Advertisment

മുഖ്യമന്ത്രിയെയും, വന്യമൃഗങ്ങളെയും ഇടുക്കിയിലെ കര്‍ഷക ജനത ഭയക്കുന്നു: എം.എം.ഹസ്സന്‍

മുഖ്യമന്ത്രിയെയും വന്യമൃഗങ്ങളെയും ഒരുപോലെ ഭയപ്പെടേണ്ട അവസ്ഥയിലാണ് ഇടുക്കിയിലെ കര്‍ഷകജനതയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം. ഹസ്സന്‍

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update
m m hassan

ഭൂവിഷയങ്ങള്‍ സങ്കീര്‍ണ്ണമാക്കിയ എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ യു.ഡി.എഫ്. നടത്തിയ സമര പ്രഖ്യാപന സമ്മേളനം ചെറുതോണിയില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി: മുഖ്യമന്ത്രിയെയും വന്യമൃഗങ്ങളെയും ഒരുപോലെ ഭയപ്പെടേണ്ട അവസ്ഥയിലാണ് ഇടുക്കിയിലെ കര്‍ഷകജനതയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം. ഹസ്സന്‍. ചെറുതോണി ഗ്രീന്‍ലാന്‍ഡ് തീയറ്ററില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയില്‍ നടന്ന സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം എം ഹസ്സന്‍.

Advertisment

അധികാരത്തിലിരുന്ന എട്ടുവര്‍ഷംകൊണ്ട് ജില്ലയിലെ ഭൂവിഷയങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ നടത്തിയത്. എന്തിനും ഏതിനും കോടതിയെ കുറ്റം പറയുമ്പോള്‍ കര്‍ഷകര്‍ക്കെതിരായ ഉത്തരവുകള്‍ കോടതികളില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടായപ്പോള്‍ ഖജനാവിലെ ലക്ഷങ്ങള്‍ ചിലവഴിച്ച് സര്‍ക്കാര്‍ നിയോഗിച്ച അഡ്വക്കേറ്റുകള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

m m hassan 22

 64 റൂള്‍ പ്രകാരമുള്ള പട്ടയ നടപടികള്‍ കോടതി തടഞ്ഞതും സി എച്ച് ആറിന്റെ പേര് പറഞ്ഞ് ലക്ഷക്കണക്കിനേക്കര്‍ ഭൂമിയുടെ പട്ടയ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് കോടതി ഉത്തരവിട്ടതും സര്‍ക്കാരിന്റെ തികഞ്ഞ അലംഭാവം മൂലമാണെന്ന് പകല്‍പോലെ വ്യക്തമായി കഴിഞ്ഞുവെന്നും കണ്‍വീനര്‍ പറഞ്ഞു. 


നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ നിയമനിര്‍മാണം നടത്തിയത് ഗവര്‍ണര്‍ ഒപ്പിട്ടിട്ടും ചട്ടമുണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട് ഭൂവിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും ചട്ടത്തിന്റെ പേരില്‍ എങ്ങനെ പണം സമ്പാദിക്കാമെന്ന് ഇപ്പോഴും സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും കര്‍ഷകരെ ആക്രമിക്കുകയും ചെയ്യുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ഭൂവിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കുമെന്നും  പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ പാഴ്വാക്കായി മാറിയെന്നും കണ്‍വീനര്‍ കുറ്റപ്പെടുത്തി. 

 ജനവിരുദ്ധ ഉത്തരവുകളിലൂടെ ജില്ലയിലെ ജനജീവിതവും, വിനോദസഞ്ചാര വികസനവും സ്തംഭിപ്പിച്ച ഇടതു സര്‍ക്കാരിനെതിരെയുള്ള സമരപ്രക്ഷോഭനങ്ങളുടെ പോര്‍മുഖം യുഡിഎഫ് ഇവിടെ തുറക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 


അഡ്വ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ എം ജെ ജേക്കബ്, അഡ്വ എസ് അശോകന്‍, കെ എം എ ഷുക്കൂര്‍, ഇ എം ആഗസ്തി, ജോയി തോമസ്, റോയി കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, സെബാസ്റ്റ്യന്‍ എസ് വിളക്കുന്നേല്‍, കെ എ കുര്യന്‍, രാജു മുണ്ടക്കാട്ട്, സാബു മുതിരംകാല, എ പി ഉസ്മാന്‍, എം എന്‍ ഗോപി, തോമസ് രാജന്‍, എംകെ പുരുഷോത്തമന്‍, തോമസ് ജെ പെരുമന തുടങ്ങിയവര്‍ പ്രസംഗിച്ചു.


 സമര പ്രഖ്യാപന സമ്മേളനത്തിന് ശേഷം നടന്ന പ്രകടനത്തില്‍ നേതാക്കളായ ഒ ആര്‍ ശശി, ബെന്നി തുണ്ടത്തില്‍, സിറിയക് തോമസ്, എന്‍ ഐ ബെന്നി, സി എച്ച് ഷംസുദ്ദീന്‍, എം കെ നവാസ്, മോനിച്ചന്‍ എം, ആന്റണി ആലംചേരി, സണ്ണി കളപ്പുര, ഇന്ദു സുധാകരന്‍,റ്റി. ജെ. പീറ്റര്‍, ഷൈനി സജി, മിനി സാബു, ബിജു പോള്‍, സാബു കീച്ചേരി, അനീഷ് ജോര്‍ജ്, സിഎസ് യശോധരന്‍, ബാബു പി കുര്യാക്കോസ്, അനീഷ് ചേനക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

Advertisment