കടുത്തുരുത്തി: ആപ്പുഴ തീരദേശ റോഡിലെ ദുരിത യാത്രയ്ക്ക് അന്ത്യമില്ല. പ്രളയ ദുരിതാശ്വാസ പദ്ധതിയില്‍പെടുത്തി റോഡ് വികസനത്തലിന് അനുവദിച്ച തുക നഷ്ടമായി. തീരദേശ റോഡിന്റെ വികസനത്തിനായി അനുവദിച്ച 1.35 കോടി രൂപ നഷ്ടമായി.
നിലവില്‍ റോഡ് തകര്‍ന്നു സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇപ്പോള്‍ റോഡിനു മുകളിലൂടെ കടന്നു പോകുന്ന റെയില്‍വേ മേല്‍പാലങ്ങളുടെ അടിയില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വലിയ പാലത്തിനു സമീപവും റോഡ് തകര്‍ന്നു തരിപ്പണമായി.
പലഭാഗത്തും തകര്‍ന്നു കിടക്കുന്ന റോഡില്‍ നിന്നും വാഹനങ്ങള്‍ തോട്ടില്‍ പതിക്കുന്നത് പതിവാണ്. അപകടങ്ങളില്‍ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. പൂര്‍ണമായും മൂന്നു കിലോമീറ്റര്‍ വലിയ തോടിന് സമീപത്തു കൂടി കടന്നു പോകുന്ന തീരദേശ റോഡ് മൂന്ന് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതാണ്.
വര്‍ഷകാലത്ത് റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലാകുന്ന സ്ഥിതിയുണ്ട്. ' ഏറെ കാലത്തെ ആവശ്യമായിരുന്ന റോഡ് വികസനം സാധ്യമാകില്ലെന്ന് ഉറപ്പായതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
റോഡ് വികസനത്തിനായി വസ്തു ഉടമകള്‍ സ്വമേധയാ സ്ഥലം വിട്ടു നല്‍കുകയും അനുമതി പത്രം പഞ്ചായത്തിന് കൈമാറുകയും ചെയ്തിരുന്നു. വിട്ടു നല്‍കിയ സ്ഥലം റവന്യു വകുപ്പിന്റെ നടപടി പ്രകാരം പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററില്‍ ഉള്‍പ്പെടുത്തി വസ്തു ഉടമകളില്‍ നിന്ന് കുറവ് ചെയ്ത് കൈമാറേണ്ടിയിരുന്നു. എന്നാല്‍ ഇതിന് കാല താമസം നേരിട്ടു. പിന്നീട് സര്‍ക്കാരിന്റെ നയം മാറി.
റോഡ് വികസനത്തിനായി ഓരോ സ്ഥലമുടമയും സ്ഥലം പഞ്ചായത്തിന് രജിസ്റ്റര്‍ ചെയ്ത് നല്‍കണം എന്നായി നിര്‍ദേശം. ചില വസ്തു ഉടമകള്‍ സ്ഥലത്ത് ഇല്ല. ചിലരുടെ എതിര്‍പ്പു മൂലം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. വസ്തുവില്‍ ബാധ്യതകളുണ്ടെങ്കില്‍ ഇത് തീര്‍ത്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍.
ഇതെല്ലാം തടസ്സങ്ങളായി. റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ ചിലര്‍ കേസിനു പോയി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി. സുനിലും ജനപ്രതിനിധികളായ സി.ബി. പ്രമോദുമടക്കം പലരും കേസില്‍ പ്രതികളായി. ഇതോടെ സ്ഥലം ഏറ്റെടുപ്പ് വൈകി. പിന്നാലെ പദ്ധതിയുടെ ഭരണാനുമതിയും നഷ്ടപ്പെട്ടു.