Advertisment

മാവേലിക്കരയിൽ കഷ്ടിച്ച് കടന്നുകൂടി കൊടിക്കുന്നിൽ സുരേഷ്; ഭൂരിപക്ഷം 10868 വോട്ടായി കുറഞ്ഞു; കൊടിക്കുന്നിൽ വിജയിച്ചത് ലീഡ് നിലകൾ മാറിമറിഞ്ഞ ആവശേകരമായ വോട്ടെണ്ണലിന് ഒടുവിൽ; സുരേഷിന് ഗുണകരമായത് ചങ്ങനാശേരി മണ്ഡലത്തിലെ ലീഡ്; മന്ത്രി സജി ചെറിയാൻെറ ചെങ്ങന്നൂരിലും തോമസ് കെ തോമസിൻെറ കുട്ടനാട്ടിലും കൊടിക്കുന്നിലിന് ലീഡ്; തരംഗത്തിനൊപ്പം കെ.പി.എം.എസ് പ്രതിനിധി അല്ലാതിരുന്നതും അരുൺ കുമാറിൻെറ വിജയത്തെ ബാധിച്ചു

 സി.പി.എം - സി.പി.ഐ സംഘർഷം നടക്കുന്ന കുട്ടനാട് മണ്ഡലത്തിൽ കൊടിക്കുന്നിൽ 871 വോട്ടിൻെറ ഭൂരിപക്ഷം നേടി. രാമങ്കരിയിലെ സി.പി.എം സി.പി.ഐ പ്രശ്നങ്ങൾ സി.പി.ഐയുടെ സ്ഥാനാർത്ഥിയായ അരുൺകുമാറിന് എതിരായി ഭവിച്ചോയെന്നും സംശയം ഉയരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
ca arun kumar kodikkunnil suresh baiju kalasala

ആലപ്പുഴ: മാവേലിക്കരയിൽ കഷ്ടിച്ച് കടന്നുകൂടി യുഡിഎഫ്.  കൊടിക്കുന്നിൽ സുരേഷിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും നാലിലൊന്നായി കുറഞ്ഞു. പ്രചാരണത്തിന്റെ തുടക്കം മുതൽ  ഉയർത്തിയ വെല്ലുവിളി അവസാനം ഫലപ്രഖ്യാപനം വരെയും നിലനിർത്താൻ  കഴിഞ്ഞെങ്കിലും സംസ്ഥാനമാകെ വീശിയടിച്ച യു.ഡി.എഫ് തരംഗത്തിൽ തോൽവി പിണഞ്ഞത് ഇടത് മുന്നണിയെ നിരാശരാക്കി. പത്താം വട്ടം മത്സരത്തിനിറങ്ങിയ കൊടിക്കുന്നിൽ സുരേഷ് 10868 വോട്ടിനാണ് ജയിച്ചത്. വലത് തരംഗത്തിലും അതിൻെറ നേട്ടം കൊയ്യാൻ കൊടിക്കുന്നിലിന് കഴിഞ്ഞില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

Advertisment

ക്രൈസ്തവ- മുസ്ളീം ന്യൂനപക്ഷങ്ങൾ കൈയ്യയച്ച് സഹായിച്ചതും  പൊതുതരംഗവും ഇല്ലായിരുന്നെങ്കിൽ ഇക്കുറി മാവേലിക്കരയിലെ ഫലം മറ്റൊന്നാകുമായിരുന്നു. ലോക്സഭയിലേക്ക് കടന്നുകൂടാൻ കഴിഞ്ഞെങ്കിലും ഈ വിജയം കൊടിക്കുന്നിൽ സുരേഷിന്  അത്രകണ്ട്  മധുരമുള്ളതാകില്ല. മുൻ കാലങ്ങളിലെല്ലാം പിന്തുണച്ച് പോന്ന സ്വന്തം തട്ടകമായ കൊട്ടാരക്കരയും കുന്നത്തൂരും ഇത്തവണ കൊടിക്കുന്നിലിനെ  കൈവിട്ടു. മന്ത്രി കെ.എൻ. ബാലഗോപാൽ പ്രതിനിധീകരിക്കുന്ന കൊട്ടാരക്കരയിൽ 3403 വോട്ടിൻെറ ഭൂരിപക്ഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എ.അരുൺകുമാറിന് ലഭിച്ചു.

ആർ.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ തുടർച്ചയായി പ്രതിനിധീകരിച്ചുപോരുന്ന കുന്നത്തൂർ മണ്ഡലത്തിൽ 1347 വോട്ടിൻെറ ലീഡാണ് അരുൺ കുമാറിന് ലഭിച്ചത്. മാവേലിക്കര നിയമസഭാ മണ്ഡലത്തിൽ 6166 വോട്ടിൻെറ ഭൂരിപക്ഷവും അരുൺകുമാറിന് ലഭിച്ചു. മന്ത്രി സജി ചെറിയാൻെറ മണ്ഡലമായ ചെങ്ങന്നൂരിലും മന്ത്രി കെ.ബി. ഗണേഷ് കുമാറിൻെറ മണ്ഡലമായ പത്തനാപുരത്തും തോമസ്.കെ.തോമസ് എം.എൽ.യുടെ മണ്ഡലമായ കുട്ടനാട്ടിലും ചെറിയ  ലീഡ് മാത്രമാണ് കൊടിക്കുന്നിലിന് കിട്ടിയത്. ചെങ്ങന്നൂരിൽ 1638 വോട്ടിൻെറ ലീഡാണ് കൊടിക്കുന്നിലിന് ലഭിച്ചത്.


 സി.പി.എം - സി.പി.ഐ സംഘർഷം നടക്കുന്ന കുട്ടനാട് മണ്ഡലത്തിൽ കൊടിക്കുന്നിൽ 871 വോട്ടിൻെറ ഭൂരിപക്ഷം നേടി. രാമങ്കരിയിലെ സി.പി.എം സി.പി.ഐ പ്രശ്നങ്ങൾ സി.പി.ഐയുടെ സ്ഥാനാർത്ഥിയായ അരുൺകുമാറിന് എതിരായി ഭവിച്ചോയെന്നും സംശയം ഉയരുന്നു.


ഗണേഷ് കുമാറിൻെറ തട്ടകമായ പത്തനാപുരം മണ്ഡലത്തിൽ 1458 വോട്ടിൻെറ ലീഡാണ് കൊടിക്കുന്നിൽ നേടിയത്. 16450 വോട്ട് ഭൂരിപക്ഷം നൽകിയ ചങ്ങനാശ്ശേരിയാണ് യൂഡിഎഫിൻെറയും കൊടിക്കുന്നിൽ സുരേഷിൻെറയും വിജയത്തിൽ നിർണായക ഘടകമായത്. യുവ സ്ഥാനാർഥിയെ ഉയർത്തിക്കാട്ടി, മണ്ഡലത്തിൽ മാറ്റം വേണമെന്ന ഇടത് മുന്നണിയുടെ പ്രചരണം അക്ഷരാർത്ഥത്തിൽ ഗുണം ചെയ്തുവെന്ന് പറയാം. വോട്ട് എണ്ണലിന്റെ തുടക്കം മുതൽ മാറി മറിയുന്ന ലീഡ് നില ആയിരുന്നു മാവേലിക്കരയിലെ വോട്ടെണ്ണലിൻെറ പ്രത്യേകത. പോസ്റ്റൽ വോട്ടുകളുടെ അടക്കം ആദ്യ റൗണ്ടുകളിൽ സി.എ അരുൺകുമാർ ലീഡ് ചെയ്തപ്പോൾ നാലാം റൗണ്ട് എണ്ണികഴിഞ്ഞപ്പോഴാണ് കൊടിക്കുന്നിൽ സുരേഷ്  ലീഡ് തിരികെ പിടിച്ചത്.  

ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും  മിന്നും വിജയം എന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ വിലയിരുത്തൽ.എൻ.ഡി.എ ക്യാമ്പിനെ പോലും അത്ഭുതപ്പെടുത്തുന്ന പ്രകടനം ആണ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ബൈജു കലാശാല കാഴ്ചവച്ചത്.142984 വോട്ടുകളാണ് ബൈജു കലാശാല നേടിയത്. 2019ൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തഴവ സഹദേവൻ 133546 വോട്ടാണ് നേടിയത്. പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞിട്ടും കഴിഞ്ഞതവണത്തെക്കാൾഏതാണ്ട് 10000ഓളം വോട്ടിൻെറ വർദ്ധനവാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.  7000 ത്തോളം വോട്ടുകളുടെ വർദ്ധനയാണ് എൻഡിഎക്ക് ലഭിച്ചത്.ബി.ഡി.ജെ.എസ്  സ്ഥാനാർത്ഥി വോട്ട് വിഹിതം ഉയർത്തിയപ്പോൾ,  എൽഡിഎഫിന് യുഡിഎഫിനും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞു.

പൊതുതരംഗത്തിൽ വീണപോയെങ്കിലും സി.പി.ഐ സ്ഥാനാർത്ഥി സി.എ.അരൂൺകുമാർ കൊടിക്കുന്നിലിന് നല്ല വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ മറ്റ് ചില ഘടകങ്ങളും അരുണിൻെറ വിജയത്തെ തടഞ്ഞു. സംവരണ മണ്ഡലമായ മാവേലിക്കരയിൽ മത്സരിച്ച അരുൺകുമാർ തണ്ടാൻ സമുദായമാണ്. സാധാരണ കെ.പി.എം.എസ് വിഭാഗത്തിൽ നിന്നോ സിദ്ധനർ വിഭാഗത്തിൽ നിന്നോ ഉളള പ്രതിനിധികളണ് മാവേലിക്കരയിൽ മത്സരിക്കാറുളളത്. അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ  ഈ സമുദായങ്ങളെ തഴഞ്ഞുവെന്ന വികാരമാണ് ശക്തിപ്പെട്ടത്. അതോടെ മേൽപ്പറഞ്ഞ സമുദായ സംഘടനകൾ എല്ലാം തന്നെ അരുണിന് എതിരായി പ്രവർത്തിച്ചു.ഇതും തോൽവിക്ക് കാരണമായി.                                     

Advertisment