Advertisment

ക്രൗഡ് പുള്ളറായ നേതാവ് കെ. സുധാകരൻ അങ്കത്തിനിറങ്ങിയതോടെ കണ്ണൂരിലെ അങ്കം ടോപ്പ് ഗിയറിൽ; അട്ടിമറി ലക്ഷ്യമിട്ട് എം.വി ജയരാജൻ; പരമാവധി വോട്ട് സമാഹരിച്ച് കോൺഗ്രസിനെ തറപറ്റിക്കാൻ സുധാകരന്റെ വലംകൈയായിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ്; നിർണായകമാവുക 3ലക്ഷം മുസ്ലീംവോട്ടുകൾ ! അങ്കം കടുത്തതെങ്കിലും സുധാകരൻ ജയിച്ചു കയറുമെന്ന് സർവേകൾ; കണ്ണൂരിൽ പോരാട്ടത്തിന്റെ ചൂട് ഉയരുന്നു

കൊണ്ടും കൊടുത്തും മുന്നണികൾ മുന്നേറുമ്പോൾ കണ്ണൂരിൽ പോരാട്ടത്തിന്റെ ചൂട് ഉയരുകയാണ്. നിലനിറുത്താനും പിടിച്ചെടുക്കാനും ഇരുമുന്നണികളും കച്ചകെട്ടിയിറങ്ങിയ ഇത്തവണ പ്രവചനങ്ങൾക്ക് അതീതമായ മത്സരത്തിനാണ് മണ്ഡലം വേദിയാകുന്നത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
k sudhakaran mv jayarajan c raghunath

കണ്ണൂർ: കരുത്തന്മാരുടെ പോരാട്ടത്തിനാണ് കണ്ണൂർ വേദിയാവുന്നത്. രാഷ്ട്രീയം തിളച്ചുമറിയുന്ന മണ്ണിൽ വിജയം അഭിമാന പ്രശ്നമാണ് ഇടത്, വലത് മുന്നണികൾക്ക്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടമുള്ള കണ്ണൂരിൽ പാർട്ടി ഗ്രാമങ്ങളേറെയുള്ള മണ്ണാണെങ്കിലും ലോക്‌സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാൽ ഒരു ചുവട് മുന്നിൽ യു.ഡി.എഫാണ്.  കണ്ണൂർ രാഷ്ട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രണ്ട് നേതാക്കൾ തമ്മിലുള്ള നേരിട്ടുള്ള മത്സരം എന്നത് പോരിന് വീര്യം കൂട്ടുന്നു.

Advertisment

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ യു.ഡി.എഫിനായും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എൽ.ഡി.എഫിനായും ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ് എൻ.ഡി.എയ്ക്കായും കളത്തിലുണ്ട്. കണ്ണൂരിൽ ഏറ്റവും ക്രൗഡ് പുള്ളറായ നേതാവ് കെ. സുധാകരൻ അങ്കത്തിനിറങ്ങിയതോടെ കോൺഗ്രസ് പ്രവർത്തകർ വർദ്ധിതവീര്യത്തോടെ പ്രചാരണത്തിലാണ്.

2019ൽ 50.3 ശതമാനം വോട്ട് നേടിയാണ് പി.കെ. ശ്രീമതിയെ തോൽപ്പിച്ച് സുധാകരൻ ലോകസഭയിലെത്തിയത്. 5.29 ലക്ഷം വോട്ടായിരുന്നു അന്ന് സുധാകരൻ നേടിയത്. അന്നത്തേക്കാൾ വിജയപ്രതീക്ഷയിലാണ് സുധാകരൻ ഇപ്പോൾ. സി.പി.എമ്മിന്റെ വമ്പൻ പ്രചാരണത്തെ കെ. സുധാകരൻ എന്ന നേതാവിന്റെ വലുപ്പം കൊണ്ട് പ്രതിരോധിക്കാൻ പരിശ്രമിക്കുകയാണ് യു.ഡി.എഫ്.


 പാനൂരിലെ ബോംബ് സ്ഫോടനം മണ്ഡലത്തിൽ മാത്രമല്ല കേരളത്തിലാകെ ചർച്ചാ വിഷയമാണ്. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുണ്ടാവണമെന്നാണ് യു.ഡി.എഫ് പ്രചാരണം.


നിലനിറുത്താനും പിടിച്ചെടുക്കാനും ഇരുമുന്നണികളും കച്ചകെട്ടിയിറങ്ങിയ ഇത്തവണ പ്രവചനങ്ങൾക്ക് അതീതമായ മത്സരത്തിനാണ് മണ്ഡലം വേദിയാകുന്നത്. ഇഞ്ചോടിഞ്ചാണെങ്കിലും മുൻതൂക്കം യു.ഡി.എഫിനാണെന്ന് സർവേകൾ വിധിയെഴുതുന്നു.

തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, മട്ടന്നൂർ, ധർമ്മടം, പേരാവൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ കൂടിച്ചേരുന്നതാണ് കണ്ണൂർ മണ്ഡലം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ ഇരിക്കൂർ, പേരാവൂർ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫിന്റേതാണ്. ഈ മേധാവിത്തം എൽ .ഡി.എഫിന് ആത്മവിശ്വാസം പകരുന്നു.

ജയിച്ചാൽ താൻ ബി.ജെ.പിയിലേക്ക് പോവില്ലെന്ന ഉറപ്പാണ് ജനങ്ങൾക്കു നൽകുന്നതെന്നു പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ എം.വി. ജയരാജൻ പറഞ്ഞുകൊണ്ടിരിക്കുന്നു. അതുവഴി മണ്ഡലത്തിൽ കാലാകാലങ്ങളായി കോൺഗ്രസിന് കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷ വോട്ട് ലക്ഷ്യം വച്ചുള്ള പ്രവർത്തന പദ്ധതിയാണ് എൽ.ഡി.എഫ്. ആസൂതണം ചെയ്തിരിക്കുന്നത്. ഇത്തവണ മത്സരിക്കാതെ മാറി നിൽക്കുമെന്നായിരുന്നു സുധാകരൻ പറഞ്ഞതെങ്കിലും വേറെയാര് എന്ന ചോദ്യത്തിന് കോൺഗ്രസിന് ഉത്തരമുണ്ടായിരുന്നില്ല. 50 വർഷത്തെ കോൺഗ്രസ് പ്രവർത്തനത്തിന് ശേഷം പാർട്ടി വിട്ട സി. രഘുനാഥ് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് പ്രതീക്ഷയോടെയാണ് സി.പി.എമ്മും വീക്ഷിക്കുന്നത്.

ഭരണവിരുദ്ധ വികാരം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് പ്രചാരണം. വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ജനവികാരമുണർത്തുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. സുധാകരന്റെ വിവാദ പ്രസംഗങ്ങളെ എടുത്തുകാട്ടിയും ബി.ജെ.പിയിലേക്ക് പോകേണ്ടി വന്നാൽ പോകുമെന്ന കെ. സുധാകരന്റെ പ്രസ്താവനയുമാണ് എൽ.ഡി.എഫ്. പ്രചാരണത്തിൽ ഉപയോഗിക്കുന്നത്. ഒരുകാലത്ത് വിശ്വസ്തനായിരുന്ന എൻ.ഡി.എ. സ്ഥാനാർത്ഥി സി. രഘുനാഥിനെപ്പോലെ സുധാകരനും തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ബി.ജെ.പിയിലേക്ക് ചേരുമെന്ന പ്രചാരണത്തിനാണ് ഊന്നൽ. മോദി ഇഫക്ട് വോട്ടാക്കി മാറ്റാനും യു.ഡി.എഫിലെ അസംതൃപ്ത വോട്ടുകൾ ലക്ഷ്യമിട്ടുമാണ് മുൻ കോൺഗ്രസ് നേതാവായ എൻ.ഡി.എ. സ്ഥാനാർത്ഥി സി. രഘുനാഥിന്റെ നീക്കങ്ങൾ.

 

2019ൽ കണ്ണൂർ ലോക്‌സഭ മണ്ഡലത്തിൽ എൻ.ഡി.എയ്ക്ക് ലഭിച്ചത്‌ 6.5 ശതമാനം വോട്ടാണ്. വി. മുരളീധരൻ, പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ തുടങ്ങി ഉന്നതരായ നേതാക്കൾ കണ്ണൂർ ജില്ലയിൽ പാർട്ടിക്കുണ്ടെങ്കിലും മറ്റ് മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കണ്ണൂരിൽ ബി.ജെ.പി. ദുർബലമാണെന്നാണ് തിരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നത്.  വോട്ട് ചോർച്ച തടയാനുള്ള ശ്രമങ്ങൾക്ക് സ്ഥാനാർത്ഥി സി. രഘുനാഥ് തന്നെയാണ് നേതൃത്വം നൽകുന്നത്.


 കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കെ. സുധാകരന്റെ വലംകൈയായി പ്രവർത്തിച്ച ആളാണ് സി. രഘുനാഥ്. ഇത് യു.ഡി.എഫിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.


ഘടക കക്ഷിയായ മുസ്ലീം ലീഗിന് പുറമേ പരസ്യ പിന്തുണയുമായി എസ്.ഡി.പി.ഐ കൂടി എത്തിയതോടെ മുസ്ലീം ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാകുമെന്ന പ്രതീക്ഷ യു.ഡി.എഫ്. ക്യാമ്പിനുണ്ട്. മൂന്ന് ലക്ഷത്തോളം വരുന്ന മുസ്‌ലിം വോട്ടുകൾ ഇത്തവണ ആർക്കൊപ്പം നിൽക്കും എന്നതും ശ്രദ്ധേയമാണ്. മുസ്‌ലിം വോട്ടർമാർ- 26.4 ശതമാനം, ക്രിസ്ത്യൻ വോട്ടർമാർ-12ശതമാനം, ഹിന്ദു വോട്ടർമാർ -61.6ശതമാനം എന്നാണ് വോട്ട് കണക്ക്.  

ജില്ലാ സെക്രട്ടറി തന്നെ മത്സരത്തിനിറങ്ങിയ സാഹചര്യത്തിൽ സി.പി.എം. പാർട്ടി സംവിധാനം ഏറ്റവും ശക്തമായി വിനിയോഗിച്ചാണ് പ്രചാരണ രംഗത്ത് നിലകൊള്ളുന്നത്. ഇത്തരം ഘടകങ്ങൾ മറികടന്നു വേണം കെ.സുധാകരൻ എം.പി സ്ഥാനം നിലനിർത്താൻ. കൊണ്ടും കൊടുത്തും മുന്നണികൾ മുന്നേറുമ്പോൾ കണ്ണൂരിൽ പോരാട്ടത്തിന്റെ ചൂട് ഉയരുകയാണ്.

Advertisment