‍ക്കാര്‍ ഹൈക്കോടതിയോട്  ആവശ്യപ്പെട്ടിരിക്കുന്നത്.


വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട്  ഗിരീഷ് ബാബുവും മാത്യൂ കുഴല്‍നാടൻ എം.എൽ.എയും നല്‍കിയ റിവിഷന്‍ ഹര്‍ജികള്‍ തിങ്കളാഴ്ച  ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ഹർജിക്കാരാനായ മാത്യു കുഴൽനാടനെ പ്രതിരോധത്തിൽ ആക്കാനെന്നവണ്ണം യു.ഡി.എഫ് സർക്കാരിൻെറ കാലത്ത് ഖനനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും  വാദത്തിനിടെ ഉന്നയിച്ചു.

കരിമണല്‍ കമ്പനിക്ക്  കരാര്‍ നല്‍കാനുളള എല്ലാ പ്രധാന തീരുമാനങ്ങളും എടുത്തത് യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്താണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്.

എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്ന കാലത്താണ് സര്‍ക്കാരിന് കീഴിലുളള പൊതുമേഖലാ കമ്പനികള്‍ സി.എം.ആര്‍.എല്ലുമായി കരാര്‍ ഉണ്ടാക്കിയത്. സ്വകാര്യ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കാനുളള തീരുമാനവും യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്താണ് സ്വീകരിച്ചതെന്നും സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ  ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ.ഷാജി  വാദിച്ചു.

ധാതു ഖനനം  സ്വകാര്യ മേഖലയില്‍  അനുവദിക്കില്ലെന്ന നിലപാടെടുത്തത്  ഇടതു മുന്നണി സര്‍ക്കാരാണ്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതാണ്. പിന്നെയും ഖനനാനുമതി വേണമെന്ന ആവശ്യം  സ്വകാര്യ കമ്പനി ഉന്നയിച്ചെങ്കിലും ഇടതുമുന്നണി സ‍ർക്കാ‍‍ർ നിരാകരിക്കുകയാണുണ്ടായതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. 

ഒന്നാം പിണറായി സര്‍ക്കാരിൻെറ കാലത്തും കരിമണൽ കമ്പനിക്ക് അനുകൂലമായി ഒരു നടപടിയും എടുത്തിട്ടില്ല. ആദ്യ സർക്കാർ അധികാരമേൽക്കുമ്പോഴും കമ്പനിക്ക് സുപ്രീംകോടതി അനുവാദമുണ്ട്.


 2019ല്‍ സ്വകാര്യമേഖലയിലെ കരിമണല്‍ ഖനനം കേന്ദ്ര സർക്കാർ നിരോധിച്ചപ്പോഴാണ് അനുമതി നഷ്ടമായതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു.


സി.എം.ആ‍ർ.എല്ലിനെ സഹായിച്ചതും അതിനായി എല്ലാ നടപടികളും എടുത്തത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് വളരെ വ്യക്തമാണ്. വസ്തുത ഇതായിരിക്കെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയതിലൂടെ സ്വന്തം പാർട്ടിയിലും മുന്നണിയിലും ഉളളവരെയാണ് ഹർജിക്കാരനായ മാത്യു കുഴൽനാടൻ ലക്ഷ്യം വെയ്ക്കുന്നതെന്ന് കണക്കാക്കുന്നതായും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈകോടതിയിൽ വാദത്തിനിടെ പറഞ്ഞു.

ശ്രദ്ധപിടിച്ചു പറ്റാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഹർജിക്കാരൻ നടത്തുന്നത്. ആരോപണത്തിലൂടെ പുകമറ സൃഷ്ടിച്ച് സ്വയം ആളാകാനാണ് ഹർജിയിലൂടെ ശ്രമിക്കുന്നതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി വാദത്തിനിടെ ആരോപിച്ചു.

നിയമാനുസൃതം പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിലുളള സുതാര്യമായ ഇടപാടുകൾ മാത്രമാണ് കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിനും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിനുമിടിയൽ നടന്നതെന്ന വാദവും സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ഉന്നയിച്ചു.

മാസപ്പടി വിവാദം ഉയർന്നപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും ഇതേ വാദമായിരുന്നു ഉന്നയിച്ചിരുന്നത്. ഇപ്പോൾ സർക്കാരും അത് ഏറ്റെടുത്ത് കോടതിയിലും ഉന്നയിക്കുകയാണ്.

കരിമണൽ കമ്പനിയെ മുഖ്യമന്ത്രി സഹായിച്ചു എന്ന ആക്ഷേപം രാഷ്ട്രീയ സ്വഭാവത്തിലുളള ആരോപണം മാത്രമാണ്. ഇതേ കാര്യം ചൂണ്ടിക്കാട്ടിയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയും തിരുവനന്തപുരം വിജിലൻസ് കോടതിയും സമാന സ്വഭാവത്തിലുളള ഹർജികൾ തളളിയതെന്നും സർക്കാർ‍ കോടതിയിൽ പറഞ്ഞു.

എന്നാൽ കരിമണൽ കമ്പനിയെ സഹായിച്ചിട്ടില്ലെന്ന വാദം തെറ്റാണെന്നായിരുന്നു ഹർജിക്കാരനായ മാത്യു കുഴൽനാടൻെറ എതി‍ർ വാദം. ഭൂപരിധി നിയമം ലംഘിച്ച്  കാർത്തികപ്പളളി താലൂക്കിൽ  കരിമണൽ കമ്പനി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും കുഴൽനാടൻ വാദിച്ചു

Advertisment