കോട്ടയം: ശബിമല ദര്‍ശനം നടന്ന ആദ്യ ദിവസം ഒരു മിനിറ്റില്‍ പതിനെട്ടാംപടി കയറിയതു ശരാശരി 80 ഭക്തര്‍. കഴിഞ്ഞ വര്‍ഷം പോലീസ് വാശിപിടിച്ചത് 60 പേര്‍ മാത്രമേ പറ്റുള്ളൂ എന്നായിരുന്നു. ഈ വാദം ഉയര്‍ത്തിയതാകട്ടേ വിവാദങ്ങളില്‍പ്പെട്ട എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറായിരുന്നു.
ഇപ്പോള്‍ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റില്‍ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായെന്നു ദേവസ്വം മന്ത്രി ആവേശത്തോടെയാണു പറഞ്ഞത്. ഇതോടെ കഴിഞ്ഞ തണവ എം.ആര്‍. അജിത്കുമാര്‍ വാശിപിടിച്ചത് എന്തിനായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.
കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഒരു മിനിറ്റില്‍ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാന്‍ പറ്റുകയുള്ളൂവെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. എന്നാല്‍, 75 നു മുകളില്‍ കയറ്റിയിട്ടുണ്ടെന്നു ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് നിലപാടെടുത്തതോടെ കാര്യങ്ങള്‍ രൂക്ഷമായി.
തീര്‍ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിലായിരുന്നു വാക്‌പോര്. തീര്‍ഥാടരുടെ എണ്ണത്തില്‍ ദേവസ്വം ബോര്‍ഡ് കള്ളക്കണക്കു പറയുകയാണെന്ന് എം.ആര്‍ അജിത്കുമാര്‍ കുറ്റപ്പെടുത്തി. ഒരു മിനിറ്റില്‍ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാന്‍ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
75 നു മുകളില്‍ കയറ്റിയിട്ടുണ്ടെന്നു ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് തിരിച്ചടിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അജിത്കുമാര്‍ നടത്തിയ പ്രസ്താവന തിരുത്തണമെന്നു പ്രസിഡന്റ് ആവശ്യപ്പെട്ടു. തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെയാണു പ്രശ്‌ന പരിഹാരം ഉണ്ടായത്.
കഴിഞ്ഞ സീസണില്‍ 16 മണിക്കൂര്‍ വരെ കാത്തു നിന്നാണ് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തിയത്. കുട്ടികള്‍ ഉള്‍പ്പടെ നിരവധിപേര്‍ കുഴഞ്ഞു വീഴുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ ബി.ജെ.പിയും അയ്യപ്പ സംഘനടകളും ശബരിമലയില്‍ എത്തിയ ഭക്തരും പ്രതിഷേധിച്ചു.
പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കുറയുന്നതാണു തിരക്കു നിയന്ത്രണം പാളുന്നതിനു കാരണമായി പൊതുവേ ഉയരുന്ന ആരോപണം. മിനിറ്റില്‍ പരമാവധി 70 പേരെ പടി കയറണമെന്നാണു നിര്‍ദേശം. എന്നാല്‍, മിക്കപ്പോഴും 60ല്‍ താഴെയായിരുന്നു.
ഇതോടെ തിരക്ക് ഇരട്ടിയായി വര്‍ധിച്ചു. പ്രശ്‌നങ്ങള്‍ക്കു കാരണം പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള പ്രശ്‌നങ്ങളായിരുന്നു എന്ന് ആരോപണം ശക്തമായിരുന്നു.
ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എം.ആര്‍ അജിത് കുമാറിനെ ഒക്‌ടോബറില്‍ നീക്കിയിരുന്നു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചുമതലകളുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്തിനാണു പകരം ചുമതല.
ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ തുടങ്ങി ഗുരുതര ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയര്‍ന്നത്. പി.വി അന്‍വര്‍ എം.എല്‍.എയാണ് അജിത് കുമാറിനെതിരെ ആദ്യം രംഗത്തെത്തുന്നത്. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ളവരും ആരോപണവുമായി രംഗത്തെത്തി.
സി.പി.ഐയും അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ചതോടെയാണ് ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ നീക്കിയത്. പിന്നാലെയാണ് ശബരിമല ചുമതലകളില്‍ നിന്നും നീക്കിയത്.
ശബരിമലയിലേയും പരിസരപ്രദേശങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണു ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍മാര്‍ക്ക്. എസ്. ശ്രീജിത്ത് മുന്‍പും ഈ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനു വീണ്ടും ചുമതല നല്‍കിയത്.
ഇക്കുറി ശബരിമല തുറന്ന ആദ്യ ദിവസം വി.ഐ.പികള്‍ ഉള്‍പ്പെടെ ആകെ 30,687 ഭക്തരാണു ദര്‍ശനത്തിനെത്തിയത്. പോലീസിന്റെ ഇടപെടലിലൂടെ ഒരു മിനിറ്റില്‍ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറി. ഇതു വലിയ നടപ്പന്തലില്‍ ഭക്തര്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം കുറക്കുകയും ചെയ്തു.