കോട്ടയം: കേരളത്തില്‍ ചുരുക്കം നാളുകളായി കേള്‍ക്കുന്ന ഒരു പേരാണ് ഹൈബ്രഡ് കഞ്ചാവ്.. പലര്‍ക്കും ഇത് എന്താണെന്ന് അറിയില്ലെങ്കിലും ലഹരി ഉപയോഗിക്കുന്ന യുവാക്കള്‍ക്കിടയില്‍ ഇതിനോടകം വന്‍ സ്വീകര്യത ഈ ഹൈബ്രിഡ് കഞ്ചാവിന് ഉള്ളത്.
"തായ് ഗോള്‍ഡ്" എന്നാണ് ഇടപാടുകാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഇവ അറിയപ്പെടുന്നത്. മറ്റു ലഹരിയേക്കാള്‍ വീര്യം കൂടിയതാണ് ഇത്തരം ഹൈബ്രിഡ് കഞ്ചാവണ്.
മാരക രാസവസ്തുക്കളില്‍ നാലോ ആറോ മാസം കഞ്ചാവ് ഇട്ടുവച്ചാണ് ഹൈഡ്രോ കഞ്ചാവ് എന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് നിര്‍മിക്കുന്നത്. തുടര്‍ന്ന് ഇത് ഉണക്കിയെടുക്കും. ശേഷം ഒരുഗ്രാം വീതമുള്ള ഉരുളകളാക്കിയാണ് വില്‍പ്പന. കിലോയ്ക്ക് ഒരുകോടിയോളമാണ് മാര്‍ക്കറ്റ് വില.
കേരളത്തിലേക്ക് ഒഴുകുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉറവിടം മലേഷ്യയും തായ്ലന്‍ഡും പോലുള്ള രാജ്യങ്ങളാണ്. മാരക രാസവസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഭൂരിഭാഗവും കേരളത്തിലേക്ക് എത്തുന്നത് അന്താരാഷ്ട്ര പോസ്റ്റ് ഓഫീസ് വഴിയാണ്. വിമാനമാര്‍ഗവും ഇവ എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ എഴുകോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ ഹൈബ്രിഡ് കഞ്ചാവുമായി എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ഥി അറസ്റ്റിലായിരുന്നു. ഇരുനൂറു ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍നിന്ന് അറസ്റ്റ് ചെയ്തത്.
അടുത്തിടെ എക്സൈസ് നടത്തിയ പരിശോധനയില്‍ അന്താരാഷ്ട്ര പോസ്റ്റ് ഓഫീസില്‍ വന്ന പാഴ്സലില്‍നിന്ന് 90 ഗ്രാം ഹൈഡ്രോ കഞ്ചാവ് പിടികൂടിയിരുന്നു. എന്നാല്‍, ഇത് വാങ്ങാന്‍ എത്തേണ്ടയാളുടെ വിലാസം വ്യാജമായിരുന്നു.
വ്യാജവിലാസം നല്‍കി അതേപേരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയാണ് മയക്കുമരുന്നുസംഘങ്ങളുടെ പ്രവര്‍ത്തനം. മറ്റ് സ്ഥാപനങ്ങളുടെ വിലാസം നല്‍കിയും ഹൈഡ്രോ കഞ്ചാവ് പാഴ്സലില്‍ വാങ്ങാറുണ്ട്. സ്വന്തമായി ഇവിടെ വിലാസം ഇല്ലാത്തതിനാലാണ് സ്ഥാപനത്തിന്റെ പേര് നല്‍കുന്നതെന്നും ഇവര്‍ പറയും. തുടര്‍ന്ന് സ്ഥാപനത്തിന്റെ ആളാണെന്ന് പറഞ്ഞാണ് പാഴ്‌സല്‍ കൈപ്പറ്റാന്‍ എത്തുക.
മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര കഞ്ചാവുകടത്തുസംഘം അടുത്തിടെ കുടകില്‍ പിടിയിലായിരുന്നു. ഇവരില്‍നിന്ന് മൂന്നരക്കോടിയോളം രൂപ വിലമതിക്കുന്ന 3.31 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. മുഖ്യപ്രതി മെഹറൂഫ് തായ്ലന്‍ഡിലേക്ക് പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ വെച്ചാണു പിടിയിലായത്.